സ്കൂള്‍ സമയമാറ്റം: സര്‍ക്കാരിനെതിരേ ലീഗും കാന്തപുരവും
Saturday, July 12, 2025 2:45 AM IST
കോഴിക്കോട്: സ്കൂള്‍ പഠന സമയത്തില്‍ മാറ്റം വരുത്തിയ നടപടിക്കെതിരേ ഇ.കെ. വിഭാഗം സമസ്ത പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതിനു പിന്നാലെ സര്‍ക്കാരിനു മുന്നറിയിപ്പുമായി മുസ്ലിം ലീഗും കാന്തപുരം വിഭാഗവും. കൂടുതല്‍ മതസംഘടനകള്‍ സമയമാറ്റത്തിനെതിരേ കൊമ്പുകോര്‍ക്കുന്നത് സര്‍ക്കാരിനു തലവേദനയാകും.
കളക്ടറേറ്റ് മുതല്‍ സെക്രട്ടേറിയറ്റു വരെ നീളുന്ന സമരപരിപാടികള്‍ സമസ്ത പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരും ലീഗും വിമര്‍ശനവുമായി രംഗത്തുവന്നത്. വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങള്‍ ആലോചനയോടെ വേണമെന്നാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ പ്രതികരണം.
മാറ്റങ്ങള്‍ കൃത്യമായ പഠനത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാകണം. മാറ്റങ്ങളില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്നും കാന്തപുരം പറഞ്ഞു. ചര്‍ച്ച നടത്താതെ ഏകപക്ഷീയമായി സര്‍ക്കാര്‍ കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
സമസ്തയുടെ മദ്രസപഠനം നിയന്ത്രിക്കുന്ന മദ്രസ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കോഴിക്കോട്ട് ചേര്‍ന്ന കണ്വന്ഷനിലാണു സര്‍ക്കാരിനെതിരേ സമരം പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് അഞ്ചിന് എല്ലാ ജില്ലകളിലെയും കളക്ടറേറ്റുകള്‍ക്കു മുമ്പിലും സെപ്റ്റംബര്‍ 30ന് സെക്രട്ടേറിയറ്റിനു മുന്നിലും ധര്‍ണ നടത്താനാണ് സമസ്തയുടെ തീരുമാനം. അതിനിടെ സ്കൂള്‍സമയ മാറ്റത്തില്‍ പിണറായി സര്‍ക്കാരിന്റേത് ഫാസിസ്റ്റ് നയമാണെന്ന രൂക്ഷ വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയും രംഗത്തെത്തി.
“സ്കൂള്‍ സമയമാറ്റത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നല്കിയ പരാതികള്‍ പരിഗണിക്കുക പോലും ചെയ്തില്ല. പരമാവധി ക്ഷമിച്ചു. ഇടപെടാവുന്ന എല്ലാ വഴികളും അവസാനിച്ചപ്പോഴാണു സമസ്ത സമരം പ്രഖ്യാപിച്ചതെന്നും നാസര്‍ ഫൈസി പറഞ്ഞു.
മതസംഘടനകള്‍ ഇടപെടേണ്ട എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ധാര്‍ഷ്ട്യവും ജനാധിപത്യവിരുദ്ധവുമാണ്. സമസ്ത നടത്തുന്ന സമരത്തെ വിദ്യാഭ്യാസ മന്ത്രി പരിഹസിച്ചു. സമരത്തിലൂടെ മാത്രമേ കാര്യങ്ങള്‍ നേടാനാവൂ എന്നതാണ് നിലവിലെ സാഹചര്യം. മദ്രസകള്‍ നടത്തുന്ന മറ്റു മുസ്ലിം സംഘടനകള്‍ക്കും ഇതേ പ്രശ്നങ്ങള്‍ ഉണ്ട്.
അവരെക്കൂടി സഹകരിപ്പിക്കുന്ന കാര്യം സമസ്ത നേതൃത്വം തീരുമാനിക്കും. മുസ്ലിം ലീഗിന്റെ പിന്തുണയും സമസ്തയുടെ സമരത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സമര നേതൃത്വത്തിന് ജിഫ്രി തങ്ങളും ഉണ്ടാകും”- നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
സ്കൂള്‍ സമയമാറ്റത്തില്‍ തീരുമാനം മാറ്റില്ലെന്നും എതിര്‍പ്പുള്ളവര്‍ വേണമെങ്കില്‍ കോടതിയെ സമീപിക്കട്ടേയെന്നുമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് മുസ്ലിം സംഘടനകളെ ചൊടിപ്പിച്ചിട്ടുണ്ട്.