ടാപ്പിംഗ് തൊഴിലാളിക്കുനേരേ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം
Saturday, July 12, 2025 1:46 AM IST
കോതമംഗലം: കാട്ടാനക്കൂട്ടം റബർ ടാപ്പിംഗ് തൊഴിലാളിക്കുനേരേ അക്രമാസക്തരായി പാഞ്ഞടുത്തു. ഇന്നലെ രാവിലെ കോട്ടപ്പടി ചീനിക്കുഴിയിൽ റബർ ടാപ്പിംഗിനെത്തിയ തൊഴിലാളി പവ്വത്തിൽ ജോയിക്കുനേരേയാണു കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്.
വ്യാഴാഴ്ച രാത്രി രണ്ടു ബൈക്ക് യാത്രികർക്കുനേരേ ആനകൾ തിരിഞ്ഞതിന്റെ ഞെട്ടൽ വിട്ടുമാറും മുന്‍പാണു മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു ആക്രമണ ശ്രമം. രാവിലെ ഏഴോടെ റബർ ടാപ്പിംഗിനെത്തിയതായിരുന്നു ജോയി. സമീപത്തെ വീട്ടിൽ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
വ്യാഴാഴ്ച രാത്രി കോലേക്കാട്ട് അനിൽ, മാന്പിള്ളി ഇന്റീരിയൽ സ്ഥാപനം നടത്തുന്ന നിതീഷ് എന്നിവരാണ് ആനയുടെ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. അനിലിന്റെ ബൈക്ക് ചവിട്ടിമറിച്ചാണ് ആന കടന്നുപോയത്. കുട്ടിയാനയടക്കം ആറ് ആനകളാണു പ്ലാമുടി ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്.