ബ്രൂവറിയിലെ സിപിഐ എതിർപ്പ് ; സിപിഐയുടേത് വികസനവിരുദ്ധ നിലപാടെന്നു സിപിഎം
Wednesday, January 29, 2025 3:40 AM IST
എം.പ്രേംകുമാർ
തിരുവനന്തപുരം : വികസനവും വികസനവിരുദ്ധതയും വീണ്ടും ഇടതുമുന്നണിക്കുള്ളിൽ ചർച്ചയാകുന്നു. പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ ബ്രൂവറി അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരേ സിപിഐ എതിർപ്പു പ്രകടിപ്പിച്ചതാണ് ഇടതുമുന്നണിക്ക് ഇപ്പോൾ തലവേദനയായിരിക്കുന്നത്.
പദ്ധതിയെ തുടക്കത്തിൽ തള്ളാത്ത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പാർട്ടി പാലക്കാട് ജില്ലാ കൗണ്സിലിന്റെ എതിർപ്പിനെത്തുടർന്നു നിലപാടു മാറ്റിയതാണു സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. ബ്രൂവറി വിഷയം സർക്കാരിനെതിരേ പ്രതിപക്ഷം ആയുധമാക്കുന്പോൾ മുന്നണിയിലെ രണ്ടാമത്തെ പാർട്ടിയായ സിപിഐയുടെ നിലപാടു പ്രതിപക്ഷത്തിനു കൈയടി കൂട്ടാനേ ഉപകരിക്കൂവെന്ന ആക്ഷേപവും സിപിഎമ്മിനുണ്ട്.
ഭൂഗർഭജലം ചൂഷണം ചെയ്തുകൊണ്ടുള്ള ബ്രൂവറിയുടെ പ്രവർത്തനം അനുവദിക്കില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്.
എന്നാൽ, സിപിഐ പാലക്കാട് ജില്ലാ നേതൃത്വം ബ്രൂവറി ഒരു കാരണവശാലും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടു സ്വീകരിച്ചതാണു ബിനോയ് വിശ്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. പൊതുവെ പാരിസ്ഥിതിക വിഷയങ്ങളും മറ്റും ചൂണ്ടിക്കാട്ടി വികസന പദ്ധതികളെ തള്ളിപ്പറയുന്ന പാർട്ടിയാണു സിപിഐ എന്ന പേരുദോഷമുണ്ട്. ഇതു മാറ്റിയെടുക്കാനുള്ള ശ്രമം കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായിരിക്കുന്പോഴേ സിപിഐ ആരംഭിച്ചിരുന്നു.
കാനത്തിന്റെ ഈ നിലപാടിൽ മാറ്റം വരുത്താൻ ബിനോയ് വിശ്വവും തയാറായില്ല. ഇതുകൊണ്ടാണു ബ്രൂവറി വിഷയത്തിൽ ജലചൂഷണം നടത്താൻ അനുവദിക്കില്ലെന്നു മാത്രം പറഞ്ഞു സർക്കാരിനൊപ്പമാണു സിപിഐയെന്നു ബിനോയ് ആദ്യം പറഞ്ഞുവച്ചത്.
സിപിഐയുടെ ആശങ്ക പരിഹരിക്കാനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിർദേശപ്രകാരം മന്ത്രി എം.ബി.രാജേഷ് ബിനോയ് വിശ്വത്തെ നേരിട്ടുകണ്ടു കാര്യങ്ങൾ ബോധിപ്പിച്ചതാണ്. ബ്രൂവറിക്കായി കന്പനി ഭൂഗർഭ ജലം ഉപയോഗിക്കില്ലെന്നും പകരം അഞ്ചേക്കറിലേറെ സ്ഥലത്തു മഴവെള്ള സംഭരണി കെട്ടിയാണു പ്രവർത്തനം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇങ്ങനെയൊരു സാഹചര്യത്തിൽ എതിർപ്പു പ്രകടിപ്പിച്ചു പദ്ധതിയെ മുളയിലേ നുള്ളേണ്ടതില്ലെന്ന സമീപനമാണു ബിനോയ് വിശ്വം സ്വീകരിച്ചത്. എന്നാൽ, ബ്രൂവറിക്കെതിരേ പാർട്ടി പാലക്കാട് ജില്ലാ നേതൃത്വം സ്വീകരിച്ച നിലപാടു തള്ളാൻ കഴിഞ്ഞ ദിവസം ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവു തയാറായില്ല. ഇടതുമുന്നണിയിൽ ചർച്ച ചെയ്ത ശേഷം പദ്ധതിയെ സംബന്ധിച്ചു കൂടുതൽ വ്യക്തതവരുത്താമെന്നു ജില്ലാ എക്സിക്യൂട്ടീവിൽ പങ്കെടുത്തുകൊണ്ടു ബിനോയ് വിശ്വം പറഞ്ഞു. ഇടതുമുന്നണി യോഗം ചേരുന്നതിനെ സംബന്ധിച്ചു തീരുമാനമൊന്നും ഇതുവരെയും കൈക്കൊണ്ടിട്ടില്ല.
പാലക്കാട് ബ്രൂവറി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുവാദമുണ്ടായിരുന്നു. സിപിഐ നേതൃത്വവുമായി സിപിഎം നേതൃത്വവും ഇക്കാര്യത്തിൽ കൂടിയാലോചന നടത്തിയതാണ്.
ബ്രൂവറിക്കെതിരേ സിപിഐ ജില്ലാ നേതൃത്വം സ്വകരിക്കുന്ന നിലപാടിൽ അവിടുത്തെ സിപിഎം നേതൃത്വത്തിനു പ്രതിഷേധമുണ്ട്. ഇടതുമുന്നണിയിലെ മറ്റു പാർട്ടികളൊന്നും ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. സർക്കാരിന്റെ നിലപാടിനൊപ്പം നിൽക്കാനാണ് അവർക്കും താത്പര്യം.
സർക്കാരുമായി ബന്ധപ്പെട്ടുള്ള സിപിഎം-സിപിഐ തർക്കങ്ങളിൽ സാധാരണയായി മുന്നണിയിലെ മറ്റു പാർട്ടികൾ അഭിപ്രായം പറയാറില്ല. ഈ നിലപാടുതന്നെയാണു ബ്രൂവറി വിഷയത്തിലും അവർ സ്വീകരിച്ചുവരുന്നത്. ബ്രൂവറി അനുവദിച്ച മന്ത്രിസഭാ യോഗത്തിലും സിപിഎമ്മിനും മുഖ്യമന്ത്രിക്കൊപ്പവും നിൽക്കാനാണ് അവർ ശ്രമിച്ചത്. അതുകൊണ്ടുതന്നെ മുന്നണിയിൽ സിപിഐ ഒറ്റപ്പെടാനാണു സാധ്യത.
സിപിഐയുടെ എതിർപ്പു മറികടന്നു പദ്ധതിയുമായി മുന്നോട്ടു പോകാനാണു സർക്കാരിന്റെ തീരുമാനമെങ്കിൽ അതു മുന്നണി ബന്ധത്തിലും വലിയ പോറലുണ്ടാക്കും.
ഈ വർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ സിപിഐയെ അനുനയിപ്പിച്ച് ബ്രൂവറി പദ്ധതി നടപ്പിലാക്കാനുള്ള ശ്രമമായിരിക്കും സിപിഎം നടത്തുക. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടുതന്നെയാണു ബ്രൂവറിയുടെ ഭാവി നിശ്ചയിക്കുക.