ചെന്താമര അന്ധവിശ്വാസത്തിന് അടിമ
Wednesday, January 29, 2025 1:53 AM IST
നെന്മാറ: ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര അന്ധവിശ്വാസത്തിനടിമയെന്നു ബന്ധുക്കള്‍. ലഭിക്കുന്ന പണത്തില്‍ പകുതിയും ഉപയോഗിക്കുന്നതു മന്ത്രവാദത്തിനായിരുന്നു.
നീണ്ട മുടിയുള്ള സ്ത്രീയാണു കുടുംബകലഹത്തിനു കാരണമെന്നും ജ്യോത്സ്യന് അയാളോടു പറഞ്ഞിരുന്നത്രേ. കൈയില്‍ പത്തുരൂപ കിട്ടിയാല്‍ അതുമായി ചെന്താമര ജ്യോത്സരുടെ അടുത്തെത്തും. അയാൾ എന്തുപറയുന്നോ അതു വിശ്വസിക്കും.
ഇയാൾ സ്ഥിരമായി കൊടുവാൾ കൈവശം സൂക്ഷിച്ചിരുന്നതായും ചെന്താമരയുടെ ശല്യം സഹിക്കവയ്യാതെയാണു ഭാര്യ വീടുവിട്ടുപോയതെന്നും ബന്ധുക്കൾ പറയുന്നു. ഭാര്യ പിണങ്ങിപ്പോയതിനു കാരണം വീടിന് എതിർവശത്തുള്ള നീളൻമുടിയുള്ള സ്ത്രീയാണെന്നു ജോത്സ്യൻ പറഞ്ഞതുകേട്ടാണ് 2019ൽ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്തുതന്നെയുള്ള പുഷ്പ എന്ന മറ്റൊരു സ്ത്രീയായിരുന്നു ചെന്താമരയുടെ അടുത്ത ഉന്നം എന്നും നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.
പ്രതി ജാമ്യത്തിലിറങ്ങിയശേഷം പലരോടായി കയർത്തിരുന്നു. ആയുധമുണ്ടാകാൻ സാധ്യതയുള്ളതിനാൽ നാട്ടുകാരിൽ പലർക്കും ഇയാളെ പേടിയായിരുന്നു. ചെന്താമരയെ ഭയന്ന് സ്വന്തം വീട്ടില്‍ കിടക്കാന്‍പോലും പേടിയാണെന്ന് അയല്‍വാസികള്‍ പറഞ്ഞു.