"ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; കേന്ദ്രത്തിന് സർവാധികാരം നൽകാനുള്ള അജൻഡ: മുഖ്യമന്ത്രി
Thursday, September 19, 2024 2:19 AM IST
തിരുവനന്തപുരം: ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്രസർക്കാരിന് സർവാധികാരം നൽകാനുള്ള ഒളിപ്പിച്ചുവച്ച അജൻഡയാണ് "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ലോകസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബിജെപി തയാറല്ല എന്നുവേണം മനസിലാക്കാൻ. ഇന്ത്യയിലെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തെ പ്രസിഡൻഷൽ രീതിയിലേക്കു കൊണ്ടുപോകുന്നതിനുള്ള ഗൂഢശ്രമമാണ് സംഘപരിവാർ നടത്തുന്നത്. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ വൈവിധ്യ സ്വഭാവത്തെ തച്ചുതകർക്കാനായാണ് ‘ഒറ്റ തെരഞ്ഞെടുപ്പ് ’ മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും ഇന്ത്യയെന്ന ആശയത്തെതന്നെയും അട്ടിമറിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരേ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരേണ്ടതുണ്ടെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.