പൊള്ളലേറ്റ കർഷകരെ ചാന്പലാക്കരുത്
Thursday, October 31, 2024 9:58 PM IST
വേനലിൽ കരിഞ്ഞുപോയ കൃഷിക്കുള്ള ചെറിയ നഷ്ടപരിഹാരം ഇനിയും കൊടുത്തിട്ടില്ല. റിപ്പോർട്ടുണ്ട്, സപ്പോർട്ടില്ലെന്ന സ്ഥിതിയാണ് കാർഷിക മേഖലയ്ക്ക്.
കഴിഞ്ഞ വേനലിൽ കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം ഇന്നലെവരെ ലഭിച്ചിട്ടില്ലെന്നു സർക്കാരിനെ ഓർമിപ്പിക്കട്ടെ. നാട് വികസനത്തിൽ കുതിക്കുകയാണെന്ന് സർക്കാർ അവകാശപ്പെടുന്നതിനിടെ പിച്ചച്ചട്ടിയെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നത് വിശദീകരിക്കേണ്ട കാര്യമാണ്. അവർ 50,000ത്തിനു മുകളിലുണ്ട്. അത്രയും കർഷകരുടെ വിളവെടുപ്പെന്ന സ്വപ്നമാണ് കരിഞ്ഞുപോയത്.
നഷ്ടപരിഹാരമെന്നത് നശിച്ചുപോയ കൃഷിയിൽനിന്നു കിട്ടേണ്ടിയിരുന്ന ലാഭത്തിന്റെ കാര്യമല്ല. മുടക്കിയ മുതലിന്റെയും അധ്വാനിച്ച മൂല്യത്തിന്റെയും ഒരംശമെങ്കിലും കൊടുത്ത് ആശ്വസിപ്പിക്കുന്ന കാര്യമാണ്. ദയവായി അതു കൊടുക്കൂ, ഇവിടെയുമുണ്ട് ഒരു സർക്കാരെന്നു വിലപിക്കുന്നതിനു പകരം, തങ്ങൾക്കൊരു സർക്കാരുണ്ടെന്ന് ആത്മവിശ്വാസത്തോടെ കർഷകർ പറയട്ടെ.
കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വരൾച്ചയിൽ ഇടുക്കി, വയനാട് തൃശൂർ, പാലക്കാട് ജില്ലകളിലായി അൻപതിനായിരത്തിലധികം വരുന്ന കർഷകരുടെ 46,587 ഹെക്ടറിലെ കൃഷിയാണ് പൂർണമായോ ഭാഗികമായോ നശിച്ചത്. ഇതിൽതന്നെ ഏറ്റവും കൂടുതൽ നാശമുണ്ടായത് ഇടുക്കിയിലാണ്. അവിടെ 29,743 കർഷകരുടെ 33,722 ഹെക്ടറിൽ കൃഷിനാശമുണ്ടായെന്നു സംസ്ഥാന സർക്കാരിന്റെ വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
ഇതിൽ 16,211 ഹെക്ടറും ഏലം കൃഷിയാണ്. മറ്റു ജില്ലകളിൽ വാഴ, കുരുമുളക്, നെല്ല് എന്നീ കൃഷികൾക്കും നാശമുണ്ടായി. ഇടുക്കിയിലും വയനാട്ടിലും നാണ്യവിളകൾക്കു നാശമുണ്ടായപ്പോൾ പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നെൽക്കൃഷിയും തൃശൂരിൽ വാഴക്കൃഷിയുമാണു നശിച്ചത്. 257 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമികമായി കണക്കാക്കിയത്. ഈ ആഘാതത്തിൽനിന്നു പുറത്തുവരാൻ കർഷകർ ഏറെ പ്രയത്നിക്കേണ്ടിവരുമെന്ന സൂചനയും അന്നു വിദഗ്ധസമിതി നല്കിയിരുന്നു.
ശരിയാണ്, ഏറെ പ്രയത്നിച്ചിട്ടും പല കർഷകർക്കും തിരിച്ചുകയറാനായിട്ടില്ല. കേന്ദ്ര പാക്കേജ് ഉൾപ്പെടെയുള്ളവ തേടുമെന്നു കൃഷിവകുപ്പ് അറിയിച്ചിരുന്നു. വരൾച്ചാ മേഖലകളിൽ കൃഷിമന്ത്രി ഉൾപ്പെടെയുള്ളവർ സന്ദർശനം നടത്തുകയും കർഷകരുടെ ആവലാതി കേൾക്കുകയും ചെയ്തു. പ്ലാന്റേഷൻ സ്പെഷൽ ഓഫീസർ ആ മേഖലയെ സംബന്ധിച്ച് പ്രത്യേക റിപ്പോർട്ട് നൽകി.
വിളനാശം സംബന്ധിച്ച റിപ്പോർട്ടുകൾ സർക്കാരിനു സമർപ്പിച്ചെന്നാണ് വില്ലേജ് ഓഫീസുകളിൽനിന്നും കൃഷിഭവനുകളിൽനിന്നും ലഭിക്കുന്ന വിവരം. ആറു മാസം കഴിഞ്ഞു. കർഷകർക്ക് ഒരു സഹായവും ലഭിച്ചിട്ടില്ല. വിള ഇൻഷ്വറൻസ് പദ്ധതിയിൽ വളരെ കുറച്ച് കർഷകർ മാത്രമാണു പങ്കാളികളായിട്ടുള്ളത്. ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത ചെറുകിട, നാമമാത്ര കർഷകരും കാത്തിരിപ്പു തുടരുകയാണ്.
ഈ കർഷകരും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ ആശ്വാസം കൊടുക്കാനായില്ലെങ്കിൽ ഇത്തരം റിപ്പോർട്ടുകൾ എന്തിനാണ്? അതും ആവശ്യനേരത്തല്ലേ കൊടുക്കേണ്ടത്. കൃഷി, അതു ചെയ്യുന്നവരുടെ മാത്രമല്ല, നാടിന്റെയാകെ ആവശ്യമാണെന്ന ബോധം ഭരണകൂടങ്ങൾക്കുണ്ടാകണം. ഭക്ഷ്യവസ്തുക്കൾ ഇവിടെയില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നുകൊള്ളുമെന്ന മനോഭാവം കേരളത്തിലെ കാർഷികമേഖലയെ തളർത്തിയിട്ടുണ്ട്.
അതിർത്തി കടന്ന് ലോറികളെത്തിയില്ലെങ്കിൽ കഞ്ഞികുടി മുട്ടുന്ന നിലയിലെത്തി കാര്യങ്ങൾ. ഉപേക്ഷിക്കപ്പെട്ട റബർതോട്ടങ്ങൾക്കു പിന്നാലെ, പറന്പുകളിൽനിന്നും വയലുകളിൽനിന്നുമൊക്കെ കർഷകർ കയറിപ്പോകുകയാണ്. വിത്ത്, വളം, കീടനാശിനി വിലകൾ, പണിക്കൂലി എല്ലാം വർധിച്ചു. തരിശുനിലങ്ങൾ കാണുന്പോൾ നെഞ്ചു പൊട്ടുന്ന മുതിർന്ന കർഷകരാണ് നഷ്ടം സഹിച്ചും കൃഷിയിൽ തുടരുന്നവരിലേറെയും.
പഞ്ചായത്തിലെയും വില്ലേജിലെയും കൃഷിഭവനിലെയും സെക്രട്ടേറിയറ്റിലെയും കളക്ടറേറ്റിലെയുമൊക്കെ കുറെ ഉദ്യോഗസ്ഥർക്കും വളം, കീടനാശിനി ഉത്പാദകർക്കും വന്യജീവികൾക്കുമല്ലാതെ കാർഷികമേഖലകൊണ്ട് കർഷകർക്ക് നല്ലൊരു ജീവിതം സാധ്യമാണോ? കൃഷിവകുപ്പ് അത്തരമൊരു റിപ്പോർട്ട് തയാറാക്കാൻ സമയമായിട്ടുണ്ട്. അതു കാർഷികമേഖലയ്ക്കൊരു ചരമക്കുറിപ്പാണെങ്കിൽ കൃഷിവകുപ്പ് പിരിച്ചുവിടാം. കണ്ടം വിറ്റ് കന്നിനെ നിർത്തിയിട്ട് എന്തു കാര്യം?