കാഴ്ചക്കാർക്കും പങ്കുള്ള യുദ്ധം
Sunday, October 6, 2024 10:26 PM IST
പശ്ചിമേഷ്യയും ചെങ്കടലുമൊക്കെ തീവ്രവാദ അച്ചുതണ്ടിനു വിട്ടുകൊടുത്ത് പലസ്തീൻ പ്രശ്നത്തിനു താത്കാലിക പരിഹാരംപോലും സാധ്യമല്ല. തീവ്രവാദത്തെ ഒറ്റപ്പെടുത്തി
ജനാധിപത്യരാജ്യങ്ങൾ ഇടപെടണം.
തിരിച്ചടിയിൽ സ്വന്തം ജനം കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ, ഹമാസ് ഇസ്രയേലിൽ കടന്നുകയറി കൂട്ടക്കൊലയും അക്രമവും മാനഭംഗവും നടത്തുകയും ജനങ്ങളെ ബന്ദിയാക്കി കൊണ്ടുപോകുകയും ചെയ്തിട്ട് ഇന്ന് ഒരു വർഷം. പക്ഷേ, തിരിച്ചടി ഹമാസ് കരുതിയതിലും ഭയാനകമായിപ്പോയി.
ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത നേതാക്കൾ ഉൾപ്പെടെ പലരും വിജയപരാജയങ്ങൾ വിലയിരുത്താൻ ഈ വാർഷികത്തിന് അവശേഷിക്കുന്നില്ല. പക്ഷേ, ഭീകരാക്രമണവും അതിന്റെ പകതീർക്കലും മാത്രമല്ല ഒക്ടോബർ ഏഴിനെ അടയാളപ്പെടുത്തുന്നത്, കുഞ്ഞുങ്ങൾ ഉൾപ്പെടെ കൊല്ലപ്പെട്ട 41,000ത്തിലധികം മനുഷ്യരുടെ അസാന്നിധ്യംകൂടിയാണ്.
നിരപരാധികളുടെയും രക്തം വീഴ്ത്തി കൂടുതൽ രാജ്യങ്ങളിലേക്ക് യുദ്ധം പടരുകയാണ്. ബന്ദികളാക്കിയ ഇസ്രേലികളെ ഹമാസ് വിട്ടുകൊടുക്കുകയും വെടിനിർത്തലിനുള്ള ആഹ്വാനത്തിന് ഇസ്രയേൽ ചെവികൊടുക്കുകയും വേണം. വിമോചനപ്പോരാട്ടത്തിന്റെ മറപിടിച്ചെത്തുന്ന ഇസ്ലാമിക തീവ്രവാദത്തെ നേരിടാൻ പാശ്ചാത്യ-പൗരസ്ത്യ-മത ഭേദമില്ലാതെ ലോകം ഒറ്റക്കെട്ടാകുകയും വേണം. ഒരു കൊലപാതകവും മനുഷ്യത്വമുള്ളവർക്കും ദൈവചിന്തയുള്ളവർക്കും സഹിക്കാവുന്നതല്ല.
2001 സെപ്റ്റംബർ 11ന് അൽ-ക്വയ്ദ ഭീകരർ അമേരിക്കയിലെ ലോകവ്യാപാരകേന്ദ്രം ആക്രമിച്ചതിനുശേഷം ഇതുപോലൊരു യുദ്ധസാഹചര്യം ആദ്യമാണ്. 2023 ഒക്ടോബർ ഏഴിന് ഇസ്രേലികളും വിദേശികളുമായ 1,200 പേരെ ഹമാസ് വധിച്ചിരുന്നു. 251 പേരെ തട്ടിക്കൊണ്ടുപോയി. ദിവസങ്ങൾക്കകം ഇസ്രയേൽ തുടങ്ങിയ പ്രത്യാക്രമണത്തെ ചെറുക്കാൻ ഹമാസിനു കഴിഞ്ഞില്ല.
ഗാസയുടെ മുക്കാൽ പ്രദേശങ്ങളും മണ്ണോടു മണ്ണായി. മൂന്നിൽ രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. 23 ലക്ഷം ഗാസ നിവാസികളിൽ ഭൂരിപക്ഷത്തിനും വീടുകൾ നഷ്ടമായി. അനാഥരായ കുഞ്ഞുകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ജനങ്ങളിൽ മൂന്നിൽ രണ്ടും പട്ടിണിയിലാണ്. ചികിത്സാ സൗകര്യങ്ങൾ നാമമാത്രമായി.
വെടിനിർത്തലിന്റെ ഉപാധിയായി ബന്ദികളെ വിട്ടുകൊടുക്കാൻ പലതവണ ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞ നവംബറിൽ 100 പേരെ വിട്ടുകൊടുത്തത് ഒഴിച്ചാൽ ഹമാസ് പിടിവാശിയിലായിരുന്നു. 65 ബന്ദികൾ ഗാസയിൽ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ ഇപ്പോഴും ഹമാസിന്റെ കൈകളിലാണ്. ഇതിനിടെ ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെയും ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെയും ഇസ്രയേൽ വധിച്ചു.
പലസ്തീനിലെ സുന്നി തീവ്രവാദികളായ ഹമാസിനും ലബനനിലെയും യെമനിലെയും ഷിയ തീവ്രവാദികളായ ഹിസ്ബുള്ളയ്ക്കും ഹൂതികൾക്കും ആയുധങ്ങളും സൈനിക പരിശീലനവും പണവും നൽകുന്നത് ഇറാനാണ്. ഇതു പശ്ചിമേഷ്യയിലെ തീവ്രവാദ അച്ചുതണ്ടാണ്; ഭീഷണി ഇസ്രയേലിനു മാത്രമല്ല.
സ്വന്തം രാജ്യത്തിന്റെ സുരക്ഷയോർത്ത് പാക്കിസ്ഥാനിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും അൽ-ക്വയ്ദ, താലിബാൻ തീവ്രവാദികൾ നുഴഞ്ഞുകയറാതിരിക്കാൻ ജാഗ്രത പുലർത്തുന്ന ഇറാൻ, പശ്ചിമേഷ്യയിലെ തീവ്രവാദികളെ തീറ്റിപ്പോറ്റുകയും അരാജകത്വം വളർത്തുകയുമാണ്.
ഇസ്ലാമിക ഭരണത്തിലുള്ള ഇറാനിൽ സ്ത്രീകളുടെ സ്വാതന്ത്ര്യം താലിബാൻ ഭരണത്തിലേതിനു സമാനമല്ലെങ്കിലും ആധുനിക ലോകത്തിന് അംഗീകരിക്കാൻ പറ്റാത്തത്ര അടിച്ചമർത്തലിന്റേതാണ്. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകളെ തൂക്കിലേറ്റുന്ന രാജ്യമാണ് ഇറാൻ. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനു മാത്രം തൂക്കിലേറ്റിയത് 29 പേരെയാണ്.
ഇസ്ലാമിക മാനദണ്ഡമനുസരിച്ചു ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് 2022 സെപ്റ്റംബറിൽ അറസ്റ്റിലായ മഹ്സ അമിനി തടവിൽ മരിച്ചതിനെത്തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ പങ്കെടുത്ത നൂറുകണക്കിനാളുകളെ വെടിവച്ചും തൂക്കിലേറ്റിയും കൊന്നു. ഇറാനെയും ഹിസ്ബുള്ളയെയും ഹൂതികളെയും ഹമാസിനെയുമൊക്കെ പിന്തുണയ്ക്കേണ്ടത് ഇസ്ലാമിസ്റ്റുകളുടെ മാത്രം ആവശ്യമാണ്.
ഇറാനും ഇതര മത-വംശ ഉന്മൂലനലക്ഷ്യം ഉള്ളിലൊതുക്കിയ തീവ്രവാദ സംഘടനകളും കൈകാര്യം ചെയ്യുന്നിടത്തോളം കാലം പലസ്തീൻ പ്രശ്നം പരിഹരിക്കപ്പെടില്ല. എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ പരിഷ്കൃതരാജ്യങ്ങൾ ഇടപെട്ടുള്ള ദ്വിരാഷ്ട്രവാദത്തിനാണ് ഇപ്പോഴും സാധ്യതയുള്ളത്. ആദ്യം വെടിനിർത്തലും പിന്നെ സുസ്ഥിര സമാധാനവുമാണ് പലസ്തീനും ഇസ്രയേലിനും ആവശ്യം.
പക്ഷേ, യാഥാർഥ്യങ്ങളെ തമസ്കരിക്കരുത്. പശ്ചിമേഷ്യയും ചെങ്കടലുമൊക്കെ തീവ്രവാദ അച്ചുതണ്ടിനു വിട്ടുകൊടുത്ത് പലസ്തീൻ പ്രശ്നത്തിനു താത്കാലിക പരിഹാരം പോലും സാധ്യമല്ല. ഇസ്ലാമിക തീവ്രവാദികൾ വിമോചനപ്പോരാട്ടത്തിന്റെ മുഖംമൂടിയിട്ടു ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയും കാഷ്മീരിനെ നശിപ്പിക്കുകയും ചെയ്തതിന്റെ ഉദാഹരണം കൺമുന്നിലുണ്ട്.
ആ പാക്കിസ്ഥാൻ തിരക്കഥയുടെ പശ്ചിമേഷ്യൻ പതിപ്പാണ് ഇറാൻ ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങൾ തീവ്രവാദികൾക്കുവേണ്ടി പലസ്തീനിൽ എഴുതുന്നത്. പലസ്തീൻ വിഷയത്തിൽനിന്നു തീവ്രവാദം എന്ന ഉള്ളടക്കം ഒഴിവാക്കാൻ ലോകത്തിനു കഴിഞ്ഞാൽ ഇസ്രയേലിന്റെ അക്രമോത്സുകമായ പ്രതിരോധം അപ്രസക്തമാകുകയും ചെയ്യും. ലോകം വീണ്ടും വീണ്ടും ഇടപെടണം. ആയുധമെടുക്കുന്നവർക്കു മാത്രമല്ല, പക്ഷം പിടിക്കുന്നവർക്കും കാഴ്ചക്കാർക്കും പങ്കുള്ളതാണ് ഓരോ യുദ്ധവും.