അധികാരപ്രമത്തതയുടെ കണ്ണൂർ മോഡൽ
Wednesday, October 16, 2024 9:29 PM IST
കൈക്കൂലി ഉണ്ടായിട്ടുണ്ടെങ്കിൽ നൽകിയ ആളെയും അതറിഞ്ഞിട്ടും തടയാതിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. എഡിഎം നിരപരാധിയാണെങ്കിൽ സിപിഎമ്മും സർക്കാരും അദ്ദേഹത്തിന്റെ കുടുംബത്തോടു പരസ്യമായി മാപ്പു പറയുകയും കുറ്റക്കാർക്കു തക്കതായ ശിക്ഷ താമസംവിനാ ഉറപ്പാക്കുകയും വേണം.
കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അപക്വമായ പെരുമാറ്റത്തിലും ഉത്തരവാദിത്വരഹിതമായ ആരോപണത്തിലും മനംനൊന്ത് ഉന്നതശ്രേണിയിലുള്ള ഒരു ഉദ്യാഗസ്ഥൻ ജീവനൊടുക്കിയ സംഭവം നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്.
ജില്ലാ ഭരണത്തിൽ കളക്ടർക്കു തൊട്ടുതാഴെ സ്ഥാനം വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥനായ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റുകൂടിയായ ഡെപ്യൂട്ടി കളക്ടർ (ജനറൽ) ആണ് കേവലമൊരു ആരോപണപുകമറയിൽ ജീവനൊടുക്കിയത്. കക്ഷിരാഷ്ട്രീയത്തിന്റെ ചേരിതിരിവുകളില്ലാത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എഡിഎമ്മും തമ്മിൽ യഥാർഥത്തിൽ അകൽച്ചയുണ്ടാകാൻ കാരണമെന്താണെന്നതു സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ വലിയ സംശയമുണ്ടായിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ മുനവച്ച സംസാരം തീർച്ചയായും എഡിഎം കെ. നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നതായിരുന്നു. അതും യാത്രയയപ്പുവേദിയിൽ ക്ഷണമില്ലാതിരുന്നിട്ടും കടന്നുവന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പകപോക്കുന്ന തരത്തിൽ സംസാരിച്ചതും വേദിവിട്ടുപോയതും. ജില്ലാ കളക്ടർകൂടി ഇരിക്കുന്ന വേദിയിലാണ് ഇത്തരമൊരു വഴിവിട്ട സംസാരമുണ്ടായത് എന്നതും ഗൗരവത്തിലെടുക്കണം.
കണ്ണൂരിൽ സിപിഎം നേതാവായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ശിപാർശ അവഗണിക്കാൻ എഡിഎം തയാറായതുതന്നെ പ്രത്യേകം പരിശോധിക്കപ്പെടേണ്ടതാണ്. സിപിഎം അനുഭാവിയും ഇടതുപക്ഷ സംഘടനാ പ്രവർത്തകനുമായ എഡിഎമ്മിന് അതിനു ശക്തിപകർന്നത് ധാർമികതയും നീതിബോധവുമാണെങ്കിൽ അത്തരം ഉദ്യോഗസ്ഥരുടെ മനോവീര്യം അപ്പാടെ ചോർത്തിക്കളയുന്നതാണ് ഈ സംഭവം. നിയമപരമായി അനുവദിക്കാവുന്ന സർട്ടിഫിക്കറ്റാണ് എഡിഎം മാസങ്ങളോളം വച്ചുതാമസിപ്പിച്ചതെങ്കിൽ അതു ഗുരുതരമായ കൃത്യവിലോപമാണ്.
അത്തരം ഭരണസ്തംഭനം അറിഞ്ഞിട്ട് മാസങ്ങളായിട്ടും സർക്കാർ തലത്തിലോ ഉന്നത ഉദ്യോഗസ്ഥ തലത്തിലോ അറിയിച്ച് സംരംഭകന് നീതി ലഭ്യമാക്കാൻ എന്തുകൊണ്ട് വർഷങ്ങളായി ജനപ്രതിനിധിയായിരിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രമിച്ചില്ല എന്ന ചോദ്യത്തിനും ഉത്തരം കിട്ടണം. കഴിഞ്ഞ തവണ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയെ പാർട്ടി ഇത്തവണ പ്രസിഡന്റാക്കുകയായിരുന്നു. വിദ്യാർഥിരാഷ്ട്രീയത്തിൽനിന്ന് അധികാരത്തിലേക്കെത്തിയ യുവ വനിതാ നേതാവിനെ അധികാരത്തുടർച്ചയുടെ ധാർഷ്ട്യവും ധിക്കാരവും കീഴടക്കിയിട്ടുണ്ടോയെന്ന സംശയവും ബലപ്പെടുകയാണ്.
കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരവും രാഷ്ട്രീയ നേതാക്കളുടെ അപ്രമാദിത്വവും നമ്മുടെ നാടിന് ശാപമായി മാറുന്ന നിരവധി സംഭവങ്ങൾ അനുദിനം നടക്കുന്നുണ്ട്. ഭരണവും നീതിനിർവഹണവും കക്ഷിരാഷ്ട്രീയത്തിന് അതീതമായിരുന്നാലേ വികസനവും ജനക്ഷേമവും സാധ്യമാകൂ. ഭരണപക്ഷ രാഷ്ട്രീയക്കാരുടെ ശിപാർശയിലേ യഥാവിധി നടക്കേണ്ട കാര്യങ്ങൾപോലും സാധ്യമാകൂ എന്ന അവസ്ഥ കേരളത്തിൽ ശക്തിപ്പെട്ടിട്ടുണ്ട് എന്നതു വസ്തുതയാണ്. നിയമവിരുദ്ധമായ കാര്യങ്ങൾ നടത്തിയെടുക്കാനും ഭരണകക്ഷി നേതാക്കൾ ഇടപെടുന്നതിന്റെ തെളിവുകളും ധാരാളം പുറത്തുവന്നിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിൽപ്പെട്ട നിടുവാലൂരിൽ പെട്രോൾ പമ്പ് തുടങ്ങാൻ ശ്രമിച്ച ടി.വി. പ്രശാന്തൻ നേരിട്ട യഥാർഥ പ്രശ്നമെന്തെന്നറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളജിലെ ജീവനക്കാരനായ പ്രശാന്തൻ പറയുന്നതുപോലെ, എഡിഎമ്മിനു കൈക്കൂലി നൽകിയെങ്കിൽ അഴിമതിനിരോധന നിയമത്തെപ്പോലും വെല്ലുവിളിച്ച പ്രവൃത്തിയാണത്. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ അതു ചെയ്തത്.
എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം വിജിലൻസിനെ അറിയിച്ച് നിയമവാഴ്ച ഉറപ്പാക്കുകയാണു വേണ്ടിയിരുന്നത്. പെട്രോൾ പമ്പിനുള്ള എതിർപ്പില്ലാ രേഖ (എൻഒസി) എങ്ങനെയാണ് കിട്ടിയതെന്ന് തനിക്കറിയാമെന്നു പറഞ്ഞതിലൂടെ കൈക്കൂലി ഉണ്ടായി എന്നു ധ്വനിപ്പിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഈ നിയമലംഘനത്തിൽ പങ്കാളിയാണ്. എഡിഎം പോലും കൈക്കൂലി വാങ്ങുന്ന അവസ്ഥയുണ്ടെങ്കിൽ അത് സംസ്ഥാന ഭരണത്തിലെ ജീർണതയുടെ ആഴമാണു വ്യക്തമാക്കുന്നത്.
ഭരണത്തിനു നേതൃത്വം നൽകുന്ന സിപിഎം അവിടെയും ഇവിടെയും തൊടാതെ ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരന് ഒത്താശ ചെയ്യുകയും ചെയ്യുന്ന സമീപനമാണ് ഈ സംഭവത്തിൽ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറിയും എഡിഎമ്മിന്റെ സ്വദേശമായ പത്തനംതിട്ടയിലെ ജില്ലാ സെക്രട്ടറിയും ഇതുവരെ നടത്തിയിട്ടുള്ള പ്രസ്താവനകൾ ജനരോഷം തണുപ്പിക്കാൻ മാത്രമുള്ളതായി മാറരുത്.
പി.പി. ദിവ്യയുടെ പ്രവൃത്തിയെ തള്ളിപ്പറഞ്ഞതുകൊണ്ടോ അവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയതുകൊണ്ടോ നികത്താവുന്ന നഷ്ടമല്ല എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിനുണ്ടായിരിക്കുന്നത്. അതുപോലെതന്നെ അധികാരപ്രമത്തതയും സ്വജനപക്ഷപാതവും അവിഹിത രാഷ്ട്രീയ ഇടപെടലുകളും കച്ചവടതാത്പര്യങ്ങളും സംസ്ഥാന ഭരണത്തെ ആഴത്തിൽ ഗ്രസിച്ചിരിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനുള്ള വ്യക്തമായ തെളിവായും ഈ സംഭവത്തെ കാണാം.
അതിനാൽ, ഇതിന്റെ നിജസ്ഥിതി എത്രയുംവേഗം വ്യക്തമാക്കണം. കൈക്കൂലി ഉണ്ടായിട്ടുണ്ടെങ്കിൽ നൽകിയ ആളെയും അതറിഞ്ഞിട്ടും തടയാതിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. എഡിഎം നിരപരാധിയാണെങ്കിൽ സിപിഎമ്മും സർക്കാരും അദ്ദേഹത്തിന്റെ കുടുംബത്തോടു പരസ്യമായി മാപ്പു പറയുകയും കുറ്റക്കാർക്കു തക്കതായ ശിക്ഷ താമസംവിനാ ഉറപ്പാക്കുകയും വേണം. സർക്കാരും സിപിഎമ്മും ഇക്കാര്യത്തിൽ സത്യസന്ധതയും ആത്മാർഥതയും കാട്ടണം.