സന്പന്നപ്പട്ടികയിലില്ലാത്ത രത്തൻ മുതലാളി
Thursday, October 10, 2024 10:41 PM IST
നൂറിലേറെ രാജ്യങ്ങളിൽനിന്നു വാരിക്കൂട്ടിയെങ്കിലും സന്പന്നരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്പോൾ രത്തൻ ടാറ്റ കാണില്ല. ഒറ്റക്കാരണമേയുള്ളൂ, കിട്ടുന്നതിലേറെ രാജ്യത്തിനു കൊടുക്കും. രാജ്യത്തിന്റെ സന്പത്തായിരുന്നു രത്തൻ.
മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരാൾ കച്ചവടക്കാരനായാൽ എങ്ങനെയിരിക്കും എന്ന ചോദ്യത്തിനു മാത്രമല്ല, മൂല്യങ്ങൾ വിറ്റുകളയാതെ അവസാനം വരെ കച്ചവടക്കാരനായി തുടരാനാകുമോ എന്ന ചോദ്യത്തിനുമുള്ള ഉത്തരമായിരുന്നു രത്തൻ ടാറ്റ. ബുധനാഴ്ച രാത്രി മുംബൈ ബ്രീച്ച് കാൻഡ് ആശുപത്രിയിൽ 86-ാമത്തെ വയസിൽ അന്തരിച്ചു.
പക്ഷേ, അദ്ദേഹം ഓർമിക്കപ്പെടുന്നത് ടാറ്റാ ഗ്രൂപ്പിന്റെ ആസ്തി 40 ഇരട്ടി വർധിപ്പിച്ചതുകൊണ്ടല്ല, മൂല്യങ്ങളെ കളയാതെ രത്നം പോലെ കാത്തതുകൊണ്ടാണ്. നൂറിലേറെ രാജ്യങ്ങളിൽനിന്നു വാരിക്കൂട്ടിയെങ്കിലും അതിസന്പന്നരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്പോൾ ഈ മുതലാളി കാണില്ല. ഒറ്റക്കാരണമേയുള്ളൂ, കിട്ടുന്നതിലേറെ രാജ്യത്തിനു കൊടുക്കും.
അനുജൻ ജിമ്മിയാണെങ്കിൽ മുംബൈയിലെ രണ്ടുമുറി വീട്ടിൽ പുസ്തകങ്ങളും പത്രവും വായിച്ച് സന്തോഷമായി ജീവിക്കുന്നു. ടാറ്റ വ്യത്യസ്തമായൊരു സന്പന്നപാരന്പര്യമാണ്. രത്തൻ എന്നാൽ രത്നം എന്നാണർഥം. 1937ൽ മുംബൈയിലെ അതിസന്പന്നമായ പാഴ്സി കുടുംബത്തിൽ ജനിച്ചെങ്കിലും ആദ്യാവസാനം വിജയിച്ചുകൊണ്ടിരുന്ന നായകനായിരുന്നില്ല അദ്ദേഹം.
രത്തനു 10 വയസുള്ളപ്പോൾ അച്ഛൻ നവൽ ടാറ്റയും അമ്മ സൂണിയും വിവാഹമോചിതരായി. പിന്നീട് രത്തനും അനുജൻ ജിമ്മിയും മുത്തശി നവജ്ഭായിയുടെ സംരക്ഷണയിലായിരുന്നു. 1962ൽ അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റിയിൽനിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടിയ രത്തൻ ഇന്ത്യയിലെത്തി ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാവുകയായിരുന്നു.
തുടക്കത്തിൽ പല പരാജയങ്ങളുമുണ്ടായത് ഏറെ വിമർശനങ്ങൾക്കിടയാക്കി. പക്ഷേ, കഠിനാധ്വാനത്തിലൂടെ അദ്ദേഹം കാര്യങ്ങളെ മാറ്റിമറിച്ചു. മൂന്നു വർഷത്തിനുശേഷം ടാറ്റാ സൺസ് ഡയറക്ടറായി. 1991 മാർച്ചിൽ ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനായി.
ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോർസ്, ടാറ്റാ പവർ, ടാറ്റാ കണ്സൾട്ടൻസി സർവീസസ്, ടാറ്റാ ടീ, ടാറ്റാ കെമിക്കൽസ്, ടാറ്റാ ടെലി സെർവീസസ്, ദി ഇന്ത്യൻ ഹോട്ടൽസ് കന്പനി തുടങ്ങിയ കന്പനികളെയെല്ലാം പതിവു കോർപറേറ്റ് രീതികളിൽനിന്ന് വ്യത്യസ്തമായി അദ്ദേഹം നയിച്ചു.
ഇന്ത്യയിൽ പൂർണമായും രൂപകല്പന ചെയ്ത ഇൻഡിക്ക, നാനോ കാറുകൾ രത്തൻ ടാറ്റയാണു പുറത്തിറക്കിയത്. നിരവധി വിദേശകന്പനികൾ ഏറ്റെടുത്ത് ടാറ്റായെ ആഗോളതലത്തിൽ വളർത്താനും രത്തനു കഴിഞ്ഞു.
പ്രണയിച്ചെങ്കിലും വിവാഹം കഴിക്കാതെപോയതിൽ രത്തന് നിരാശയില്ലെങ്കിലും ഖേദമുണ്ടായിരുന്നു. പഠനം കഴിഞ്ഞ് ലോസ്ആഞ്ചലസിൽ ചെറിയ ജോലികളൊക്കെ ചെയ്തു ജീവിക്കുന്നതിനിടെ അമേരിക്കൻ യുവതിയെ പ്രണയിച്ചു. പക്ഷേ, മുത്തശി രോഗബാധിതയായപ്പോൾ ഇന്ത്യയിലേക്കു മടങ്ങേണ്ടിവന്നു.
1962ലെ ഇന്ത്യ-ചൈന യുദ്ധം കാമുകിയെ ഇന്ത്യയിൽ ജീവിക്കുന്നതിൽനിന്നു പിന്തിരിപ്പിച്ചു. രത്തൻ ഇന്ത്യയിൽ ജീവിക്കാമെന്നു തീരുമാനിക്കുകയും ചെയ്തു. പിന്നീട് മൂന്നു പ്രണയങ്ങൾകൂടി ഉണ്ടായെങ്കിലും ഓരോ കാരണത്താൽ വിവാഹം നടന്നില്ലെന്നാണ് 2011ൽ സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
1991 മുതൽ 2012 വരെ ടാറ്റാ ഗ്രൂപ്പിന്റെയും ടാറ്റാ സൺസിന്റെയും ചെയർമാനായിരുന്നു. ചുമതലയൊഴിഞ്ഞെങ്കിലും ചില പ്രതിസന്ധികളുണ്ടായപ്പോൾ 2016ൽ കുറച്ചു മാസത്തേക്ക് വീണ്ടും ഏറ്റെടുത്തു. 2000ത്തിൽ പദ്മഭൂഷനും 2008ൽ പദ്മവിഭൂഷനും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ഇതൊക്കെയാണെങ്കിലും, ആറ് ഭൂഖണ്ഡങ്ങളിലായി 100ലധികം സംരംഭങ്ങളുള്ള രത്തൻ ടാറ്റ ഇന്ത്യയിലെ സന്പന്നരുടെ മുൻനിരയിലില്ല. ‘ഐഐഎഫ്എൽ വെൽത്ത് ഹാറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022’ അനുസരിച്ച് ഇന്ത്യയിലെ സന്പന്നരിൽ രത്തൻ ടാറ്റയുടെ സ്ഥാനം 421 ആണ്. കാരണം, ടാറ്റ ലാഭത്തിലേറെയും രാജ്യത്തിനു തിരിച്ചുകൊടുക്കുകയാണ്.
ടാറ്റാ സംരംഭങ്ങളുടെ സ്ഥാപകനായ ജാംഷെഡ്ജി ടാറ്റ തുടങ്ങിയ ആ പാരന്പര്യം രത്തന്റെ കാലത്ത് പാരമ്യത്തിലെത്തി. ടാറ്റാ ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസിന്റെ 66 ശതമാനം ഓഹരികളും ജീവകാരുണ്യങ്ങൾക്കായുള്ള ടാറ്റാ ട്രസ്റ്റുകളുടെ നിയന്ത്രണത്തിലാണ്. രത്തന്റേതു ലളിതജീവിതമായിരുന്നെങ്കിൽ അനുജൻ ജിമ്മിയുടേത് അതീവലളിതമാണ്.
ടാറ്റാ കന്പനികളുടെ ഓഹരിയുടമയാണെങ്കിലും മുംബൈ കൊളാബയിലെ ഹാംപ്ടൺ കോർട്ടിന്റെ ആറാം നിലയിലെ രണ്ടു കിടപ്പുമുറികളും ഒരടുക്കളയുമുള്ള ചെറിയൊരു അപ്പാർട്ട്മെന്റിലാണ് അവിവാഹിതനായ ജിമ്മി ജീവിക്കുന്നത്. മൊബൈൽ ഫോൺ കാര്യമായി ഉപയോഗിക്കാറില്ല. വാർത്ത അറിയാൻ പത്രങ്ങളെയാണ് ആശ്രയിക്കുന്നത്. പിന്നെയുള്ളത് പുസ്തകവായനയും സ്ക്വാഷ് കളിയും.
രത്തന്റെ ജീവിതം വിശദീകരിക്കാൻ ഏറ്റവും എളുപ്പം അദ്ദേഹത്തിന്റെതന്നെ വാക്യമാണ്: “ഈ ഭൗതികനേട്ടങ്ങളിലൊന്നും ഒരു കാര്യവുമില്ലെന്ന് നിങ്ങൾ ഒരു ദിവസം മനസിലാക്കും. നാം സ്നേഹിക്കുന്ന മനുഷ്യരുടെ ക്ഷേമമാണ് പ്രധാനം.’’
മൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ഒരാൾ കച്ചവടക്കാരനായപ്പോൾ ജനങ്ങളുടെ ക്ഷേമത്തിൽ ഇത്ര കരുതലുള്ളവനായെങ്കിൽ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിലേക്കു കൂടുതലാളുകൾ എത്തിയാൽ ഇന്ത്യ എത്ര മഹത്താകുമായിരുന്നു! കച്ചവടക്കാർക്കും രാഷ്ട്രീയക്കാർക്കും മാത്രമല്ല, എല്ലാവർക്കും മാതൃകയാണ് രത്തൻ; പ്രകാശം പരത്തുന്ന രത്നം!