വിശപ്പെന്ന യാഥാർഥ്യം
Monday, October 14, 2024 9:52 PM IST
വിശപ്പ് സൂചികയിൽ ഇന്ത്യ പിന്നിലല്ലെങ്കിൽ വസ്തു നിഷ്ഠമായ കണക്കും വിശദീകരണവും ഉണ്ടായാൽ മതിയല്ലോ. പക്ഷേ, അതിലും പ്രധാനം കൺമുന്നിലെ വിശപ്പിന്റെ കാഴ്ചകൾ ഇല്ലാതാക്കുക എന്നതാണ്.
ആഗോള വിശപ്പ് സൂചികയിൽ ഗുരുതരമായ സ്ഥിതിവിശേഷമുള്ള 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടു. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തിയിട്ടുമുണ്ട്. 127 രാജ്യങ്ങളുള്ള പട്ടികയിൽ ഇത്തവണ ഇന്ത്യയുടെ സ്ഥാനം 105. കഴിഞ്ഞ വർഷം ഇത് 125ൽ 111 ആയിരുന്നു.
ഐറിഷ് എൻജിഒ കണ്‍സേണ്‍ വേൾഡ് വൈഡും ജർമൻ എൻജിഒ ആയ വെൽറ്റ് ഹുംഗർ ഹിൽഫെയും ചേർന്നാണു സൂചിക തയാറാക്കുന്നത്. പക്ഷേ, കേന്ദ്രസർക്കാർ ഈ റിപ്പോർട്ടിനെ അടിസ്ഥാനരഹിതമെന്നു പറഞ്ഞു തള്ളിക്കളയുകയാണ് പതിവ്. പക്ഷേ, അടിസ്ഥാനപരമായ കണക്കുകൾകൊണ്ടുവേണം നാം റിപ്പോർട്ടിനെ വെല്ലുവിളിക്കേണ്ടത്. അതിനൊപ്പം പട്ടിണിക്കാഴ്ചകളും മാഞ്ഞുപോകണം.
ആഗോളപട്ടികയിൽനിന്നു മാത്രമല്ല എണ്ണമറ്റ ചേരികളിൽനിന്നും നഗരമധ്യത്തിലെ പാവങ്ങളുടെ തുരുത്തുകളിൽനിന്നും വലിയ പാലങ്ങൾക്കു ചുവട്ടിലെ അഭയാർഥിസമാനമായ ജീവിതങ്ങളിൽനിന്നും റെയിൽവേ പുറന്പോക്കുകളിൽനിന്നുമൊക്കെ പട്ടിണിക്കാഴ്ചകൾ അപ്രത്യക്ഷമാകേണ്ടതുണ്ട്. വിശപ്പിന്റെ കാര്യത്തിൽ അയൽരാജ്യങ്ങളായ ബംഗ്ലാദേശിനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിലാണ് ഇന്ത്യ.
ഈ നൂറ്റാണ്ടിന്റെ തുടക്കംമുതൽ ശിശുമരണ നിരക്ക് കുറച്ചുകൊണ്ടുവരുന്ന കാര്യത്തിൽ നാം ഗണ്യമായ പുരോഗതി കൈവരിച്ചെങ്കിലും (2.9%) പോഷകാഹാരക്കുറവ് വ്യാപകമാണ് (13.7%). ഇതോടൊപ്പം ഉയരത്തിനനുസരിച്ചുള്ള ഭാരമില്ലാത്ത കുട്ടികളും (18.7%) പ്രായത്തിനൊത്ത ഉയരം വയ്ക്കാത്ത കുട്ടികളും (35.5%) ധാരാളം. അതായത്, വിശപ്പ് സൂചികയുടെ മാനദണ്ഡം ഭക്ഷ്യക്ഷാമമല്ല.
പോഷകാഹാരക്കുറവും കുട്ടികളിലെ വളർച്ചാ മുരടിപ്പും ഭാരമില്ലായ്മയുമാണ്. അതുകൊണ്ടാണ് ഭക്ഷ്യോത്പാദനം വര്‍ധിച്ചിട്ടും വിശപ്പ് സൂചികയില്‍ ഇന്ത്യ പിന്നിലായത്. ഭക്ഷണമുണ്ട്, വിശപ്പുമുണ്ട് എന്നതാണ് അവസ്ഥ. ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവിഭവങ്ങള്‍ ആളുകളിലേക്കെത്തുന്നില്ലെന്നുകൂടി തിരിച്ചറിയണം.
പൊതുഭക്ഷ്യവിതരണ സന്പ്രദായത്തിന്റെ ന്യൂനതകളും അതിനു കാരണമാണ്. ഗോഡൗണുകളിലെ ധാന്യമല്ല, വയറ്റിലെത്തുന്നതാണ് വിശപ്പില്ലാതാക്കുന്നത്. 2000നും 2008നും ഇടയിൽ വിശപ്പ് കുറച്ചുകൊണ്ടുവരുന്ന കാര്യത്തിൽ ഇന്ത്യ നല്ല പുരോഗതിയാണു കൈവരിച്ചതെന്നും റിപ്പോർട്ട് പറയുന്നു. പക്ഷേ, പിന്നീട് സ്ഥിതി മോശമായി. മറ്റു പല രാജ്യങ്ങളും മെച്ചപ്പെട്ട പുരോഗതി കൈവരിക്കുകയും ചെയ്തു.
ഏറ്റവും അപകടകരമായ അവസ്ഥയിലുള്ളത് ആഫ്രിക്കൻ രാജ്യങ്ങളാണ്. ഗാസയിലെയും സുഡാനിലെയും യുദ്ധങ്ങളും പ്രശ്നം വഷളാക്കിയിട്ടുണ്ട്. കോംഗോ, ഹെയ്തി, മാലി, സിറിയ എന്നീ രാജ്യങ്ങളെയും വിശപ്പിലേക്കു നയിച്ചതു നിരന്തരമുള്ള സംഘർഷങ്ങളാണ്. 2030ൽ വിശപ്പില്ലാത്ത ലോകമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ ലക്ഷ്യം നിറവേറാനിടയില്ല എന്നാണു റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഇത്തരം റിപ്പോർട്ടുകൾ തെറ്റാണെന്നു പറഞ്ഞുകൊണ്ടിരുന്നാൽ പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കാനാവില്ല. കുട്ടികളിലെ മരണം, വളര്‍ച്ചാ മുരടിപ്പ്, ഭാരക്കുറവ് എന്നീ അടിസ്ഥാന വിവരങ്ങള്‍ക്കെല്ലാം ആശ്രയിക്കുന്നത്, അതതു സർക്കാരുകളുടെ കണക്കുകൾതന്നെയാണ്. നമ്മുടെ ദേശീയാരോഗ്യ സര്‍വേയുടെ കണക്കുകളാണ് വിശപ്പ് സൂചികയ്ക്ക് ഉപയോഗിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്.
ഏതെങ്കിലും വിവരങ്ങൾ ലഭ്യമല്ലെങ്കിൽ മാത്രം ഫോണിലൂടെ സാന്പിൾ സർവേ നടത്തും. 2011നുശേഷം സെൻസസ് നടത്തിയിട്ടില്ലാത്തതിനാൽ ഇന്ത്യയുടെ പല ആധികാരിക വിവരങ്ങളും ആനുകാലികമല്ല. സെൻസസ് നടത്താതെ പല കാര്യങ്ങളും ചെയ്യാനാവില്ലെന്നു മാത്രമല്ല, അന്താരാഷ്ട്ര റിപ്പോർട്ടുകളെ നിഷേധിക്കാനും നമുക്കു സാധിക്കുമെന്നു തോന്നുന്നില്ല.
ഇന്ത്യയുടെ ആളോഹരി വരുമാനം വർധിച്ചിട്ടുണ്ടാകും. പക്ഷേ, അതിസന്പന്നരുടെ വരുമാനവും അതിദരിദ്രന്റെ കണക്കിലെഴുതുന്ന അത്തരം പൊതിഞ്ഞുവയ്ക്കലുകൾ യഥാർഥ ചിത്രം പുറത്തുവിടില്ല. അപ്പോഴാണ് രാജ്യം സന്പന്നമാകുകയും ജനം ദരിദ്രരാകുകയും ചെയ്യുന്നത്. വിശപ്പ് സൂചികയിൽ ഇന്ത്യ പിന്നിലല്ലെങ്കിൽ വസ്തുനിഷ്ഠമായ കണക്കും വിശദീകരണവും ഉണ്ടായാൽ മതിയല്ലോ.
പക്ഷേ, അതിലും പ്രധാനം കൺമുന്നിലെ വിശപ്പിന്റെ കാഴ്ചകൾ ഇല്ലാതാക്കുക എന്നതാണ്. കാരണം, നാണക്കേടിലും ഖേദകരം വിശപ്പാണല്ലോ.