നഴ്സിംഗ് വിദ്യാർഥികളെയും ആട്ടിപ്പായിച്ച് ‘നവകേരളം’
Wednesday, October 2, 2024 10:48 PM IST
നഴ്സിംഗ് പഠനത്തിനു സംസ്ഥാനത്ത് സൗകര്യമില്ലാത്തതിനാൽ ഇക്കൊല്ലവും പതിനായിരക്കണക്കിനു വിദ്യാർഥികൾ ഇതരസംസ്ഥാനങ്ങളിലേക്കു പോകുകയാണ്. നവകേരള നിർമാതാക്കൾ അറിഞ്ഞിട്ടില്ല. പിആർ വർക്കിനു പ്രതിപക്ഷവുമില്ല.
പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാത്ത കുറച്ചു പ്രശ്നങ്ങളുണ്ട് കേരളത്തിൽ. കാലഹരണപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അപകടസാധ്യത, വന്യജീവി ആക്രമണം, മാലിന്യനിർമാർജനം, തകർന്ന കാർഷികമേഖല തുടങ്ങിയവ. ഇതിൽ ഒന്നുപോലും പരിഹരിക്കാനായിട്ടില്ലെന്നു മാത്രമല്ല, ആത്മാർഥ പരിശ്രമങ്ങളോ തുടർനിരീക്ഷണങ്ങളോ ഉണ്ടായിട്ടില്ല. ഇങ്ങനെ പോയാൽ വരും വർഷങ്ങളിലും നമ്മളിതു ചർച്ച ചെയ്തുകൊണ്ടിരിക്കും. ഈ ഗണത്തിൽ പെടുത്താവുന്നതാണ് കേരളത്തിലെ പരിമിതമായ നഴ്സിംഗ് പഠന മേഖല.
കഴിഞ്ഞദിവസം ദീപിക അതിന്റെ കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കൊല്ലം, 67,000 വിദ്യാർഥികളാണ് നഴ്സിംഗ് പ്രവേശനത്തിന് കേരളത്തിൽ അപേക്ഷ നൽകിയത്. പക്ഷേ, നമുക്കുള്ളത് 9,326 സീറ്റുകൾ. ബാക്കിയുള്ളവർക്ക് ഇതരസംസ്ഥാനങ്ങളാണ് ഇനി ആശ്രയം. ലോകത്ത് ഏറ്റവും കൂടുതൽ ജോലിസാധ്യതയുള്ള നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ കാര്യമാണിത്. ഈ സംസ്ഥാനം എങ്ങനെ രക്ഷപ്പെടും?
സംസ്ഥാനത്ത് നഴ്സിംഗ് പ്രവേശനനടപടികൾ തുടരുകയാണ്. ആകെയുള്ള 155 നഴ്സിംഗ് കോളജുകളിലായി ബിഎസ്സി നഴ്സിംഗിന് 9,326 സീറ്റുകളാണുള്ളത്. അപേക്ഷിച്ചത് 67,000 വിദ്യാർഥികൾ, അതായത് ഉള്ള സീറ്റിന്റെ ഏഴിരട്ടി. കഴിഞ്ഞ വർഷത്തേക്കാൾ 7,000 അപേക്ഷകൾ കൂടി. കാരണം മറ്റൊന്നുമല്ല, നാട്ടിലും വിദേശത്തുമുള്ള ജോലിസാധ്യതയും ആകർഷകമായ ശന്പളവും തന്നെ.
ആകെയുള്ള 9,326 സീറ്റുകളിൽ 1,090 എണ്ണം 14 സർക്കാർ നഴ്സിംഗ് കോളജുകളിലാണ്. സർക്കാർ നിയന്ത്രിത കോളജുകളിൽ 1,000 സീറ്റുകളും സെൽഫ് ഫിനാൻസിംഗ് മേഖലയിൽ 3,528 സീറ്റുകളും ഉൾപ്പെടെ 5,618 സർക്കാർ സീറ്റുകൾ. 3,708 മാനേജ്മെന്റ് സീറ്റുകൾകൂടി ചേരുന്പോൾ ആകെ 9,326 സീറ്റുകൾ. ബാക്കിയുള്ളവർ ഇതര സംസ്ഥാന നഴ്സിംഗ് കോളജുകളിൽ വൻ തുക നല്കി പ്രവേശനം നേടണം.
ഇതു മാതാപിതാക്കളെ സാന്പത്തികത്തകർച്ചയിലേക്കു നയിക്കും. ആവശ്യപ്പെടുന്ന കോഴ്സ് ഫീസും ഹോസ്റ്റൽ ഫീസും കൊടുത്താലും വെറും കച്ചവടക്കാരെപ്പോലെ പെരുമാറുന്ന പല ഇതരസംസ്ഥാന കോളജ് മാനേജ്മെന്റുകളും വിദ്യാർഥികളുടെ സുരക്ഷയ്ക്കോ ആരോഗ്യത്തിനോ ഒരു താത്പര്യവും കാണിക്കാത്തവരാണ്.
പ്രവേശനം വാങ്ങിക്കൊടുക്കുന്ന ഇടനിലക്കാരുടെ കൊള്ള വേറെ. നമ്മുടെ കുട്ടികളെ ഇതരസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ചന്തയിലെത്തിക്കാൻ ആരെങ്കിലും പിആർ വർക്കു നടത്തുന്നുണ്ടോ? വീതം വാങ്ങുന്നുണ്ടോ?
80 ശതമാനം മാർക്ക് വാങ്ങിയവർക്കുപോലും നഴ്സിംഗ് പഠിക്കാൻ നാടുവിടേണ്ടിവരികയാണ്. സീറ്റ് കുറവായതുകൊണ്ട് എൻആർഐ ക്വോട്ടയിലുൾപ്പെടെ കച്ചവടവുമുണ്ടെന്നാണ് സൂചന. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്ആര്ഐ ക്വോട്ട തട്ടിപ്പാണെന്നും അവസാനിപ്പിക്കേണ്ടതാണെന്നും സുപ്രീംകോടതി നിരീക്ഷച്ചത് ഒരാഴ്ച മുന്പാണ്.
കേരളത്തിലെ മാറിമാറിവരുന്ന സർക്കാരുകളുടെ വരട്ടുരാഷ്ട്രീയം ഇതര സംസ്ഥാനങ്ങൾക്ക് ആഘോഷമാണ്. കാരണം, അവർക്കു പണമുണ്ടാകുന്നു, തൊഴിലവസരങ്ങൾ വർധിക്കുന്നു, കോളജുകളുടെ പരിസരങ്ങളിൽ വ്യാപാരവും ഹോസ്റ്റലുകൾ വഴിയുള്ള ഉപജീവനമാർഗവും സമാന്തരമായി വളരുന്നു, നികുതിയിനത്തിലും അല്ലാതെയും സർക്കാരിന്റെ വരുമാനം വർധിക്കുന്നു... ഇങ്ങനെ നിരവധി ഗുണങ്ങളുണ്ട്.
നമ്മളിവിടെ തൊഴിലില്ലായ്മ പരിഹരിക്കാനും സംരംഭകരെ ആകർഷിക്കാനും കടമെടുത്ത കോടികൾ മുടക്കി ആഗോള സംഗമങ്ങളും ലോക കേരള സഭയുമൊക്കെ നടത്തുകയാണ്. പോരെങ്കിൽ എടുത്താൽ പൊങ്ങാത്ത പ്രബന്ധങ്ങളുമെഴുതും. പക്ഷേ, കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയുന്നില്ല. മണിച്ചിത്രത്താഴ് എന്ന സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ സംഭാഷണം ഏറ്റവും ചേരുന്നത് ഈ സർക്കാരിനാണ്- “എന്നെ ശരിക്കൊന്നു ശ്രദ്ധിച്ചേ, എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും പന്തികേടുണ്ടോ”യെന്നുള്ളത്. ലോകത്തുതന്നെ ഏറ്റവുമധികം നഴ്സുമാരെ സംഭാവന ചെയ്യുന്ന കേരളത്തിലെ ഈ നിസംഗത കാണുന്പോൾ സർക്കാരിന് എന്തോ പന്തികേടുണ്ടെന്നു തോന്നുന്നില്ലേ? അതാണ് കേരള വികസന മോഡൽ എന്ന നടപ്പുദീനം.
നിലവിലുള്ള കോളജുകൾ സീറ്റ് വർധിപ്പിക്കുകയും അർഹതയുള്ള മറ്റു സ്ഥാപനങ്ങളിൽ കോഴ്സ് അനുവദിക്കുകയും പുതിയ കോളജുകൾ അനുവദിക്കുകയുമൊക്കെ ചെയ്താൽ പ്രതിസന്ധി പരിഹരിക്കാം. വിദ്യാഭ്യാസരംഗത്ത് എന്തു പരിഷ്കരണത്തിനു മുതിർന്നാലും അഴിമതി, കച്ചവടം തുടങ്ങിയ സ്ഥിരം മുദ്രാവാക്യങ്ങളുമായി കൊടിയുമായി ഇറങ്ങുന്ന കുട്ടിരാഷ്ട്രീയക്കാരോട് മുടിപ്പിച്ചതു പോരെയെന്നു കേരളം ഉറക്കെ ചോദിക്കണം. അനധികൃത പ്രവേശനമോ അഴിമതിയോ തടയാനാകുന്നില്ലെങ്കിൽ അതു സർക്കാരിന്റെ കഴിവുകേടു മാത്രമാണ്.
സർക്കാരും പ്രതിപക്ഷവും മാറിച്ചിന്തിച്ചില്ലെങ്കിൽ യുവാക്കൾക്കു രണ്ടു മാർഗമേയുള്ളൂ. ഒന്നുകിൽ പഠനത്തിനും ജോലിക്കുമായി നാടുവിടുന്നവരുടെ നിരയിൽ അണിചേരുക. അല്ലെങ്കിൽ പരീക്ഷയെഴുതാതെ ജയിക്കാനും പിൻവാതിൽ നിയമനത്തിനും ജോലി ചെയ്യാതെ മാസപ്പടി ഒപ്പിക്കാനും ആവശ്യമായ രാഷ്ട്രീയബന്ധമുണ്ടാക്കി ദേഹത്തു കിളിർത്ത ആലിന്റെ തണലിൽ നാണംകെട്ടു ജീവിക്കുക. രണ്ടാമത്തേത് എല്ലാവർക്കും പറ്റില്ലല്ലോ. ഇതൊക്കെ വിധിയെന്നു കരുതിയാൽ യുവാക്കളില്ലാതാകുന്ന നവകേരളത്തിന് വ്യദ്ധസദനമെന്ന ബോർഡ് വയ്ക്കേണ്ടിവരും.