നരകം കണ്ട പെൺകുട്ടികൾ
Friday, October 25, 2024 11:16 PM IST
നാദിയ മുറാദ് എന്നും ഫൗസിയ എന്നും പേരായ രണ്ടു പെൺകുട്ടികൾ നരകത്തിൽനിന്നെത്തി നമ്മോടാവശ്യപ്പെടുന്നത് പെൺമക്കളുള്ളവരും ഇല്ലാത്തവരും കേൾക്കണം.
ദിവസങ്ങൾക്കു മുന്പ് ഗാസയിൽനിന്നു മോചിപ്പിക്കപ്പെട്ട യസീദി പെൺകുട്ടിയുടെ അനുഭവങ്ങൾ ഇസ്ലാമിക തീവ്രവാദത്തിന്റെ കൊടും ക്രൂരതകളിലേക്കു വെളിച്ചം വീശുന്ന പുതിയ വെളിപ്പെടുത്തലായി. ഇസ്ലാമിക് സ്റ്റേറ്റ് 2014ൽ ഇറാക്കിൽ ലൈംഗിക അടിമയാക്കിയ ഫൗസിയ അമീൻ സീദോ എന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസം ഇസ്രയേലും അമേരിക്കയും ഇറാക്കും ചേർന്നാണ് ഗാസയിൽനിന്നു മോചിപ്പിച്ചത്.
ഇസ്ലാമിക് സ്റ്റേറ്റു(ഐഎസ്)മായി ബന്ധമില്ലെന്നു ഹമാസ് പറയാറുണ്ടെങ്കിലും രണ്ടും തമ്മിലുള്ള തീവ്രവാദ സാഹോദര്യത്തെ ഈ സംഭവം സൂചിപ്പിക്കുന്നുണ്ട്. പലസ്തീൻ വിഷയം പോലെയല്ല; ഇസ്ലാമിക് സ്റ്റേറ്റ് ഇറാക്കിലുൾപ്പെടെ യസീദികളെയും ക്രിസ്ത്യാനികളെയും വംശഹത്യ നടത്തിയപ്പോൾ കേരളത്തിൽ വാർത്തയല്ലാതിരുന്നതിനാൽ ഇവിടെ പലരും ആ കൊടും ക്രൂരതകൾ അറിഞ്ഞില്ല.
മുസ്ലിം തീവ്രവാദികളുടെ ഇതരമത-വംശീയ വിരുദ്ധതയുടെയും ക്രൂരതകളുടെയും അനുഭവങ്ങളാണ് ദിവസങ്ങൾക്കു മുന്പ് ഗാസയിൽനിന്നു മോചിപ്പിച്ച് ഇറാക്കിലെത്തിച്ച ഫൗസിയ അമീൻ സീദോ മാധ്യമങ്ങളുമായി പങ്കുവച്ചത്. 2014 ഓഗസ്റ്റിലാണ് ഭീകരർ ഉത്തര ഇറാക്കിലെ നിനവേയിലുള്ള സിൻജാറിൽനിന്നു മറ്റു പെൺകുട്ടികൾക്കൊപ്പം ഫൗസിയയെ തട്ടിക്കൊണ്ടുപോയത്.
അന്നവൾക്കു പ്രായം 10. യസീദി പുരുഷന്മാരെയും ആൺകുട്ടികളെയും കൂട്ടക്കൊല ചെയ്തശേഷം സ്ത്രീകളെയും പെൺകുട്ടികളെയും അടിമകളാക്കുകയായിരുന്നു. ഒന്പതു മാസം ഭീകരരുടെ തടവിൽ കഴിഞ്ഞപ്പോൾ നാലു തവണ സിറിയയിൽനിന്നുള്ള ഐഎസ് ഭീകരർക്കു കൈമാറി. ക്രൂരമായ ലൈംഗികപീഡനങ്ങൾക്കൊടുവിൽ അഞ്ചാം തവണ 2015ൽ സിറിയയിലെ റാഖായിൽവച്ച് ഐഎസ് തീവ്രവാദിയായ പലസ്തീൻ യുവാവിന് അവളെ കൈമാറി.
അയാൾ മയക്കുമരുന്നു കൊടുത്ത് ക്രൂരമായ ലൈംഗികപീഡനങ്ങൾക്ക് ഇരയാക്കി. 15 വയസ് തികയുന്നതിനുമുന്പ് ഫൗസിയയ്ക്ക് അയാളിൽ രണ്ടു കുട്ടികളുണ്ടായി. തുടർന്ന് അയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ഫൗസിയയ്ക്കു നേരേ പീഡനങ്ങൾ വർധിപ്പിക്കുകയും ചെയ്തു. അയാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനുശേഷം അയാളുടെ അമ്മയോടൊപ്പം ഫൗസിയ ഗാസയിലെത്തി. രണ്ടു മക്കളുമായി തിരിച്ചെത്തുന്ന തന്നെ യസീദി സമുദായം സ്വീകരിക്കുമോയെന്ന ഭയത്താലാണ് വിധിയെ പഴിച്ച് ഫൗസിയ വേട്ടക്കാർക്കൊപ്പം ഗാസയിൽ ജീവിക്കാമെന്നു വച്ചത്.
പക്ഷേ, അവിടെയും ക്രൂരമായ പീഡനങ്ങൾക്കിരയായി. ഹമാസും യസീദികളെ വെറുപ്പോടെയാണു കാണുന്നത്. ഒരിക്കൽ വീടിനു പുറത്തിറങ്ങിയതിന് ഹമാസ് തീവ്രവാദി തലയിൽ തോക്കു ചൂണ്ടി മുറിക്കുള്ളിൽ കയറാൻ ആവശ്യപ്പെട്ടെന്ന് ഫൗസിയ വെളിപ്പെടുത്തി. തടവിലായിരുന്ന സമയത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തനിക്കും ഒപ്പമുണ്ടായിരുന്നവർക്കും തന്ന ഇറച്ചിക്കറി അവർ കൊന്ന മനുഷ്യക്കുഞ്ഞുങ്ങളുടേതായിരുന്നു.
കഴിച്ചുകഴിഞ്ഞപ്പോൾ ആ വിവരം വെളിപ്പെടുത്തുകയും കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ഫോട്ടോ കാണിക്കുകയും ചെയ്തെന്ന് ഫൗസിയ പറഞ്ഞു. ഇസ്രയേൽ ഗാസയിൽ ആക്രമണം തുടങ്ങിയപ്പോഴാണ് വീടിനു പുറത്തിറങ്ങാനും രക്ഷപ്പെടാനുമുള്ള മാർഗം തെളിഞ്ഞത്. കഴിഞ്ഞ 15 വർഷങ്ങളെങ്കിലുമായി വിവിധ ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങൾ ക്രൈസ്തവരോടും ഇതര വംശജരോടും കാണിച്ചിട്ടുള്ള ക്രൂരതകൾക്കും വംശഹത്യകൾക്കും സമാനതകളില്ല.
അവർ നടത്തിയ രൂക്ഷമായ മനുഷ്യാവകാശ ലംഘനങ്ങൾ എല്ലാവരും അറിഞ്ഞിട്ടുമില്ല. ഈജിപ്തിലും ഇറാക്കിലും സിറിയയിലും കഴുത്തറക്കപ്പെട്ട ക്രൈസ്തവരുടെയും യസീദികളുടെയും ചോരകൊണ്ട് മെഡിറ്ററേനിയൻ കടലും യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളും ചുവക്കുകയും കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടികളുടെ നിലവിളികൾ കുറ്റകരമായ നിശബ്ദതകളാൽ അവഗണിക്കപ്പെടുകയും ചെയ്ത കാലം പൂർണമായും അവസാനിച്ചിട്ടില്ല.
കേരളത്തിലുൾപ്പെടെ ഇരട്ടത്താപ്പിന്റെ ഈ രാഷ്ട്രീയ-പത്രപ്രവർത്തന അപചയം മലയാളികളെ നിഷ്പക്ഷമായ മനുഷ്യാവകാശ ബോധ്യങ്ങളിൽനിന്ന് അകറ്റിയിട്ടുണ്ട്. 2014ൽ, 21-ാമത്തെ വയസിൽ ഇറാക്കിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട യസീദി യുവതി നാദിയ മുറാദ് രക്ഷപ്പെട്ടു പുറത്തുവന്നതോടെയാണ് ഇസ്ലാമിക തീവ്രവാദികൾ ചവിട്ടിയരച്ച ആയിരക്കണക്കിനു സ്ത്രീകൾ അനുഭവിച്ചത് എന്തായിരുന്നുവെന്നു ലോകം നടുക്കത്തോടെ അറിഞ്ഞത്.
കുടുംബത്തിലുള്ളവരെയെല്ലാം കൊന്നതിനു ശേഷമാണ് നാദിയയെയും ഭീകരർ കൊണ്ടുപോയത്. തുടർന്നുള്ള ദിവസങ്ങളിൽ ഇസ്ലാമിക തീവ്രവാദികൾ നാദിയയെ മാറിമാറി മാനഭംഗം ചെയ്തു, വില്പന നടത്തി, ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി.രക്ഷപ്പെട്ടതിനുശേഷം നാദിയ മുറാദ് എഴുതിയ ‘ദ ലാസ്റ്റ് ഗേൾ’ (അവസാനത്തെ പെൺകുട്ടി) എന്ന പുസ്തകം പരിഷ്കൃതലോകം വായിച്ചത് തങ്ങളുടെ പെൺമക്കളുടെ സുരക്ഷയെക്കുറിച്ച് അപരിചിതമായൊരു ഉത്കണ്ഠ ഏറ്റുവാങ്ങിക്കൊണ്ടാണ്.
കോച്ചോ എന്ന യസീദി ഗ്രാമത്തിൽനിന്നു പെൺകുട്ടികളെ ഇറാക്കിന്റെ തലസ്ഥാനമായ മൊസൂളിലേക്കു കൊണ്ടുപോകുന്ന ബസിൽവച്ച് ഐഎസ് തീവ്രവാദി പെൺകുട്ടികളുടെയെല്ലാം മാറിടത്തിൽ അവകാശമെന്നപോലെ കൈവച്ചതിനെക്കുറിച്ച് നാദിയ ഇങ്ങനെ പറഞ്ഞു: “അയാൾ രണ്ടാമതുമെത്തി എന്റെ ഉടുപ്പിനുള്ളിൽ കൈയിട്ടപ്പോൾ ഒച്ചവയ്ക്കാൻ എനിക്കു പേടിയായിരുന്നു.
എന്റെ കണ്ണീർ അയാളുടെ കൈയിലൂടെ ഒഴുകിയെങ്കിലും അയാൾ ഉദ്ദേശിച്ചതു നടത്തിയിട്ടാണു പോയത്.” പിന്നീടുള്ള ദിവസങ്ങളിൽ സംഭവിച്ച ക്രൂരതകളെക്കുറിച്ച് നാദിയ എഴുതിയതിന്റെ നൂറിലൊരംശം പോലും ഇവിടെ സൂചിപ്പിക്കാനാകില്ല. എന്താണ് ‘ഇസ്ലാമിക രാഷ്ട്രം’ എന്നതിന്റെ അനുഭവം സാക്ഷ്യപ്പെടുത്തിയവരാണ് ഫൗസിയയും നാദിയയുമൊക്കെ.
ഇസ്ലാമിക തീവ്രവാദം ഓരോ പേരുകളിൽ ഓരോ ദേശങ്ങളിൽ അവതരിക്കുന്പോൾ അതു തിരിച്ചറിയാൻ അനുവദിക്കാത്തവർ രാഷ്ട്രീയക്കാരാണെങ്കിലും മനുഷ്യാവകാശക്കാരാണെങ്കിലും മാധ്യമങ്ങളാണെങ്കിലും സംശയത്തോടെ വീക്ഷിക്കേണ്ടതുണ്ട്. മനുഷ്യാവകാശങ്ങൾ നമ്മുടെ താത്പര്യങ്ങൾക്കനുസരിച്ച് തെളിക്കാനും കെടുത്താനുമുള്ള വിളക്കല്ല. നാദിയ മുറാദ് എന്നും ഫൗസിയ എന്നും പേരായ രണ്ടു പെൺകുട്ടികൾ നരകത്തിൽനിന്നെത്തി നമ്മോടാവശ്യപ്പെടുന്നത് അതാണ്.