വെടിക്കെട്ട് ബോംബാക്രമണമാക്കരുത്
Tuesday, October 29, 2024 10:39 PM IST
നാളെ ദീപാവലിയും അടുത്ത ഏതാനും മാസങ്ങൾ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെയുമൊക്കെ സമയവുമാണ്. വെടിക്കെട്ട് അപകടങ്ങൾക്ക് ഏറെ സാധ്യതയുണ്ട്. നീലേശ്വരം മുന്നറിയിപ്പാണ്; കേന്ദ്രസർക്കാരിന്റെ നിയന്ത്രണങ്ങളെ പുച്ഛിച്ചു തള്ളരുത്.
ആഹ്ലാദത്തിന്റെ വർണ-ശബ്ദ വിസ്മയങ്ങൾക്കുള്ളിൽ മരണസാധ്യതകൾ ഒളിപ്പിച്ചുവച്ചിരിക്കുന്നൊരു പ്രകടനമാണ് വെടിക്കെട്ട്. ചെറിയൊരു അശ്രദ്ധയും നിലവിളികളിലൊടുങ്ങും. കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടവും അതാണ് ഓർമിപ്പിക്കുന്നത്.
സന്തോഷത്തിൽതന്നെ അവസാനിക്കേണ്ടിയിരുന്ന ഉത്സവം എല്ലാവരെയും വിഷാദത്തിലാക്കി. പരിക്കേറ്റ 150 പേരിൽ എട്ടു പേരുടെ നില ഗുരുതരമാണ്. നിരവധി വെടിക്കെട്ടപകടങ്ങളും മരണങ്ങളും കേരളം കണ്ടു. എന്നിട്ടും സുരക്ഷാ ക്രമീകരണങ്ങളിൽ നാം വിട്ടുവീഴ്ച ചെയ്യുകയും വീണ്ടും വീണ്ടും ആപത്തു വിളിച്ചുവരുത്തുകയുമാണ്.
ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ക്രമീകരണങ്ങൾക്കു മുതിരുന്പോൾ വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും ജനവികാരത്തിന്റെയും കാര്യം പറഞ്ഞ് തടസമുണ്ടാക്കുന്നതാണ് യഥാർഥ ജനവിരുദ്ധത. വീരർകാവ് ക്ഷേത്രത്തിലെ അപകടം തിരിച്ചറിവിനും തിരുത്തലിനുമാണ് തിരി കൊളുത്തേണ്ടത്.
വീരർകാവിൽ ചൈനീസ് പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെ തൊട്ടടുത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി വീണാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ഇതിനുള്ള അകലം 100 മീറ്ററെങ്കിലും വേണമെന്നിരിക്കേ ഏതാനും അടി അകലെയാണ് സൂക്ഷിച്ചതെങ്കിൽ ഈ അപകടം ക്ഷണിച്ചുവരുത്തിയതാണ്.
പടക്കം സൂക്ഷിച്ചിരുന്നതിനടുത്ത് ആളുകളുമുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം ഒരു കിലോമീറ്റർ അകലെവരെ കേട്ടു. ഭയന്നോടിയ ആൾക്കൂട്ടത്തിനിടയിൽ പെട്ടാണ് പലർക്കും പരിക്കേറ്റത്. അകലത്തിനുള്ള മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ അപകടമുണ്ടായാലും ഇത്രയേറെ ആളുകൾക്കു പരിക്കേൽക്കില്ലായിരുന്നു. കുറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ പോലും വീരർകാവിൽ പാലിച്ചില്ലെന്നാണ് പോലീസ് പറഞ്ഞത്.
എന്നാൽ, വെടിക്കെട്ടിനുമുന്പ് പോലീസ് സ്ഥലം പരിശോധിക്കേണ്ടതായിരുന്നെന്നും വിമർശനമുണ്ട്.
നാളെ ദീപാവലിയാണ്. അടുത്ത ഏതാനും മാസങ്ങൾ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെയുമൊക്കെ സമയവുമാണ്. വെടിക്കെട്ട് അപകടങ്ങൾക്ക് ഏറെ സാധ്യതയുണ്ട്. ഒക്ടോബർ 11നാണ് വെടിക്കെട്ട് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ എക്സ്പ്ലോസീവ് ആക്ടിൽ 35 ഭേദഗതികൾ വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്.
2016ൽ കൊല്ലം പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിൽ 114 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ടപകടം അന്വേഷിച്ച കമ്മീഷന്റെ ശിപാർശകൾ പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം. എന്നാൽ, ഇത് തൃശൂർ പൂരത്തെ ഉൾപ്പെടെ ബാധിക്കുമെന്നു കാണിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കത്തയച്ചിരുന്നു. വെടിക്കെട്ട് സാമഗ്രികൾ വയ്ക്കുന്ന സ്ഥലവും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മിൽ 200 മീറ്റർ അകലം വേണമെന്ന നിയന്ത്രണത്തിനെതിരേയാണ് കൂടുതൽ വിമർശനം.
അത് നടപ്പാക്കിയാൽ തൃശൂരിൽ ഉൾപ്പെടെ കേരളത്തിൽ പലയിടത്തും വെടിക്കെട്ട് നടക്കില്ല. പക്ഷേ, അത്തരമൊരു നിയന്ത്രണം ഉണ്ടായിരുന്നെങ്കിൽ പുറ്റിംഗലിലോ ഇപ്പോൾ നീലേശ്വരത്തോ അപകടത്തിന്റെ അനന്തരഫലം ഇത്രയും കടുത്തതാകുമായിരുന്നില്ല. കേന്ദ്രത്തിന്റെ വിജ്ഞാപനത്തിലെ ചില നിബന്ധനകളിൽ മാത്രമേ തർക്കമുള്ളൂ.
മറ്റുള്ളവ ഉടനെ നടപ്പാക്കുകയും തർക്കമുള്ളതു വിദഗ്ധാഭിപ്രായം ഗൗരവത്തിലെടുത്തു പരിഹരിക്കുകയും വേണം. ഏതാനും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ആഹ്ലാദം നിരവധി കുടുംബങ്ങളിൽ ആയുസ് മുഴുവൻ നീണ്ടുനിൽക്കുന്ന ദുരന്തമായി മാറരുത്. 1952ൽ ശബരിമലയിൽ 68 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തം മുതൽ ഇന്നലെവരെ ക്ഷേത്ര-പള്ളിപ്പരിസരങ്ങളിലായി നിരവധി മനുഷ്യർ മരിക്കുകയും അനവധിയാളുകള്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്.
എന്നിട്ടും ഉത്സവങ്ങളും പെരുന്നാളുകളും യുദ്ധമല്ലെന്നും വെടിക്കെട്ടുകൾ ബോംബാക്രമണമല്ലെന്നും ഉറപ്പിക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സമീപകാലത്ത്, വെടിക്കെട്ടിനു പകരം ഡിജിറ്റൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും കലാപരിപാടികളും ഉൾപ്പെടെ മറ്റു പരിപാടികളിലേക്ക് ആഘോഷങ്ങൾ മാറിയിട്ടുണ്ട്.
കാലാനുസൃതവും സുരക്ഷ ഉറപ്പാക്കുന്നതുമായ മാറ്റങ്ങൾ നടപ്പാക്കുന്പോൾ ജനങ്ങളും അതിനോടു സഹകരിക്കുകയാണു വേണ്ടത്. വെടിക്കെട്ടിന്റെ അഭാവം മാത്രമല്ലല്ലോ പൂരങ്ങളെയും പെരുന്നാളുകളെയും കലക്കുന്നത്.