നിങ്ങളാദ്യം"മനുഷ്യനാകണം'
Thursday, October 17, 2024 10:37 PM IST
ധാർഷ്ട്യ രാഷ്ട്രീയത്തിന്റെ നിർമിതിയാണ് ദിവ്യമാർ. ബംഗാളിലും ത്രിപുരയിലുമുണ്ടായിരുന്നതുപോലത്തെ ഇത്തരം ദിവ്യമാരെക്കൊണ്ടും ദിവ്യന്മാരെക്കൊണ്ടും കേരളവും പൊറുതി മുട്ടുകയാണ്.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം കഴിഞ്ഞു. പക്ഷേ, ആ മരണം, ജീർണമായൊരു രാഷ്ട്രീയ സംസ്കാരത്തെ ഒരിക്കൽക്കൂടി തുറന്നുകാട്ടി. സംഭവത്തിൽ ഉത്തരവാദികളായവരെല്ലാം ശിക്ഷിക്കപ്പെട്ടാലും, ധാർഷ്ട്യക്കാരായ നേതാക്കളെ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയ സംസ്കാരത്തെ കേരളം എങ്ങനെ ചെറുക്കുമെന്ന ചോദ്യം ബാക്കിയാണ്.
അതിന് ഉത്തരം കണ്ടെത്തിയില്ലെങ്കിൽ ഈ നാടു നശിക്കുന്നത്, ഉള്ളതിലേക്കും മികച്ച ഭരണസംവിധാനമായ ജനാധിപത്യത്തിന്റെ മടിയിലിരുന്നുതന്നെയായിരിക്കും. വിപ്ലവഗാനങ്ങളിലും പ്രസംഗങ്ങളിലും ഭാഷാമേന്മയുള്ള ലേഖനങ്ങളിലുമൊന്നും കാണുന്നതല്ല പലരുടെയും യഥാർഥ രാഷ്ട്രീയം. അത്, അധികാരാസക്തി, ധാർഷ്ട്യം, ധനാർത്തി, അഴിമതി, ഹിംസ എന്നിവയുടെയൊക്കെ ഒരു ചേരുവയാണ്. അതിനെ ചെറുക്കണം, ജനാധിപത്യരാഷ്ട്രീയത്തെ വീണ്ടെടുക്കണം.
രാഷ്ട്രീയ ജീർണതയുടെ ദൃഷ്ടാന്തമാണ് കണ്ണൂരിൽ ഒക്ടോബർ 14നും തുടർന്നുള്ള ദിവസങ്ങളിലും കണ്ടത്. കണ്ണൂരിൽനിന്നു പത്തനംതിട്ടയിലേക്കു സ്ഥലം മാറിപ്പോകുന്ന എഡിഎം നവീൻ ബാബുവിന് സഹപ്രവർത്തകർ കളക്ടറേറ്റിൽ കൊടുത്ത യാത്രയയപ്പു യോഗത്തിലാണ് തുടക്കം. സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ, ഒരു പെട്രോൾ പന്പിന് അനുമതി കൊടുക്കുന്ന കാര്യത്തിൽ നവീൻ അഴിമതിക്കാരനെന്നു സൂചിപ്പിച്ച് പ്രസംഗിക്കുന്നു.
നവീൻ ഒരക്ഷരം ഉരിയാടുന്നില്ല. അദ്ദേഹത്തെ അടുത്തറിയാവുന്ന കളക്ടർ ഒരക്ഷരം ഉരിയാടുന്നില്ല. ആ മനുഷ്യൻ അഴിമതിക്കാരനല്ലെന്ന് അറിയാവുന്ന ശ്രോതാക്കളും ഒരക്ഷരം ഉരിയാടുന്നില്ല. സിപിഎം എന്ന പാർട്ടി അധികാരവും കൈയൂക്കുംകൊണ്ട് സ്ഥാപിച്ചെടുത്ത സ്ഥിതിവിശേഷത്തിന്റെ ഉപോത്പന്നമാണ് ആ മൗനം. നമ്മളതു മറ്റു ചില സിപിഎം നേതാക്കളിൽ കണ്ടിട്ടുള്ളതാണ്.
ഒരു നോട്ടംകൊണ്ടും ഏതാനും വാക്കുകൾകൊണ്ടും മറ്റുള്ളവരെ അധിക്ഷേപിക്കുകയും നിശബ്ദരാക്കുകയും ചെയ്യുന്ന രാജാപാർട്ടുകാരെ. പാർട്ടിക്കാർക്കും അല്ലാത്തവർക്കും തിരുത്താൻ ധൈര്യമില്ല. ആ മാതൃകയെ എന്തോ മഹത്തായ കാര്യമാണെന്നു തെറ്റിദ്ധരിച്ചു സ്വീകരിച്ചിട്ടുള്ള സിപിഎം നേതാക്കളിലൊരാളാണ് ദിവ്യ എന്നേ കരുതേണ്ടതുള്ളൂ. തന്നെ തിരുത്താൻ കളക്ടർ ഉൾപ്പെടെ ഒരാളും തല പൊക്കുകയോ നാവുയർത്തുകയോ ചെയ്യില്ലെന്ന് അവർക്കറിയാം.
രണ്ടാമത്തെ കാര്യം, നവീന്റെ അഭിമാനത്തെ അയാളുടെ ആത്മാവിൽനിന്ന് ദിവ്യ വേർപെടുത്തിയത് എത്ര മൃദുവായ ഭാഷയിലാണെന്നു നോക്കൂ. ഉള്ളിലെ ഹിംസ മുഖത്തില്ലായിരുന്നു. പക്ഷേ, ഓരോ കൂരന്പും കൊള്ളേണ്ടിടത്തു കൊണ്ടു. ധാർഷ്ട്യത്തിന്റെ ഈഗോയെ ശമിപ്പിച്ചതിന്റെ ആശ്വാസത്തിൽ ഒരാൾ ഉറങ്ങിയെഴുന്നേറ്റപ്പോൾ മറ്റെയാൾ നിത്യനിദ്രയിലായിപ്പോയി. യാത്രയയപ്പു യോഗത്തിലുണ്ടായിരുന്നവരുടെ മൗനം ഭയാധിഷ്ഠിത നിസഹായതകൊണ്ടാവാം.
പക്ഷേ, ജീർണരാഷ്ട്രീയം ജനാധിപത്യത്തിൽ സൃഷ്ടിച്ച നിസഹായാവസ്ഥയാണത്. ആ ജീർണതയുടെ പിന്തുണയിലാണ് പലരും നേതാക്കളായതും സ്ഥാനം നിലനിർത്തുന്നതും. ബംഗാളിലും ത്രിപുരയിലുമെന്നപോലെ, അത്തരം ദിവ്യമാരെയും ദിവ്യന്മാരെയുംകൊണ്ട് കേരളവും പൊറുതിമുട്ടുകയാണ്. പാർട്ടിയിലെ ഏതു തിന്മയെയും നന്മയാക്കുന്ന ന്യായീകരണം, അണികളുടെ വിധേയത്വം, അസത്യപ്രചാരണം തുടങ്ങിയവയെല്ലാം പതിവുപോലെയുണ്ടായി.
ദിവ്യയുടേത്, അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമർശനം മാത്രമാണെന്നു പറഞ്ഞ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, യാത്രയയപ്പു യോഗത്തിൽ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നെന്നും കൂട്ടിച്ചേർത്തു. ചാനലുകളിൽ ചർച്ചയ്ക്കെത്തിയ പാർട്ടിക്കാരെല്ലാം ദിവ്യയെ കൈവിടാതെ നവീന്റെ മരണത്തിൽ സങ്കടപ്പെട്ടുകൊണ്ടിരുന്നു. മരണാനന്തരവും നവീനെ സംശയത്തിന്റെ നിഴലിൽ നിർത്തിയത് പാർട്ടിക്കാർ മാത്രം.
ദിവ്യ മറ്റേതെങ്കിലും പാർട്ടിയിൽ പെട്ടയാളായിരുന്നെങ്കിൽ സദുദ്ദേശ്യപരമായ വിമർശനം നടത്തിയ ആളുടെ സ്ഥിതി എന്താകുമായിരുന്നു? ഒടുവിൽ കേരളത്തിനൊപ്പം പാർട്ടിയുടെ പത്തനംതിട്ട ഘടകം ഉറച്ചുനിൽക്കുകയും യൂണിയനുകളിൽ അഭിപ്രായവ്യത്യാസമുണ്ടാകുകയും ഉപതെരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന ഉൾവിളിയുണ്ടാകുകയും ചെയ്തതിനാലാകാം പാർട്ടി സെക്രട്ടറി ഉൾപ്പെടെ നിലപാടു മാറ്റി.
ദിവ്യക്കെതിരേ കേസെടുക്കാൻ നിർബന്ധിതരാകുകയും ചെയ്തു. ഇതുവരെയുള്ള വിവരങ്ങൾ വച്ച് അഴിമതിയുടെ മരണാനന്തര കുപ്പായം നവീനെ അണിയിക്കാനുള്ള ശ്രമങ്ങളെല്ലാം പാഴാകുകയാണ്. നവീനു കൈക്കൂലി കൊടുത്തെന്നു പറയുന്നതിന്റെ പിറ്റേന്നത്തെ ഒരു ഫോൺ സംഭാഷണത്തിൽ പെട്രോൾ പന്പ് തുടങ്ങാനിരിക്കുന്ന ടി.വി. പ്രശാന്തൻ മറ്റൊരാളോട് പറയുന്നത്, പണത്തെക്കുറിച്ച് അയാളൊരു സൂചനപോലും തരുന്നില്ലെന്നാണ്.
കൈക്കൂലിക്കെതിരേ കൊടുത്തെന്നു പറയുന്ന പരാതികളും കെട്ടുകഥകളായി മാറുന്നു. പ്രശാന്തനൊപ്പം പരിയാരം മെഡിക്കൽ കോളജിൽ ജോലിചെയ്യുന്ന ദിവ്യയുടെ ഭർത്താവ് അജിത്തും വിവാദത്തിലായി. അന്വേഷണത്തിൽ എല്ലാം പുറത്തുവരുമോയെന്നറിയില്ല. പണം വാങ്ങിയാണോ ഉന്നതനേതാക്കളുടെ ഉത്തരവിലൂടെയാണോ ഒടുവിൽ പന്പിന് എൻഒസി കിട്ടിയത് എന്നൊക്കെയറിയണം.
അഴിമതിയും അക്രമവും ഭരണപരാജയവും പിൻവാതിൽ നിയമനങ്ങളും പോലീസ്രാജും രാഷ്ട്രീയ ബാന്ധവ ആരോപണങ്ങളും എസ്എഫ്ഐ നേതാക്കളുടെ ഗുണ്ടായിസവും വിദ്യാഭ്യാസരംഗത്തെ അഴിമതികളും യുവനേക്കൾക്കെതിരേയുള്ള പിൻവാതിൽ നിയമന വിവാദങ്ങളുമൊക്കെ പ്രതിക്കൂട്ടിലാക്കിയ സിപിഎമ്മിന്റെ തലയ്ക്കു മുകളിൽ കണ്ണൂർ സംഭവവും തൂങ്ങിയാടുകയാണ്. ഈ രാഷ്ട്രീയവും പ്രാദേശിക നേതാക്കൾപോലും അലങ്കാരമാക്കിയ ധാർഷ്ട്യവും ജനാധിപത്യത്തോടല്ല ഏകാധിപത്യത്തോടാണ് ചേർന്നുനിൽക്കുന്നത്.
അതു ചെറുക്കപ്പെടണം. കമ്യൂണിസത്തിന്റെ ആവിർഭാവം ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും പശ്ചാത്തലത്തിലും പാവങ്ങളുടെ ജീവത്യാഗത്തിലുമായിരുന്നെങ്കിലും അതിന്റെ വളർച്ചയുടെ ചരിത്രം അനഭിമതരെ കൂട്ടക്കൊല ചെയ്തും പാർട്ടിക്കുള്ളിലെ എതിർശബ്ദങ്ങളെ പോലും അടിച്ചമർത്തിയും ഏകാധിപതികളെ സൃഷ്ടിച്ചുമായിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നും ജനഹൃദയങ്ങളിൽനിന്നും നിഷ്കാസിതമാകുന്നതിന്റെ തലേന്നും കമ്യൂണിസ്റ്റ് ഏകാധിപതികൾ അത് അംഗീകരിച്ചിരുന്നില്ല.
ജനാധിപത്യ ഭരണഘടനയുടെ നിയന്ത്രണമില്ലായിരുന്നെങ്കിൽ കണ്ണൂരിൽ കണ്ട ധാർഷ്ട്യം ഈ നാടിനെ ഇതിനോടകം ജനാധിപത്യത്തിൽനിന്നു വേർപെടുത്തുമായിരുന്നുവെന്നു തോന്നിപ്പോകുന്നു. രാഷ്ട്രീയത്തെയല്ല, അതിന്റെ ജീർണതയെ ചെറുക്കണം. നവീന്റെ മരണത്തിൽ മനുഷ്യത്വപരമായ നിലപാടു സ്വീകരിച്ചവരും കുടുംബത്തോടൊപ്പം നിന്ന പാർട്ടിക്കാരും സിപിഎം പത്തനംതിട്ട ഘടകവുമൊക്കെ പ്രതീക്ഷയുണർത്തുന്ന രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
നിങ്ങൾ നാളെയും മനുഷ്യർക്കൊപ്പമുണ്ടായിരുന്നാൽ പാർട്ടിക്കും ഭാവിയുണ്ട്. സിപിഎമ്മിനെ നോക്കി ഇന്നു കേരളം വിളിച്ചുപറയുന്നത്, ദുഷിച്ച പാർട്ടിക്കാർക്കു പാടാൻ അർഹതയില്ലാത്ത ആ പാട്ടിന്റെ ആദ്യവാക്കാണ്; "മനുഷ്യനാകണം.'