ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഏഴു വിക്കറ്റ് ജയം
Sunday, March 23, 2025 12:23 AM IST
കോൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം സീസണിനു വെടിക്കെട്ടടിയോടെ തുടക്കം.
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യൻമാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കന്നിക്കിരീടം ലക്ഷ്യമിട്ട് 18-ാം സീസണിലും ഇറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഏഴു വിക്കറ്റിനു കീഴടക്കി. 22 പന്ത് ബാക്കിവച്ചായിരുന്നു വിരാട് കോഹ്ലിയും സംഘവും വെന്നിക്കൊടി പാറിച്ചത്. സ്കോർ: കോൽക്കത്ത 20 ഓവറിൽ 174/8. ബംഗളൂരു 16.2 ഓവറിൽ 177/3.
ബംഗളൂരുവിനായി കോഹ്ലി 36 പന്തിൽ 59 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്നു സിക്സു നാലു ഫോറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. ഫിൽ സാൾട്ട് (56), ക്യാപ്റ്റൻ രജത് പാട്ടിദാർ (16 പന്തിൽ 36) എന്നിവരും ബംഗളൂരുവിനായി തിളങ്ങി. ഐപിഎല്ലിൽ കോൽക്കത്തയ്ക്ക് എതിരേ കോഹ്ലി 1000 റണ്‍സ് തികച്ചു. ഡേവിഡ് വാർണർ, രോഹിത് ശർമ എന്നിവരായിരുന്നു മുന്‍പ് ഈ നേട്ടത്തിൽ എത്തിയ കളിക്കാർ.
ചേസിംഗ് നടത്തിയ ടീമുകളാണ് കഴിഞ്ഞ സീസണിൽ ഈഡൻ ഗാർഡൻസിൽ ഏറ്റവും കൂടുതൽ തവണ ജയം നേടിയതെന്ന ചരിത്രം മനസിലാക്കിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്തു.
ക്വിന്റണ്‍ ഡികോക്കിനെ (4) തുടക്കത്തിലേ നഷ്ടപ്പെട്ട കെകെആറിനെ സുനിൽ നരെയ്ൻ (26 പന്തിൽ 44), ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (31 പന്തിൽ 56) എന്നിവരുടെ ബാറ്റിംഗ് കരകറ്റി.
10-ാം ഓവറിൽ ഈ കൂട്ടുകെട്ടു പിരിയുന്പോൾ സ്കോർ 107ൽ എത്തിയിരുന്നു. പിന്നീട്, അംഗ്രിഷ് രഘുവംശിക്കു (22 പന്തിൽ 30) മാത്രമാണ് കോൽക്കത്ത സ്കോർബോർഡിലേക്കു കാര്യമായ സംഭാവന നൽകാൻ സാധിച്ചത്.
നേരിട്ട 25-ാം പന്തിലായിരുന്നു രഹാനെ അർധസെഞ്ചുറി തികച്ചത്. നാലു സിക്സും ആറു ഫോറും അടക്കമാണ് രഹാനെയുടെ 56 റൺസ്. വൈസ് ക്യാപ്റ്റൻ വെങ്കിടേഷ് അയ്യർ (6), വെടിക്കെട്ട് ബാറ്റർമാരായ റിങ്കു സിംഗ് (12), ആന്ദ്രേ റസൽ (4) എന്നിവർ തിളങ്ങാതിരുന്നതോടെ കെകെആറിന്റെ സ്കോർ 174ൽ നിന്നു. റോയൽ ചലഞ്ചേഴ്സിന്റെ ക്രുണാൽ പാണ്ഡ്യ 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ റോയൽ ചലഞ്ചേഴ്സിനുവേണ്ടി ഓപ്പണർമാരായ ഫിൽ സാൾട്ടും വിരാട് കോഹ് ലിയും 8.3 ഓവറിൽ 95 റണ്‍സ് അടിച്ചുകൂട്ടി. 31 പന്തിൽ 56 റണ്‍സ് എടുത്ത സാൾട്ടാണ് ആദ്യം പുറത്തായത്. നേരിട്ട 25-ാം പന്തിലായിരുന്നു ഫിൽ സാൾട്ട് അർധസെഞ്ചുറിയിലെത്തിയത്. കോഹ്ലി 30-ാം പന്തിലും.