ഇന്ത്യയുടെ മൂന്നാം ഗോൾ സുനിൽ ഛേത്രി വക
Thursday, March 20, 2025 12:37 AM IST
ഷില്ലോംഗ്: സുനിൽ ഛേത്രി ഗോളുമായി തിരിച്ചെത്തി, ഒപ്പം ഇന്ത്യ വിജയ വഴിയിലും. നാൽപ്പതുകാരനായ സുനിൽ ഛേത്രി വിരമിക്കൽ പിൻവലിച്ച് കളത്തിലിറങ്ങിയ ആദ്യ മത്സരത്തിൽ ഇന്ത്യക്കു ജയം. രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ഇന്ത്യ 3-0നു മാലദ്വീപിനെ കീഴടക്കി. 76-ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ വകയായിരുന്നു ടീമിന്റെ മൂന്നാം ഗോൾ.
രാഹുൽ ബെക്കെ (34’), ലിസ്റ്റണ്‍ കൊളാക്കോ (66’) എന്നിവരാണു മറ്റു ഗോൾ നേട്ടക്കാർ. ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞ് സ്റ്റാർട്ടിംഗ് ഇലവനിൽത്തന്നെ ഛേത്രി കളത്തിലെത്തി. മുഖ്യപരിശീലകൻ മാനോലൊ മാർക്വെസിന്റെ ശിക്ഷണത്തിനു കീഴിൽ ഇന്ത്യയുടെ ആദ്യ ജയമാണ്.
ഛേത്രി @ 95
2024 ജൂണ്‍ ആറിന് കുവൈറ്റിന് എതിരായ മത്സരത്തോടെയാണ് സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. ഒന്‍പതു മാസത്തിനുശേഷം കളത്തിൽ തിരിച്ചെത്തിയ ഛേത്രി, ഗോൾ നേട്ടത്തോടെ ആഘോഷിച്ചു. രാജ്യാന്തര ഫുട്ബോളിൽ ഛേത്രിയുടെ ഗോൾ സന്പാദ്യം 95 ആയി.
എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ 25നു ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.