മുംബൈയെ സൂര്യകുമാർ നയിക്കും
Thursday, March 20, 2025 12:37 AM IST
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവ് നായകൻ.
2024 ഐപിഎൽ സീസണിലെ അവസാന മത്സരത്തിൽ സ്ലോ ഓവർ റേറ്റിന്റെ പേരിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ഒരു മത്സര വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ 2025 സീസണിൽ മുംബൈയുടെ ആദ്യ മത്സരത്തിൽ സ്ഥിരം ക്യാപ്റ്റനായ ഹാർദിക്കിന് ഇറങ്ങാൻ സാധിക്കില്ല.
2024 സീസണിൽ സ്ലോ ഓവർ റേറ്റിന്റെ പേരിൽ മൂന്നു മത്സരങ്ങളിൽ ഹാർദിക്കിനു നടപടി നേരിടേണ്ടിവന്നിരുന്നു. ഒരു മത്സര വിലക്കിനൊപ്പം 30 ലക്ഷം രൂപ പിഴയും ഹാർദിക്കിനു ലഭിച്ചു.
ഇന്ത്യൻ ട്വന്റി-20 ടീമിന്റെ നായകനായ സൂര്യകുമാർ, 2023 ഐപിഎൽ സീസണിൽ ഒരു മത്സരത്തിൽ മുംബൈയെ നയിച്ചിട്ടുണ്ട്. 23ന് ചെന്നൈ സൂപ്പർ കിംഗ്സിന് എതിരേയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം.