അൽമാഡ അർജന്റീന
Sunday, March 23, 2025 12:22 AM IST
മോണ്ടെവീഡിയോ (ഉറുഗ്വെ): ഫിഫ 2026 ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഒന്പതാം ജയം കുറിച്ച് നിലവിലെ ലോക ചാന്പ്യന്മാരായ അർജന്റീന.
ഉറുഗ്വെയ്ക്ക് എതിരായ എവേ പോരാട്ടത്തിൽ 68-ാം മിനിറ്റിൽ ഇരുപത്തിമൂന്നുകാരനായ തിയാഗോ അൽമാഡ നേടിയ ലോംഗ് റേഞ്ച് ഗോളിൽ 1-0നായിരുന്നു അർജന്റീനയുടെ ജയം.
ജൂലിയൻ ആൽവരസ് നൽകിയ പാസിൽ, ബോക്സിന്റെ വലതു കോണിന്റെ പുറത്തുനിന്നു തൊടുത്ത ഷോട്ടിലൂടെ ആയിരുന്നു അൽമാൻഡയുടെ ഗോൾ. സൂപ്പർ താരം ലയണൽ മെസി, ലൗതാരൊ മാർട്ടിനെസ്, പൗലൊ ഡിബാല എന്നിവരില്ലാതെയാണ് അർജന്റീന ഇറങ്ങിയത്.
ലോകകപ്പ് യോഗ്യതയുടെ വക്കിൽ അർജന്റീന ഇതോടെ എത്തി. മറ്റൊരു മത്സരത്തിൽ ഇക്വഡോർ 2-1നു വെനസ്വേലയെ കീഴടക്കി. ബ്രസീലിനെ പിന്തള്ളി ഇക്വഡോർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തി.
അർജന്റീന ലോകകപ്പ് യോഗ്യതയുടെ വക്കിലെത്തി. 28 പോയിന്റുമായി അർജന്റീന ഒന്നാം സ്ഥാനത്തു തുടരുന്നു. ഇക്വഡോർ (22), ബ്രസീൽ (21), ഉറുഗ്വെ (20), പരാഗ്വെ (20) എന്നീ ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.