ഡബിൾ ധമാക്ക
Sunday, March 23, 2025 12:22 AM IST
ചെന്നൈ V/s മുംബൈ
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ അഞ്ചു തവണ വീതം ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും ഇന്ന് നേർക്കുനേർ. സ്പിൻ കെണിയുമായിറങ്ങുന്ന ചെന്നൈക്ക് മുന്നിൽ പ്രതാപം വീണ്ടെടുക്കേണ്ട അവസ്ഥയിലാണ്. വിലക്കു നേരിടുന്ന ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാർ യാദവ് മുംബൈയെ ഇന്നു നയിക്കും.
പരിക്കിനെത്തുടർന്ന് സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ അഭാവവും മുംബൈക്കു വിനയാണ്. ഋതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുക. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് തീ പാറും പോരാട്ടം.
ചെന്നൈ ഇത്തവണ സ്പിൻ ആക്രണമാണ് ലക്ഷ്യമിടുന്നത്. രവിചന്ദ്രൻ അശ്വിൻ, നൂർ അഹമ്മദ്, ശ്രേയസ് ഗോപാൽ എന്നിവരെ ഇത്തവണ സ്വന്തമാക്കിയത് ഈ ലക്ഷ്യം നടപ്പിലാക്കാനാണ്. നേരത്തേ ടീമിന്റെ ഭാഗമായ രവീന്ദ്ര ജഡേജയും ദീപക് ഹുഡയും കൂടി ചേരുന്പോൾ സ്പിൻ തന്ത്രങ്ങളുടെ കരുത്ത് പൂർണമാകും.
ഡെവോൺ കോണ്‍വെ, രചിൻ രവീന്ദ്ര ഓപ്പണിംഗ് ജോഡി ചെന്നൈയുടെ പ്രതീക്ഷയാണ്. മൂന്നാം നന്പറിൽ ക്യാപ്റ്റൻ ഋതുരാജ്. മിഡിൽ ഓർഡറിൽ രാഹുൽ ത്രിപാഠി, ശിവം ദുബെ, സാം കറണ്‍, ധോണി, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവർ കൂടി ചേരുന്പോൾ ബാറ്റിംഗ് നിര ശക്തം.
മുംബൈയ്ക്കായി രോഹിത് ശർമയ്ക്കൊപ്പം റയാൻ റിക്കിൾട്ടണ് ഓപ്പണ്‍ ചെയ്യും. മിഡിൽ ഓർഡറിൽ അതിവേഗ സ്കോറിങ്ങിനും വന്പൻ ഇന്നിംഗ്സിനും സാധിക്കുന്ന സൂര്യകുമാർ യാദവ്, തിലക് വർമ, വിൽ ജാക്സ് എന്നിവരുടെ പ്രകടനം നിർണായകമാകും.
നേർക്കുനേർ /ഐപിഎല്ലിൽ
ആകെ മത്സരം: 37
മുംബൈ ജയം: 20
ചെന്നൈ ജയം: 17
സൺറൈസേഴ്സ് V/ s രാജസ്ഥാൻ
ഹൈദരാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇന്നു നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ റണ്ണറപ്പായ സണ്‍റൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെ നേരിടും. ക്യാപ്റ്റൻ സഞ്ജു സാംസണ് പരിക്കിനെത്തുടർന്ന് ഇംപാക്ട് പ്ലെയറായി കളിക്കുന്നതിനാൽ ആദ്യ മൂന്ന് മത്സരങ്ങളിൽ റയാൻ പരാഗാണ് രാജസ്ഥാനെ നയിക്കുക.
കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയ രണ്ടു മത്സരങ്ങളിലും ജയം നേടിയ സണ്‍റൈസേഴ്സ് ആത്മവിശ്വാസത്തിലാണ്. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം
മികച്ച വെടിക്കെട്ട് ബാറ്റർമാരുടെ ടോപ്പ് ഓർഡറാണ് സണ്‍റൈസേഴ്സിന്റെ കരുത്ത്. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ഹെന്റിച്ച് ക്ലാസൻ എന്നിവർ ഏതു ബൗളിംഗ് നിരയേയും അതിർത്തി കടത്തും.
കഴിഞ്ഞ സീസണിൽ മൂന്ന് മത്സരങ്ങളിൽ 250ന് മുകളിൽ ടീം സ്കോർ ചെയ്തിരുന്നു. ഐപിഎൽ പവർപ്ലെയിലെ ഏറ്റവും ഉയർന്ന ടോട്ടൽ അഭിഷേക്- ഹെഡ് സഖ്യം കഴിഞ്ഞ സീസണിൽ ഡൽഹിക്കെതിരേ കുറിച്ച 125 റണ്‍സാണ്.
യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, ഷിർമോൻ ഹെറ്റ്മയർ, ധ്രുവ് ജുറൽ, നിതീഷ് റാണ എന്നിവർക്കാണ് രാജസ്ഥാന്റെ സ്കോർ പടുത്തുയർത്തേണ്ട ഉത്തരവാദിത്തം. റിയാൻ പരാഗും കൂടി ചേരുന്നതോടെ മികച്ച സ്കോർ ടീമിന് അപ്രാപ്യമല്ല. ക്യാപ്റ്റൻ പാറ്റ് കമ്മിൻസുള്ളതാണ് ഹൈദരാബാദിന്റെ ബൗളിംഗ് ആത്മവിശ്വാസം. ഒപ്പം മുഹമ്മദ് ഷമി, ആദം സാംപ.
ജോഫ്ര ആർച്ചർ നയിക്കുന്ന രാജസ്ഥാൻ ബൗളിംഗ് ആക്രമണത്തിൽ സന്ദീപ് ശർമ, സ്പിന്നർ മഹീഷ് തീഷ്ണ എന്നിവരുണ്ട്. ഹൈദരാബാദിൽ രാജസ്ഥാനെതിരേ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും ജയം സണ്‍റൈസേഴ്സിനായിരുന്നു.
നേർക്കുനേർ / ഐപിഎല്ലിൽ
ആകെ മത്സരം: 20
ഹൈദരാബാദ് ജയം: 11
രാജസ്ഥാൻ ജയം: 09