സ്വീറ്റ് കിവി ; ന്യൂസിലൻഡിനു ജയം
Thursday, February 20, 2025 2:41 AM IST
കറാച്ചി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിന് 60 റൺസിന്റെ മിന്നും ജയം. ആതിഥേയരായ പാക്കിസ്ഥാനെയാണ് കിവികൾ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ന്യൂസിലന്‍ഡ് 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് കുറിച്ചു. ഐസിസി ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ പാക്കിസ്ഥാനെതിരേ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 2017ല്‍ ഇന്ത്യ കുറിച്ച 319/3 ഇതോടെ പഴങ്കഥയായി.
321 റൺസ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ പാക്കിസ്ഥാൻ 47.2 ഓവറിൽ 260നു പുറത്തായി. ഖുഷ്ദിൽ ഷാ (49 പന്തിൽ 69), ബാബർ അസം (90 പന്തിൽ 64) എന്നിവരാണ് പാക് ഇന്നിംഗ്സിലെ ടോപ് സ്കോറർമാർ. ന്യൂസിലൻഡിന്റെ വിൽ ഒറൂക്കും മിച്ചൽ സാന്റ്നറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
രണ്ട് സെഞ്ചുറി
ഓപ്പണര്‍ വില്‍ യംഗ്, വിക്കറ്റ് കീപ്പര്‍ ടോം ലാഥം എന്നിവരുടെ സെഞ്ചുറി ബലത്തിലായിരുന്നു കിവീസ് കറാച്ചി വാണത്. വില്‍ യംഗ് 113 പന്തില്‍ 107 റണ്‍സ് നേടി. അഞ്ചാം നമ്പറായി എത്തിയ ലാഥം 104 പന്തില്‍ 118 റണ്‍സുമായി പുറത്താകാതെ നിന്നു. ഗ്ലെന്‍ ഫിലിപ്പ്സും (39 പന്തില്‍ 61) മിന്നും ബാറ്റിംഗ് കാഴ്ചവച്ചു.
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഒരു ഇന്നിംഗ്സില്‍ രണ്ടു ബാറ്റര്‍മാര്‍ സെഞ്ചുറി നേടുന്നത് അഞ്ചാം തവണയാണ്. പാക്കിസ്ഥാനെതിരേ ഏകദിന സെഞ്ചുറി നേടുന്ന ഏറ്റവും പ്രായമുള്ള ന്യൂസിലന്‍ഡ് താരം (32 വര്‍ഷവും 89 ദിനവും), ചാമ്പ്യന്‍സ് ട്രോഫി അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ന്യൂസിലന്‍ഡ് ബാറ്റര്‍ എന്നീ നേട്ടവും യംഗ് സ്വന്തമാക്കി.