ഐപിഎല്‍ 2025 മത്സരക്രമം പ്രഖ്യാപിച്ചു; ആദ്യ മത്സരം കെകെആര്‍ v/s ആര്‍സിബി
Monday, February 17, 2025 1:26 AM IST
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 എഡിഷന് മത്സരക്രമം ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചു.
നേരത്തേ അറിയിച്ചതുപോലെ മാര്‍ച്ച് 22 മുതലാണ് 2025 എഡിഷന് ഐപിഎല്‍ പോരാട്ടം. മാര്‍ച്ച് 22നു കോല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏറ്റുമുട്ടും.
നോക്കൗട്ട് മേയ് 20 മുതല്‍
ഐപിഎല്‍ നോക്കൗട്ട് മത്സരങ്ങള്‍ മേയ് 20 മുതല്‍ ആരംഭിക്കും. ക്വാളിഫയര്‍ ഒന്ന് മത്സരം മേയ് 20നു ഹൈദരാബാദില്‍ അരങ്ങേറും. മേയ് 21നു നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തിനും ഹൈദരാബാദ് വേദിയാകും. ക്വാളിഫയര്‍ രണ്ട്, ഫൈനല്‍ പോരാട്ടങ്ങള്‍ കോല്‍ക്കത്തയിലാണ്. മേയ് 23നാണ് ക്വാളിഫയര്‍ രണ്ട് പോരാട്ടം. ഫൈനല്‍ മേയ് 25ന് അരങ്ങേറും.
ചെന്നൈ x മുംബൈ
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 23നു സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ഹൈദരാബാദില്‍ നടക്കും. രാഹുല്‍ ദ്രാവിഡ് മുഖ്യപരിശീലകനായി രാജസ്ഥാന് റോയല്‍സില്‍ എത്തുന്ന ആദ്യ ഐപിഎല്‍ എഡിഷനാണിത്.
അതേസമയം, പാരമ്പര്യശക്തികളായ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം മറ്റൊരു കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ്.
രോഹിത് ശര്‍മയും എം.എസ്. ധോണിയും നട്ടെല്ലായുള്ള രണ്ടു ടീമുകളാണ് മുംബൈയും ചെന്നൈയും. മാര്‍ച്ച് 23നു ചെന്നൈയിലാണ് ഈ സൂപ്പര്‍ ഡ്യൂപ്പര്‍ പോരാട്ടം.
മത്സരങ്ങള്‍ 3.30, 7.30
ഐപിഎല്‍ 2025 സീസണ് മത്സരങ്ങള്‍ രണ്ടു സമയങ്ങളിലായാണ് നിശ്ചയിച്ചിരിക്കുന്നത്.
രാത്രി 7.30നാണ് മഹാഭൂരിപക്ഷം മത്സരങ്ങളും അരങ്ങേറുക. രണ്ടു മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യ പോരാട്ടം ഉച്ചകഴിഞ്ഞ് 3.30നു നടക്കും.