തട്ടിപ്പുകൾ തടയാൻ റദ്ദാക്കിയത് 3.4 കോടി മൊബൈൽ കണക്ഷനുകൾ
സ്വന്തം ലേഖകൻ
Monday, March 24, 2025 3:00 AM IST
ന്യൂഡൽഹി: ഓണ്‍ലൈൻ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇതുവരെ 3.4 കോടിയിലധികം മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ചതായി കേന്ദ്രസർക്കാർ. 3.19 ലക്ഷം ഐഎംഇഐ നന്പറുകൾ ബ്ലോക്ക് ചെയ്തതായും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ 16.97 ലക്ഷം വാട്സ് ആപ് അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കിയതായും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അറിയിച്ചു. ഓണ്‍ലൈൻ തട്ടിപ്പുകൾ തടയുന്നതിന് ആരംഭിച്ച ‘സഞ്ചാർ സാത്തി’ പോർട്ടൽ മുഖേനയാണ് ഇതു സാധ്യമായത്. ബൾക്ക് മെസേജുകൾ അയച്ച 20,000ലധികം പേരെ കരിന്പട്ടികയിൽപ്പെടുത്തിയിട്ടുണ്ടെന്നും കമ്മ്യൂണിക്കേഷൻസ്-ഗ്രാമവികസന സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖർ വ്യക്തമാക്കി. വ്യാജ രേഖകളിൽ എടുത്ത സംശയാസ്പദമായ മൊബൈൽ കണക്ഷനുകൾ തിരിച്ചറിയാൻ കേന്ദ്രസർക്കാർ ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞദിവസം സമൂഹമാധ്യമമായ വാട്സ് ആപ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 99 ലക്ഷത്തോളം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. 2025 ജനുവരി മാസത്തെ കണക്കുപ്രകാരമാണ് വാട്സ് ആപ്പിന്റെ നയത്തിനു വിരുദ്ധമായി പ്രവർത്തിച്ച അക്കൗണ്ടുകൾക്ക് കന്പനി പൂട്ടിട്ടത്.
വാട്സ് ആപ് പ്ലാറ്റ്ഫോം കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പുകൾക്ക് തടയിടുന്നതിനൊപ്പം സമഗ്രത നിലനിർത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണു നിരോധനമെന്ന് വാട്സ് ആപ് പ്രതിമാസ റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതിൽ 13 ലക്ഷം അക്കൗണ്ടുകൾ പരാതികൾ ലഭിക്കുന്നതിന് മുന്‍പുതന്നെ നീക്കം ചെയ്തവയാണ്. അനാവശ്യ മെസേജുകളുമായി ബന്ധപ്പെട്ട് ജനുവരിയിൽ വാട്സ് ആപ്പിന് 9,474 പരാതികളാണു ലഭിച്ചത്.
വാട്സ് ആപ് രജിസ്റ്റർ ചെയ്യുന്ന സമയം, സന്ദേശമയയ്ക്കുന്ന സമയം, പരാതികൾ ഉയരുന്ന സാഹചര്യം എന്നിങ്ങനെ മൂന്നു തലങ്ങളിലാണ് ദുരുപയോഗം കണ്ടെത്താൻ പരിശോധനകൾ നടത്തുന്നത്. രാജ്യത്തു സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ തട്ടിപ്പുകളിൽ ഏറിയ പങ്കും വാട്സ് ആപ് വഴിയാണെന്ന് ആഭ്യന്തരമന്ത്രാലയം നേരത്തെ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.