വിപണിയിൽ കുതിപ്പ്
ഓഹരി അവലോകനം / സോണിയ ഭാനു
Monday, March 24, 2025 1:42 AM IST
ഒടുവിൽ വിദേശ ഓപ്പറേറ്റർമാർക്ക് മനം മാറ്റം, ആറു മാസ കാലയളവിലെ വനവാസത്തിന് ശേഷം പണക്കിഴിയുമായി അവർ രംഗത്ത് ഇറങ്ങിയത് ഇന്ത്യൻ വിപണിയിൽ ഉത്സവപ്രതീതിജനിപ്പിച്ചു.
വിപണിയെ നാല് വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ അവരുടെ തിരിച്ചുവരവ് അവസരം ഒരുക്കി. നാല് ശതമാനം നേട്ടം വാരികൂട്ടിയ നിഫ്റ്റി 953 പോയിന്റ് വർധിച്ചപ്പോൾ സെൻസെക്സ് 3076 പോയിന്റ് ഒറ്റ ആഴ്ചയിൽ സ്വന്തമാക്കി.
വിപണി അടിമുടി ബുള്ളിഷായി മാറിയെന്ന് പൂർണമായി വിലയിരുത്താനായിട്ടില്ലെങ്കിലും നിഫ്റ്റിയിലെ അടിയൊഴുക്ക് ശക്തംതന്നെ. വിദേശ പണ പ്രവാഹത്തിൽ ഡോളറിന് മുന്നിൽ രൂപ 100 പൈസയുടെ മികച്ച തിരിച്ചുവരവും ഇതിനിടയിൽ കാഴ്ചവച്ചു. സാമ്പത്തിക മേഖലയിൽ ഉണർവ് കണ്ടുതുടങ്ങുമെന്ന സൂചനകൾക്ക് ഇതോടെ തുടക്കം കുറിച്ചു.
നിഫ്റ്റി തുടക്കത്തിലെ 22,555 പോയിന്റിൽനിന്നും 22,449ലേക്ക് താഴ്ന്ന അവസരത്തിലാണ് വിദേശ ഫണ്ടുകൾ പുതിയ വാങ്ങലുകൾക്ക് ഉത്സാഹിച്ചത്. ഒരവസരത്തിൽ സൂചിക കഴിഞ്ഞവാരം വ്യക്തമാക്കിയ 22,799ലെ നിർണായക പ്രതിരോധം തകർത്തതോടെ കൂടുതൽ കരുത്ത് കാണിച്ച് 23,402.70 വരെ മുന്നേറി. മാർക്കറ്റ് ക്ലോസിംഗിൽ സൂചിക അല്പം തളർന്ന് 23,350 പോയിന്റിലാണ്. ഈ വാരം 23,685ലെ ആദ്യ പ്രതിരോധം തകർക്കാനായാൽ നിഫ്റ്റി 24,020നെ ലക്ഷ്യമാക്കും.
ഡെറിവേറ്റീവ് മാർക്കറ്റിൽ ഈ വാരം നടക്കുന്ന സെറ്റിൽമെന്റ്കൂടി കണക്കിലെടുത്താൽ ഏപ്രിൽ സൂചിക 24,973നെ ഉറ്റുനോക്കാം. നിലവിൽ വിപണിക്ക് 22,732 പോയിന്റിൽ താങ്ങുണ്ട്. സാങ്കേതികമായി വീക്ഷിച്ചാൽ തൊട്ട് മുൻവാരത്തിൽ തന്നെ പാരാബോളിക്ക് എസ്എആർ ബുള്ളിഷായി മാറിയിരുന്നു. എന്നാൽ, സെല്ലിംഗ് മൂഡിൽനിന്നും സൂപ്പർ ട്രെൻഡ് വാരമധ്യമാണ് നിക്ഷേപകർക്ക് അനുകൂലമായത്. എംഎസിഡിയെ ബാധിച്ച ദുർബലാവസ്ഥ വിട്ടുമാറിയില്ല. അതേ സമയം മറ്റ് പല ഇൻഡിക്കേറ്ററുകൾ ഓവർ സോൾഡായത് വിപണിയുടെ തിരിച്ചുവരവിന് വേഗത പകരാം.
നിഫ്റ്റി മാർച്ച് ഫ്യൂചർ സെറ്റിൽമെന്റ് വ്യാഴാഴ്ചയാണ്. സെറ്റിൽമെന്റിന് മുന്നോടിയായി ഓപ്പറേറ്റർമാർ ഏപ്രിൽ സീരീസിലേക്ക് ചുവടുമാറ്റുകയാണ്. നിഫ്റ്റി ഏപ്രിലിൽ നാല് ശതമാനം ഉയർന്ന് വാരാന്ത്യം 23,528ലാണ്. ഇതിനിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 17 ലക്ഷം കരാറുകളിൽനിന്ന് 30.4 ലക്ഷമായി ഉയർന്നു. ഇത്ര ശക്തമായ ഒരു കുതിച്ചുചാട്ടം പുതിയ നിക്ഷേപകരുടെ വരവായി കണക്കാക്കാം. ഏപ്രിൽ ഫ്യൂച്ചർ 23,700നെ കൈപിടിയിൽ ഒതുക്കാനുള്ള ശ്രമങ്ങൾ വരും ദിനങ്ങളിൽ പ്രതീക്ഷിക്കാം. അത്തരം ഒരു സാഹചര്യം 24,000-24,200ലേക്കുള്ള ദൂരം കുറക്കും. എന്നാൽ, ഉയർന്ന റേഞ്ചിൽ പുതിയ ഷോർട്ട് പൊസിഷനുകൾ ഉടലെടുക്കാനും ഇടയുണ്ട്.
സെൻസെക്സ് 73,828 പോയിന്റിൽനിന്നും നേട്ടത്തിലാണ് ഇടപാടുകൾ പുനരാരംഭിച്ചത്. വാങ്ങൽ താത്പര്യം ശക്തമായതോടെ 75,000 ലെയും 76,000ലെയും പ്രതിരോധങ്ങൾ നിഷ്പ്രയാസം തകർത്ത് 77,041.94 വരെ ഉയർന്നു. വാരാന്ത്യ ക്ലോസിംഗിൽ സെൻസെക്സ് 76,905 പോയിന്റിലാണ്. വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ 77,973-79,041 റേഞ്ചിൽ പ്രതിരോധവും 74,904ൽ താങ്ങും പ്രതീക്ഷിക്കാം.
വിപണിയുടെ മുഖഛായ മാറ്റിമറിച്ചത് വിദേശ ധനകാര്യസ്ഥാപനങ്ങളാണ്. കഴിഞ്ഞ സെപ്റ്റംബർ മുതൽ വിൽപ്പനക്കാരുടെ മേലങ്കി മാത്രം അണിഞ്ഞ് രംഗത്ത് ഇറങ്ങിയിരുന്നു. അവർ പിന്നിട്ട വാരം ആ കുപ്പായം മാറ്റിയത് ഏറെ ശ്രദ്ധേയം. അവർ 5584.95 കോടി രൂപയുടെ ഓഹരികൾ രണ്ട് ദിവസങ്ങളായി വില്പന നടത്തിയെങ്കിലും മറ്റ് ദിവസങ്ങളിൽ അവർ നിക്ഷേപത്തിന് ഉത്സാഹിച്ചു, മൊത്തം 11,404.07 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
മാർച്ച് ആദ്യ പകുതിയിൽ വിദേശ നിക്ഷേപകർ 30,000 കോടി രൂപ ഇന്ത്യൻ മാർക്കറ്റിൽ നിന്നും പിൻവലിച്ചിരുന്നു. ഈ വർഷം ഇതുവരെ 1.57 ലക്ഷം കോടി രൂപയുടെ ഓഹരികൾ അവർ വിറ്റഴിച്ചു. അതേസമയം 1.81 ലക്ഷം കോടി രൂപആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഈ വർഷം നിക്ഷേപിച്ചു. പിന്നിട്ട വാരം അവർ 10,676.11 കോടിയുടെ വാങ്ങലും 6338.28 കോടി രൂപയുടെ വില്പനയും നടത്തി.
രൂപ ശക്തമായ തിരിച്ചു വരവ് കാഴ്ചവച്ചു. ആഭ്യന്തര കറൻസി മൂല്യം 86.99ൽ നിന്നും 86.75ലെ പ്രതിരോധം തകർത്ത് ഒരു ശതമാനത്തിലധികം ഉയർന്നു. ഡോളറിന് മുന്നിൽ രൂപ 85.97ലേക്ക് കയറി. രണ്ട് വർഷത്തിനിടയിൽ ആദ്യമായി നൂറ് പൈസയിൽ അധികം കരുത്ത് ഒറ്റ ആഴ്ചയിൽ വിപണി തിരിച്ചുപിടിച്ചത് സാന്പത്തിക മേഖലയ്ക്ക് ഉണർവ് പകരും. സാന്പത്തിക വർഷാന്ത്യം അടുത്ത അവസരത്തിലെ ഈ തിരിച്ചുവരവ് കേന്ദ്ര ബാങ്കിനും ആശ്വാസം പകരും. രൂപ ബുള്ളിഷായ സാഹചര്യത്തിൽ മൂല്യം 85.80-85.65ലേക്ക് ശക്തിപ്രാപിക്കാം. തിരിച്ചടി നേരിട്ടാൽ 86.22ൽ താങ്ങുണ്ട്.
രാജ്യാന്തര സ്വർണ വില ട്രോയ് ഔൺസിന് 2985 ഡോളറിൽ നിന്നും സർവകാല റിക്കാർഡായ 3056 ഡോളറിലേയ്ക്ക് ഉയർന്നു. ഈ അവസരത്തിലെ ലാഭമെടുപ്പിൽ നിരക്ക് 3022 ഡോളറായി താഴ്ന്നു. ഒരു മാസ കാലയളവിൽ സ്വർണ വില 95 ഡോളർ വർധിച്ചത്. ഒരു വർഷത്തിൽ ന്യൂയോർക്ക് എക്സ്ചേഞ്ചിൽ മഞ്ഞലോഹം ഔൺസിന് 859 ഡോളർ ഉയർന്നു.