നാളികേരത്തിന് ക്ഷാമകാലം
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, March 24, 2025 1:42 AM IST
ആഗോള തലത്തിൽ നാളികേര ഉത്പാദനം കുറഞ്ഞു, വിപണി നിയന്ത്രണം ഉത്പാദകരുടെ കരങ്ങളിലെത്തിയതോടെ നിരക്ക് സർവകാല റിക്കാർഡിൽ. സാമ്പത്തിക വർഷാന്ത്യം അടുക്കുന്നതിനാൽ അന്തർസംസ്ഥാന ഇടപാടുകാർ മുഖ്യ വിപണികളിൽ നിന്നുള്ള ചരക്ക് സംഭരണം കുറയ്ക്കും. രാജ്യാന്തര മാർക്കറ്റിൽ കുരുമുളക് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പ്രതികൂല കാലാവസ്ഥയിൽ ഏലത്തോട്ടങ്ങൾ പലതും നിലനിൽപ്പ് ഭീഷണിയിൽ. സ്വർണ വിലയിൽ ചാഞ്ചാട്ടം.
ആഗോള നാളികേര ഉത്പാദനം കുറയുമെന്ന അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ വിലയിരുത്തൽ ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിന് വേഗത പകരും. നാളികേരത്തിന്റെ മുഖ്യ ഉത്പാദക രാജ്യങ്ങളായ ഇന്ത്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഈ വർഷം ആദ്യ പകുതിയിൽ ലഭ്യത ചുരുങ്ങുമെന്നാണ് അവർ വ്യക്തമാക്കിയത്. യുഎസ്, യൂറോപ്യൻ രാജ്യങ്ങളും ചൈനയും വൻതോതിലാണ് ഭക്ഷ്യ, വ്യാവസായിക ആവശ്യങ്ങൾക്ക് വെളിച്ചെണ്ണ ശേഖരിക്കുന്നത്. ഏറ്റവും താഴ്ന്ന വിലയ്ക്ക് എണ്ണ കയറ്റുമതി നടത്തുന്നത് ഫിലിപ്പീൻസാണ്. ഇന്ത്യയും ശ്രീലങ്കയും ഏതാണ്ട് തുല്യമായ നിരക്കാണ് രേഖപ്പെടുത്തുന്നത്.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വെളിച്ചെണ്ണ വില ടണ്ണിന് 2894 ഡോളറിൽ നീങ്ങുമ്പോൾ ശ്രീലങ്ക 2859 ഡോളറിന് ചരക്ക് വാഗ്ദാനം ചെയ്തു. കൊപ്ര വിലയിലും ഇന്ത്യയാണ് മുന്നിൽ, കൊച്ചി വിപണി വില കണക്കാക്കിയാൽ ടണ്ണിന് 1850 ഡോളർ, കഴിഞ്ഞവാരം ഏകദേശം നാല് ശതമാനം വില വർധന. ശ്രീലങ്ക 1726 ഡോളറും രേഖപ്പെടുത്തി. അതേസമയം ഇന്തോനേഷ്യ 1191 ഡോളറിനാണ് ചരക്ക് വാഗ്ദാനം ചെയുന്നത്. അവർ ഫിലിപ്പീൻസ് കയറ്റുമതിക്കാരുമായാണ് മത്സരിക്കുന്നത്. വ്യാവസായിക ആവശ്യങ്ങൾക്കുള്ള ചരക്ക് ഇരുരാജ്യങ്ങളും വൻതോതിൽ കയറ്റുമതി നടത്തുന്നുണ്ട്.
രാജ്യത്ത് എറ്റവും കൂടുതൽ നാളികേര കൃഷിയുള്ള ദക്ഷിണേന്ത്യയിൽ കാലാവസ്ഥാ വ്യതിയാനം മൂലം വിളവ് കുറഞ്ഞു. കാർഷിക മേഖലയിലെ ചലനങ്ങൾ വിലയിരുത്തിയാൽ മുന്നിലുള്ള മാസങ്ങളിലും ചരക്ക് ക്ഷാമം നിലനിൽക്കാം. പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും കരിക്കിനും ആകർഷകമായ വില ഉറപ്പുവരുത്താനാവും. കൊപ്ര ക്ഷാമം രൂക്ഷമായതോടെ മില്ലുകാർ വെളിച്ചെണ്ണ വില ഉയർത്തി. ബഹുരാഷ്ട്ര കൊപ്രയാട്ട് വ്യവസായികളും മറ്റ് വൻകിട മില്ലുകാരും പച്ചത്തേങ്ങ സംഭരിക്കാൻ പരക്കംപായുകയാണ്. വാരാന്ത്യം കൊച്ചിയിൽ വെളിച്ചെണ്ണ 25,000 രൂപയിലും കൊപ്ര 16,600 രൂപയിലുമാണ്.
സാമ്പത്തിക വർഷാന്ത്യം അടുത്തതോടെ വിപണിയിൽ പണത്തിന് ഞെരുക്കം അനുഭവപ്പെടുന്നു. ഈ വാരം അത് കൂടുതൽ രൂക്ഷമായി മാറാനുള്ള സാധ്യതകൾ കണക്കിലെടുത്താൽ മുഖ്യ ഉത്പന്നങ്ങളിലെ വാങ്ങൽ താത്പര്യം ചുരുങ്ങുമെന്നത് വിലയെ ചെറിയ അളവിൽ ബാധിക്കാം. വായ്പാ തിരിച്ചടവുകൾ മുൻനിർത്തി ഒരു വിഭാഗം ചെറുകിട കർഷകർ ഉത്പന്നങ്ങൾ വിറ്റുമാറാൻ തിടുക്കം കാണിക്കാം. അത്തരക്കാരെ മാറ്റിനിർത്തിയാൽ മറ്റുള്ളവർ പുതിയ സാമ്പത്തിക വർഷം പിറന്നശേഷം വിപണിയിൽ ശ്രദ്ധചെലുത്തുന്നതാവും അഭികാമ്യം.
കുരുമുളക് രാജാവ്
രാജ്യാന്തര സുഗന്ധവ്യഞ്ജന മാർക്കറ്റിൽ കുരുമുളക് രാജാവായി തുടരുകയാണ്. ഇറക്കുമതിക്കാർ ലഭ്യത ഉറപ്പിക്കാൻ ഉയർന്ന വിലയ്ക്കും കച്ചവടങ്ങളിൽ ഏർപ്പെടുന്നുണ്ട്. വിയറ്റ്നാമിലും ഇന്തോനേഷ്യയിലും ബ്രസീലിലും സ്റ്റോക്ക് ചുരുങ്ങിയതോടെ വാങ്ങലുകാർ മലേഷ്യൻ മുളകിൽ താത്പര്യം കാണിച്ചു.
കുരുമുളകിനും വെള്ള കുരുമുളകിനും അവർ ഉയർന്ന വിലയാണ് ആവശ്യപ്പെടുന്നത്. യൂറോപ്യൻ ബയർമാരിൽനിന്നുള്ള അന്വേഷണങ്ങൾ പ്രവഹിച്ചതോടെ വിയറ്റ്നാം കുരുമുളകിന് 7100- 7300 ഡോളർ ആവശ്യപ്പെട്ടു. ഇടുക്കി, വയനാട്, പത്തനംതിട്ട ഭാഗങ്ങളിൽനിന്നും കൊച്ചിയിലേക്കുള്ള കുരുമുളക് നീക്കം കുറഞ്ഞു. കർഷകരും മധ്യവർത്തികളും ചരക്ക് നീക്കം കുറച്ച് നിരക്ക് ഉയർത്താനുള്ള ശ്രമത്തിലാണ്. കൊച്ചിയിൽ കുരുമുളക് 70,800 രൂപയിലാണ്. മലബാർ മുളക് വില ടണ്ണിന് 8400 ഡോളർ.
വില ഉയർത്താതെ ഇടപാടുകാർ
കൊടും വേനലിൽ ഏലക്ക ഉത്പാദനം കുറയുമെന്നു വ്യക്തമായിട്ടും നിരക്ക് ഉയർത്താൻ ഇടപാടുകാർ തയാറായില്ല. ഏലക്ക ലേലത്തിൽ ആഭ്യന്തര വ്യാപാരികളും കയറ്റുമതികാരും മത്സരിച്ചാണ് പല അവസരത്തിലും ചരക്ക് സംഭരിച്ചത്. വരണ്ട കാലാവസ്ഥ കണക്കിലെടുത്താൽ സ്റ്റോക്കിസ്റ്റുകളുടെ നീക്കങ്ങൾ വരും ദിനങ്ങളിൽ നിർണായകമാവും. ശരാശരി ഇനം ഏലക്ക കിലോ 2500-2600 രൂപയിലാണ് നീങ്ങുന്നത്. ഏപ്രിൽ മധ്യം വരെ വേനൽമഴയുടെ സാന്നിധ്യം പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ലെങ്കിൽ വിഷുവിനു ശേഷം നിരക്ക് ഉയരുമെന്ന നിഗമനത്തിലാണ് ഹൈറേഞ്ചിലെ ഒരു വിഭാഗം ഉത്പാദകർ.
റബർ കർഷകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഷീറ്റ് വില കിലോ 200 രൂപയുടെ പ്രതിരോധം തകർത്തു. കാർഷിക മേഖല വിപണിയുടെ ചലനങ്ങൾ അടിമുടി വീക്ഷിക്കുകയാണെങ്കിലും ഉത്പാദന കേന്ദ്രങ്ങളിൽ ചരക്കില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. വരണ്ട കാലാവസ്ഥ മൂലം റബർ ടാപ്പിംഗ് പതിവിലും നേരത്തെ സ്തംഭിച്ചതിനാൽ ടയർ വ്യവസായികൾ തിരക്കിട്ടുള്ള വാങ്ങലുകൾക്ക് തയാറായില്ല. കൊച്ചിയിൽ നാലാം ഗ്രേഡ് കിലോ 203 രൂപയിൽ കൈമാറി. അഞ്ചാം ഗ്രേഡ് 200 രൂപ. തായ് മാർക്കറ്റായ ബാങ്കോക്കിൽ ഷീറ്റ് വില കിലോ 207 രൂപയിലാണ്.
ആഭരണ വിപണി പവൻ പുതിയ റിക്കാർഡ് കാഴ്ചവച്ച ശേഷം അൽപ്പം തളർന്നു. 65,760 രൂപയിൽ വിപണനം തുടങ്ങിയ പവൻ ഒരവസരത്തിൽ സർവകാല റിക്കാർഡായ 66,480 വരെ ഉയർന്ന ശേഷം ശനിയാഴ്ച 65,840ലേക്കു താഴ്ന്നു.