ഐടി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ
Sunday, February 23, 2025 1:00 AM IST
കൊച്ചി: ഐടി മേഖലയിലുള്ള നിക്ഷേപങ്ങൾക്ക് സർക്കാർ വലിയ പ്രാധാന്യമാണു നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഭൂമിയും പ്രകൃതിവിഭവങ്ങളും ആവശ്യമില്ലാത്ത ഐടി വ്യവസായം കേരളംപോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് അനുയോജ്യമാണ്. കേരളത്തിലേക്ക് എത്തുന്ന നിക്ഷേപകർക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ ഐടി മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി രാജ്യത്തെ പ്രമുഖരായ 31 നിക്ഷേപകർ പങ്കെടുത്ത റൗണ്ട് ടേബിൾ മീറ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത 2000 ത്തോളം കമ്പനികളിലായി ഏകദേശം രണ്ടു ലക്ഷത്തോളം ഐടി പ്രഫഷണലുകൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 30 ശതമാനത്തിൽ അധികം സ്ത്രീകളാണ്. ഐടി വ്യവസായം പരോക്ഷമായി മറ്റു മേഖലയിലെ തൊഴിൽ സാധ്യതകൾക്കുകൂടിയാണ് വഴി തുറക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉച്ചകോടിയുടെ രണ്ടു ദിവസങ്ങളിലും മുഖ്യമന്ത്രി പങ്കെടുത്തു.