കുറഞ്ഞ തീരുവയിലും ടെസ്ലയ്ക്കു വിലയേറും
Saturday, February 22, 2025 10:39 PM IST
മുംബൈ: ഇലോണ്‍ മസ്കിന്റെ ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിലെ പ്രവേശനത്തിന് തയാറെടുക്കുകയാണ്. എന്നാൽ തീരുവ 20 ശതമാനം കുറച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നെങ്കിൽ പോലും ടെസ്ല ഒരു കാർ വാങ്ങുന്നത് വിചാരിച്ചത്ര എളുപ്പമായിരിക്കില്ല.
ആഗോള മൂലധന വിപണി കന്പനിയായ സിഎൽഎസ്എ (CLSA)യുടെ റിപ്പോർട്ട് പ്രകാരം ഇറക്കുമതി തീരുവ 20 ശതമാനത്തിൽ താഴെയായി കുറച്ചതിന് ശേഷവും ഏറ്റവും വിലകുറഞ്ഞ ടെസ്ല മോഡലുകൾക്കു പോലും ഇന്ത്യയിലെ വില 35 മുതൽ 40 ലക്ഷം വരെ ആയിരിക്കും.
ടെസ്ല മോഡൽ 3 ആണ് യുഎസിൽ കന്പനിയുടെ ഏറ്റവും ചെലവുകുറഞ്ഞ കാർ. അവിടെ കാറിന്റെ വില ഫാക്ടറി തലത്തിൽ 35,000 ഡോളർ (ഏകദേശം 30.4 ലക്ഷം രൂപ) മുതലാണ്.
ഇന്ത്യയിൽ മോഡൽ 3ക്ക് തീരുവ 15-20 ശതമാനമായി കുറച്ചാലും റോഡ് ടാക്സ്, ഇൻഷുറൻസ്, മറ്റ് ചെലവുകൾ എന്നിവയ്ക്കൊപ്പം ഓണ്‍റോഡ് വില 40,000 ഡോളർ, ഏകദേശം 35-40 ലക്ഷം രൂപ അടുത്താകുമെന്നാണ് റിപ്പോർട്ട്.
ടെസ്ല vs മാരുതി സുസുക്കി, എം ആൻഡ് എം
ടെസ്ല മോഡൽ 3ക്ക് ഇന്ത്യയിലെ മറ്റ് ഇവി മോഡലുകളായ മഹീന്ദ്ര എക്സ്ഇവി 9ഇ, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, മാരുതി സുസുക്കി ഇ-വിറ്റാര എന്നിവയെക്കാൾ 20 മുതൽ 50 ശതമാനം വരെ വില കൂടുതലാണ്. അതുകൊണ്ട് ടെസ്ല ഇന്ത്യൻ വിപണിയിൽ കാര്യമായി സ്വാധീനിക്കില്ലെന്നാണു കരുതുന്നത്.
മഹീന്ദ്ര എക്സ്ഇവി 9ഇയുടെ വില 21.90 ലക്ഷം രൂപ മുതലാണ്. മാരുതി സുസുക്കി ഇ-വിറ്റാരയുടെ വില 17-22 ലക്ഷം രൂപയ്ക്കിടയിലും ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് 17.99 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.
25 ലക്ഷം രൂപയിൽ താഴെ വിലയുള്ള എൻട്രി ലെവൽ മോഡൽ അവതരിപ്പിക്കാൻ ടെസ്ല തീരുമാനിച്ചാലും വിപണിവിഹിതം നേടിയാലും വലിയൊരു നേട്ടമാകില്ല.
ടെസ്ലയുടെ വരവ് ഇന്ത്യയിലെ മൊത്തത്തിലുള്ള പ്രധാന വാഹനനിർമാതാക്കളെ ബാധിക്കില്ല. കാരണം ചൈന, യൂറോപ്പ്, യുഎസ്എ എന്നിവടങ്ങളിലെപ്പോലെ ഇവി വിപണി ഇവിടെ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല.
ഇറക്കുമതി തീരുവ 20 ശതമാനത്തിൽ താഴെയായി കുറച്ചാലും ടെസ്ല കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ നേട്ടമുണ്ടാക്കുന്നതിന് ഒരു നിർമാണ കേന്ദ്രം സ്ഥാപിക്കേണ്ടിവരുമെന്ന് റിപ്പോർട്ട് പറയുന്നു.
അടുത്ത മാസങ്ങളിൽ ടെസ്ല അവരുടെ മോഡലുകൾ ഡൽഹിയിലും മുംബൈയിലും അവതരിപ്പിക്കും. കന്പനി ഒൗദ്യോഗികമായി ഇന്ത്യയിൽ നിയമനം ആരംഭിച്ചിട്ടുണ്ട്. ഇതിനുള്ള പരസ്യം നൽകുകയും ചെയ്തു.