നോട്ടം കാപ്പിയിലേക്ക്
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, December 2, 2024 3:42 AM IST
കൊച്ചി: വയനാടൻ മല നിരകളിലെ തോട്ടങ്ങളിൽ കാപ്പി വിളവെടുപ്പിന് സജ്ജമായി, മാസത്തിന്റെ രണ്ടാം പകുതിയിൽ പുതിയ ചരക്ക് വിപണികൾ കീഴടക്കും. റബർ അവധി വിലകൾ മികവിലേക്ക്, വിലക്കയറ്റം വ്യവസായികളെ ശ്വാസംമുട്ടിക്കുന്നു. വിയറ്റ്നാമിലെ കുരുമുളക് ക്ഷാമം കയറ്റുമതിക്കാതെ സമ്മർദത്തിലാക്കി, നവംബർ ഷിപ്പ്മെന്റുകൾ പലർക്കും പൂർത്തിയാക്കാനായില്ല. കൊപ്ര വിലയിൽ നേരിയ കുറവ്.
കാപ്പിയിൽ പ്രതീക്ഷ
മാസത്തിന്റെ ആദ്യ പകുതിയിൽ തന്നെ പുതിയ കാപ്പിക്കുരുവുമായി കർഷകർ വിപണികളിലേക്ക് ചുവടുവയ്ക്കും. എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ സീസൺ ആരംഭത്തിൽ ഇടപാടുകൾക്ക് തുടക്കം കുറിക്കുമെന്ന പ്രതീക്ഷയിലാണ് കൽപ്പറ്റയിലെയും മാനന്തവാടിയിലെയും കാപ്പി വ്യാപാരികൾ. കാപ്പി വില റിക്കാർഡ് തലത്തിലാണ്. പുതിയ ചരക്ക് വിപണിയിൽ ഇറങ്ങാൻ വൻകിട തോട്ടങ്ങൾ തിടുക്കം കാണിക്കാൻ ഇടയില്ല. അതേസമയം ഉയർന്ന കാർഷിക ചെലവുകൾ മൂലം ചെറുകിടക്കാർ തിരക്കിട്ട് ചരക്ക് വിൽപ്പനയ്ക്ക് ഇറക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ഫെബ്രുവരിയോടെ മാത്രം വൻകിട തോട്ടങ്ങൾ വിൽപ്പനയിലേക്ക് ശ്രദ്ധതിരിക്കു.
കാലാവസ്ഥാ വ്യതിയാനം മൂലം ബ്രസീലിലും വിയറ്റ്നാമിലും ഉത്പാദനം ചുരുങ്ങുമെന്ന് വ്യക്തമായത് വിലക്കയറ്റം ശക്തമാക്കാം. ഈ വർഷം തുടക്കത്തിൽ നിലനിന്ന എൽ നിനോ കാലാവസ്ഥ പ്രതിഭാസം മൂലം തെക്കൻ, മധ്യ അമേരിക്കയിലും ദീർഘകാല കാപ്പി വിളകൾക്ക് തിരിച്ചടിയാവും. ഇതിനിടയിൽ ഉത്പാദന രംഗത്തെ മാന്ദ്യത്തെ കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ കാപ്പി അവധി നിരക്കുകൾ ന്യൂയോർക്ക് എക്സ്ചേഞ്ചിൽ കുതിച്ചു കയറി. ബ്രസീലിൽ അറബിക്ക കാപ്പിയാണ് മുഖ്യമായും വിളയുന്നത്, വിയറ്റ്നാമിൽ റോബസ്റ്റയും.
റബർ കർഷകർ പ്രതീക്ഷയിൽ
റബർ അവധി നിരക്കുകളിലെ ഉണർവ് റെഡി മാർക്കറ്റുകൾക്കും ആവേശം പകർന്നു. ഒസാക്കയ്ക്ക് ഒപ്പം ചൈന, സിംഗപ്പുർ മാർക്കറ്റുകളും പിന്നിട്ടവാരം നേട്ടത്തിലായിരുന്നു. ബാങ്ക് ഓഫ് ജപ്പാൻ സാമ്പത്തികനില ഭദ്രമാക്കാൻ പലിശ നിരക്കുകളിൽ നേരിയ വർധനയ്ക്കുള്ള നീക്കത്തിലാണ്. കേന്ദ്ര ബാങ്ക് മൂന്നാം വാരം യോഗം ചേരും. ഇതിനിടയിൽ വിനിമയ വിപണിയിൽ യെന്നിന്റെ മൂല്യം ശക്തിപ്രാപിച്ചതിനൊപ്പം റബർ വിലയിലും ഉണർവ് കണ്ടു.
ചൈനീസ് ടയർ വ്യവസായ മേഖല അടുത്ത വർഷം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരവ് കാഴ്ചവയ്ക്കാനുള്ള തയാറെടുപ്പിലാണ്. ജനുവരി-മാർച്ചിലേക്ക് ആവശ്യമായ റബറിന് മുൻകൂർ കച്ചവടങ്ങൾ ഉറപ്പിക്കാൻ ബെയ്ജിംഗിലെ വൻകിട ടയർ കമ്പനികൾ രാജ്യാന്തര റബർ മാർക്കറ്റിൽ ഇറങ്ങാൻ സാധ്യത. കയറ്റുമതി ഓർഡറുകൾ മുന്നിൽ കണ്ട് തായ്ലൻഡും ഇന്തോനേഷ്യയും മലേഷ്യയും ചരടുവലിയാരംഭിച്ചു. റബർ അവധികളിലെ മുന്നേറ്റം ബയർമാരെ പുതിയ വ്യാപാരങ്ങൾക്ക് പ്രേരിപ്പിക്കും. യൂറോപ്യൻ വ്യവസായികൾ ക്രിസ്മസ് അവധിക്കായി രംഗം വിടും മുന്നേ പുതിയ കച്ചവടങ്ങൾക്ക് നീക്കം നടത്താൻ ഇടയുണ്ട്.
സംസ്ഥാനത്ത് റബർ ടാപ്പിംഗിന് ഏറ്റവും അനുയോജ്യമായ ദിനങ്ങളാണ് മുന്നിലുള്ളത്. ഡിസംബറിലെ തണുത്ത രാത്രികൾ റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് ഉയർത്തുന്നത് പരമാവധി പ്രേയോജനപ്പെടുത്താൻ റബർ കർഷകരും ഉത്സാഹിക്കും. നാലാം ഗ്രേഡ് ഷീറ്റ് വില 600 രൂപ വർധിച്ച് 19,400 രൂപയായും അഞ്ചാം ഗ്രേഡ് 19,000 രൂപയായും ഉയർന്നു.
നിരക്ക് ഇനിയും ഉയരുമെന്ന പ്രതീക്ഷ കാർഷികമേഖല നിലനിർത്തുന്നതിനാൽ കാര്യമായി ചരക്ക് ഇറക്കാൻ പലരും തയാറായില്ല. ഉത്പാദകർ 20,000 രൂപയെ ഉറ്റുനോക്കുന്നുണ്ടങ്കിലും ഇതിനിടയിൽ ക്രിസ്മസിന് മുന്നോടിയായി സ്റ്റോക്കിസ്റ്റുകൾ ഷീറ്റുമായി വിപണിയെ സമീപിക്കാനും ഇടയുണ്ട്. ബാങ്കോക്കിലെ വിലക്കയറ്റം വ്യവസായികളെ ശ്വാസം മുട്ടിക്കുന്നതിനാൽ അവർ പുതിയ തന്ത്രങ്ങളുമായി വിപണിയെ സമീപിക്കാം.
കുരുമുളകിന് ആവശ്യം
പുതുവർഷ വേളയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് കച്ചവടം ഉറപ്പിച്ച വിയറ്റ്നാം കുരുമുളക് യഥാസമയം യൂറോപ്യൻ തുറമുഖങ്ങളിൽ എത്താനുള്ള സാധ്യതകൾക്ക് മങ്ങലേറ്റു. വിയറ്റ്നാമിലെ കയറ്റുമതിക്കാരുടെ പ്രതീക്ഷയ്ക്കൊത്ത് ചരക്ക് സംഭരിക്കാൻ കഴിഞ്ഞില്ല.
വിപണികളിൽ മുളക് വരവ് ഉയർത്താൻ വില അടിക്കടി ഉയർത്തിയിട്ടും സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാനായില്ല. ഏതാനും മാസങ്ങളായി വിയറ്റ്നാം രൂക്ഷമായ കുരുമുളക് ക്ഷാമത്തിന്റെ പിടിയിലാണ്. ബ്രസീൽ, ഇന്തോനേഷ്യ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നും നേരത്തേ ചരക്ക് സംഭരിച്ചാണ് പല ഓർഡറുകളും ഒരുവിധം പൂർത്തിയാക്കിയത്.
എന്നാൽ, വില ഉയരുന്ന പ്രവണത കണ്ട് മറ്റ് രാജ്യങ്ങളും ചരക്കിൽ പിടിമുറുക്കിയത് കയറ്റുമതി മേഖലയെ ആശങ്കയിലാക്കി. ഓർഡർ പ്രകാരമുള്ള നവംബർ ഷിപ്മെന്റുകൾ പൂർത്തിയാക്കാനായില്ലെന്നാണ് സൂചന. ഇതിനിടയിൽ യുറോപ്യൻ ബയർമാരിൽനിന്നും ഓർഡറിനുള്ള കാലാവധി നീട്ടിയെടുക്കാനും ശ്രമം നടക്കുന്നു.
ന്യൂ ഇയറിനുള്ള ചരക്ക് ലഭിക്കാതെ വന്നാൽ ബയർമാർ മറ്റ് ഉത്പാദക രാജ്യങ്ങളിലേയ്ക്ക് ശ്രദ്ധതിരിക്കാം. വിയറ്റ്നാം പരുങ്ങലിലായ സാഹചര്യത്തിൽ റീ സെല്ലർമാർ റെഡി ഷിപ്മെന്റിന് മുന്നോട്ടുവന്നാൽ അന്താരാഷ്ട്ര കുരുമുളക് വില ചൂടുപിടിക്കും. കൊച്ചിയിൽ ഗാർബിൾഡ് ക്വിന്റലിന് 64,100 രൂപയിൽനിന്നും 64,900 രൂപയായി. മലബാർ മുളക് വില രാജ്യാന്തര വിപണിയിൽ ടണ്ണിന് 7900 ഡോളർ. ഇന്ത്യൻ, വിയറ്റ്നാം കുരുമുളകുകൾ തമ്മിലുള്ള വിലയിലെ അന്തരം ചുരുങ്ങി. കഴിഞ്ഞ വാരം ടണ്ണിന് 6500 ഡോളറിൽ നീങ്ങിയ വിയറ്റ്നാം ഇതിനകം 7000 ഡോളറിന് മുകളിൽ ഇടംപിടിച്ചു. അവിടത്തെ ചരക്ക് ക്ഷാമമാണ് ഇത് വ്യക്തമാക്കുന്നത്.
തേങ്ങയ്ക്കു ഡിമാൻഡ്
ശബരിമലയിലേക്കുള്ള അയ്യപ്പൻമാരുടെ വരവ് ശക്തമായതോടെ തമിഴ്നാട്, ആന്ധ്രാ, കർണാടക സംസ്ഥാനങ്ങളിലും കേരളത്തിലും തേങ്ങയ്ക്കു ഡിമാൻഡ്. ഇതിനിടയിൽ വിപണി നിയന്ത്രണം കൈപ്പിടിയിൽനിന്നും നഷ്ടപ്പെട്ട വ്യവസായികൾ പ്രതിന്ധിയിലായി. നിയന്ത്രണം തിരിച്ചുപിടിക്കാൻ അവർ കൊപ്ര സംഭരണത്തിൽ നിന്നും പിൻവലിഞ്ഞ് വില ഇടിക്കാൻ ശ്രമം നടത്തി. എന്നാൽ താഴ്ന്ന വിലയ്ക്ക് പച്ചത്തേങ്ങയ്ക്ക് വിൽപ്പനക്കാർ കുറഞ്ഞത് മില്ലുകാർക്ക് വീണ്ടും തിരിച്ചടിയായി.
കൊച്ചിയിൽ കൊപ്ര ക്വിന്റലിന് 300 രൂപ ഇടിഞ്ഞപ്പോൾ എണ്ണ വില 100 രൂപ താഴ്ന്നു. വാരാന്ത്യം എണ്ണ 21,100ലും കൊപ്ര 13,900ലുമാണ്.
സ്വർണവില പല അവസരത്തിലും കയറിയിറങ്ങി. പവൻ 58,400ൽ നിന്നും 56,640 വരെ താഴ്ന്നങ്കിലും വാരാന്ത്യം നിരക്ക് ഉയർന്ന് 57,200ലാണ്.