ഐടി മേഖലയിൽ തൊഴിലവസരം ഉയരും
Thursday, November 28, 2024 11:56 PM IST
മുംബൈ: സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള മാറ്റങ്ങളെത്തുടർന്ന് ഐടി സേവന മേഖലയിൽ അടുത്ത ആറു മാസത്തിൽ 10 മുതൽ 12 ശതമാനം നിയമനങ്ങൾ വേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ. ലോകത്തെന്പാടുമുള്ള വ്യവസായങ്ങളെയും സന്പദ്വ്യവസ്ഥയെയും പുനർനിർമിക്കും വിധം സാങ്കേതിവിദ്യ മാറിക്കഴിഞ്ഞിരിക്കുകയാണ്.
വളർന്നുവരുന്ന സാങ്കേതികവിദ്യകളായ ജെൻഎഐ, ഡീപ് ടെക്, ക്വാണ്ടം കംപ്യൂട്ടിംഗ് എന്നീ മേഖലകൾ 2030 ആകുന്പോഴേക്കും ഒരു കോടിയോളം പേർക്കു തൊഴിൽ നൽകുന്നതാകും. ബിസിനസ് സേവന ദാതാക്കളായ ക്വസ് കോർപ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞത്.
ഗ്ലോബൽ കേപബിലിറ്റി സെന്ററുകളിലും സൈബർ സെക്യൂരിറ്റി ഇടങ്ങളിലും സെപ്റ്റംബർ പാദത്തിൽ ഐടി വിദഗ്ധരുടെ ആവശ്യം രാജ്യത്തുടനീളം 71 ശതമാനവും 58 ശതമാനവും വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
2025 സാന്പത്തികവർഷത്തിന്റെ രണ്ടു പാദങ്ങളിലെ കണക്ക് അടിസ്ഥാനമാക്കിയുള്ളതാണ് ക്വസ് ഐടി സ്റ്റാഫിംഗിന്റെ റിപ്പോർട്ട്.
ഐടി സ്റ്റാഫിംഗ് ക്വാർട്ടർലി ഡിജിറ്റൽ സ്കിൽസിന്റെ ഈ സാന്പത്തിക വർഷത്തെ രണ്ടാംപാദത്തിലെ റിപ്പോർട്ട് അനുസരിച്ച് ഐടി സേവനമേഖയിൽ വിദഗ്ധരുടെ മൊത്തം ഡിമാൻഡിന്റെ 79 ശതമാനവും വികസനം, ഇആർപി, ടെസ്റ്റിംഗ്, നെറ്റ്വർക്കിംഗ്, ഡാറ്റ സയൻസ് എന്നിവയുൾപ്പെടെ അഞ്ച് നൈപുണ്യമേഖലയിൽനിന്നാണ് വന്നത്.
കൂടാതെ ഒന്നാം പാദത്തിനു രണ്ടാം പാദത്തിനുമിടയിൽ ജാവ (30%), സൈബർ സുരക്ഷ (20%), ഡെവ്ഓപ്സ് (25%) എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക പ്രാവീണ്യം വേണ്ട മേഖലകളിലും വർധനവുണ്ടായി.