സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ കേരള 2025: ലോഗോ പ്രകാശനം ചെയ്തു
Thursday, November 28, 2024 11:56 PM IST
കൊച്ചി: ജെയിന് യൂണിവേഴ്സിറ്റി കൊച്ചി കാമ്പസ് ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ കേരള 2025ന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിലാണ് ലോഗോ പുറത്തിറക്കിയത്. ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്നു വരെ നടക്കുന്ന ഉച്ചകോടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
ജെയിന് യൂണിവേഴ്സിറ്റി കൊച്ചി കാമ്പസ്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്റര്‍ എന്നിവയാണു പ്രധാന വേദികള്‍. ആഗോള വിദഗ്ധര്‍ നയിക്കുന്ന സംവാദങ്ങള്‍, മാസ്റ്റര്‍ ക്ലാസുകള്‍, ശില്പശാലകള് കൂടാതെ റോബോട്ടിക്സിലും വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലുമുള്ള ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന എക്സ്പോകള്‍ എന്നിവയും സമ്മിറ്റിന്റെ ഭാഗമായി നടക്കും.
കൃഷി മുതല്‍ സാങ്കേതികവിദ്യ വരെയുള്ള രംഗങ്ങളില്‍ സുസ്ഥിരവികസനം യാഥാര്‍ഥ്യമാക്കി സുരക്ഷിതസമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സമ്മിറ്റിന് രൂപം നല്‍കിയതെന്ന് കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു. ഉച്ചകോടിയില്‍ ഒരു ലക്ഷത്തിലധികം പേര് പങ്കെടുക്കുമെന്ന് പ്രോ- വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.futuresummit.in സന്ദർശിക്കുക.