വ്യവസായ നിക്ഷേപ സൗഹൃദ പട്ടികയില്‍ കേരളം മുന്നില്‍: പി. രാജീവ്
Tuesday, November 19, 2024 1:06 AM IST
കൊച്ചി: ഇന്‍ഫോപാര്‍ക്ക് കൊച്ചിയില്‍ നവീന ഡിജിറ്റല്‍ ടെക്നോളജി സെന്റര്‍ (ഡിടിസി) തുറന്നു. മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. വ്യവസായനിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമതാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വ്യവസായ നയം പരിസ്ഥിതി, ജനങ്ങള്‍, വ്യവസായം എന്നീ നിലയിലായതിനാല്‍ പാരിസ്ഥിതിക പരിഗണന മുന്‍നിര്‍ത്തി തന്നെ കൂടുതല്‍ വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് ബഹുരാഷ്ട്ര കമ്പനിയായ എന്ഒവിയാണ് ലുലു സൈബര്‍ ടവര്‍ 2ല്‍ 17,000 ചതുരശ്രയടി വിസ്തൃതിയില്‍ സെന്റര്‍ തുറന്നത്. സോഫ്റ്റ്വേര്‍ എന്‍ജിനിയറിംഗ് സെന്റര്‍, കോര്‍പറേറ്റ് ഡിജിറ്റല്‍ സര്‍വീസസ്, കസ്റ്റമര്‍ സപ്പോര്‍ട്ട് സെന്റര്‍ എന്നിവയും ഇതിന്റെ ഭാഗമാകും.
ആഗോള ഊര്‍ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഒവിക്ക് ഇന്ത്യയില്‍ നിലവില്‍ പൂനേയിലും ചെന്നൈയിലും നിര്‍മാണശാലകളുണ്ട്. രാജ്യത്ത് എന്‍ഒവിയുടെ ആദ്യത്തെ ഡിജിറ്റല്‍ ടെക്നോളജി ഡവലപ്മെന്റ് സെന്ററാണു കൊച്ചിയിലേത്.
കൊച്ചിയില്‍ നിലവില്‍ 70 ജീവനക്കാരുള്ള എന്‍ഒവി അടുത്ത വര്‍ഷം ആദ്യപാദത്തില്‍ തങ്ങളുടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കുമെന്ന് എന്‍ഒവി പ്രോഡക്ട് ഐടി വൈസ് പ്രസിഡന്റ് സ്റ്റാലെ ജോര്‍ദന്‍ പറഞ്ഞു. ആഗോളതലത്തില്‍ എന്‍ഒവിക്ക് 34,000 ജീവനക്കാരുണ്ട്.