രൂപ കരകയറുന്നു
Tuesday, November 19, 2024 12:12 AM IST
മുംബൈ: സർവകാല റിക്കാർഡ് തകർച്ചയെ നേരിട്ട രൂപ തിരിച്ചുവരവിന്റെ പാതയിൽ. ഇന്നലെ ഡോളറിനെതിരേ ആറു പൈസ ഉയർന്ന് 84.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ ഓഹരി വിപണിയിൽ തകർച്ച തുടരുന്നു.
ഇന്നലെ 84.42 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ 84.37ലേക്ക് ഉയർന്നു. അവസാനം 84.40ൽ വ്യാപാരം അവസാനിക്കുകയായിരുന്നു. വ്യാഴാഴ്ച ഡോളറിനെതിരേ രൂപ ഏഴു പൈസ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 84.46ലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച ഗുരു നാനാക് ജയന്തിയെത്തുടർന്നു വിപണി അവധിയായിരുന്നു.
മഹാരാഷ്ട്രയിലെ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കാരണം വിൽപ്പന സമ്മർദ്ദം പരിമിതമായി തുടരുമെന്ന പ്രതീക്ഷകളോടെ, അടുത്ത ദിവസങ്ങളിൽ എഫ്ഐഐകൾ (ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ) വിൽപ്പന കുറച്ചതാണ് രൂപയുടെ ചെറിയ ഉയർച്ചയ്ക്കു സഹായകമായതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക 0.06 ശതമാനം ഇടിഞ്ഞ് 106.55 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ക്രൂഡ് ഓയിൽ വില 0.79 ശതമാനം ഉയർന്ന് ബാരലിന് 71.60 ഡോളർ എന്ന നിലയിലെത്തി.
രൂപ മെച്ചപ്പെടുത്തിയപ്പോൾ ഓഹരി വിപണിയിൽ ഇടിവു തുടരുകയാണ്. ഇക്വിറ്റി മാർക്കറ്റുകൾ ഇന്നലെ തുടർച്ചയായ ഏഴാം സെഷനിലും താഴോട്ടുള്ള പാത തുടർന്നു. 2023 ഫെബ്രുവരിക്കുശേഷം നിഫ്റ്റി തുടർച്ചയായി നഷ്ടം നേരിടുന്ന നീണ്ട കാലയളവാണിത്.
ഇന്നലെ നിഫ്റ്റി 78.90 പോയിന്റ് ഇടിഞ്ഞ് 23,453.80ലെത്തി. ഐടി, ഉൗർജം എന്നിവയുടെ ഓഹരികളുടെ വിൽപ്പനയാണ് നിഫ്റ്റിക്കു തിരിച്ചടിയായത്. സെൻസെക്സ് 241.30 താഴ്ന്ന് 77,339.01ലെത്തി. വിപണിയിലെ 1560 ഓഹരികൾ മുന്നേറിയപ്പോൾ 2361 ഓഹരികൾ താഴ്ന്നു. 124 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
സെൻസെക്സ് 77,863.54 പോയിന്റിലും നിഫ്റ്റി 23,605.30 പോയിന്റിലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ വിൽപ്പന സമ്മർദം ഉയർന്നതോടെ ഇടിവുണ്ടായി.
ഐടി, ഫാർമ, ഹെൽത്ത്കെയർ, ഉൗർജം എന്നിവയുടെ ഓഹരികൾക്കാണ് കൂടുതൽ നഷ്ടമുണ്ടായത്. എന്നാൽ മെറ്റൽ, ഓട്ടോ എന്നിവയുടെ ഓഹരികൾ നേട്ടമുണ്ടാക്കി.