ബഹിരാകാശ നടത്തത്തിൽ സുനിതയ്ക്കു റിക്കാർഡ്
Friday, January 31, 2025 11:58 PM IST
ഹൂസ്റ്റൺ: നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ബഹികാരാശ നടത്തത്തിൽ റിക്കാർഡ് കുറിച്ചു. വ്യാഴാഴ്ച സഹസഞ്ചാരി ബുച്ച് വിൽമറിനൊപ്പം സുനിത 5.5 മണിക്കൂർ ബഹിരാകാശത്തു ചെലവഴിച്ചു.
സുനിതയുടെ ഒന്പതാം ബഹിരാകാശ നടത്തമായിരുന്നു ഇത്. ഒന്പത് നടത്തത്തിലുമായി 62 മണിക്കൂർ ആറു മിനിറ്റ് അവർ ബഹിരാകാശത്തു ചെലവഴിച്ചിട്ടുണ്ട്. ഇതോടെ ഏറ്റവും കൂടുതൽ സമയം ബഹിരാകാശനടത്തം ചെയ്തവരിൽ നാലാം സ്ഥാനത്തായി സുനിത.
അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലെ റേഡിയോ ആന്റിനയുടെ അറ്റകുറ്റപ്പണിക്കായിട്ടായിരുന്നു സുനിതയും ബുച്ച് വിൽമറും വ്യാഴാഴ്ച ബഹിരാകാശത്തു ചെലവഴിച്ചത്.
ബഹിരാകാശ നടത്തത്തിൽ ഒന്നാം സ്ഥാനം റഷ്യയുടെ അനത്തോളി സോലോവ്യേവിനാണ്. അദ്ദേഹം 16 ദൗത്യങ്ങളിലായി 82 മണിക്കൂർ 22 മിനിറ്റ് ബഹിരാകാശത്തു ചെലവഴിച്ചിട്ടുണ്ട്.
സുനിതയും ബുച്ച് വിൽമറും കഴിഞ്ഞവർഷം ജൂൺ മുതൽ അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ കുടുങ്ങിയിരിക്കുകയാണ്.
ബോയിംഗ് കന്പനി വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിന്റെ പ്രഥമ പരീക്ഷണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ഇവർ. ഏതാനും ദിവസത്തിനുശേഷം മടങ്ങാനായിരുന്നു പദ്ധതി. പക്ഷേ പേടകത്തിനു തകരാറുണ്ടായതോടെ മടക്കം നീളുന്നു. മാർച്ചിൽ ഇരുവരെയും ഭൂമിയിലെത്തിക്കാനാണു നാസയുടെ പദ്ധതി.