റഷ്യയുടെ എണ്ണ-വാതക മേഖലയ്ക്ക് അമേരിക്കയുടെ കടുത്ത ഉപരോധം
Sunday, January 12, 2025 12:39 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യയുടെ എണ്ണ, പ്രകൃതിവാതക വരുമാനം ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങൾ അമേരിക്കയിലെ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. ഇതുമൂലം മാസത്തിൽ ശതകോടിക്കണക്കിനു ഡോളറിന്റെ വരുമാനനഷ്ടമുണ്ടാകുന്ന റഷ്യ, യുക്രെയ്ൻ യുദ്ധത്തിനു പണം കണ്ടെത്താൻ വിഷമിച്ചേക്കും.
എണ്ണയും പ്രകൃതിവാതകവും ഉത്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന റഷ്യൻ സർക്കാർ കന്പനികളായ ഗാസ്പ്രോം നെഫ്റ്റ്, സുർഗുട്ട്നെഫ്റ്റ്ഗാസ് എന്നിവയ്ക്കെതിരേയാണ് അമേരിക്കൻ ട്രഷറി വകുപ്പ് വെള്ളിയാഴ്ച മുഖ്യമായും ഉപരോധങ്ങൾ പ്രഖ്യാപിച്ചത്. റഷ്യൻ എണ്ണ കടത്തുന്ന 183 കപ്പലുകൾ, വിതരണശൃംഖലയിലെ കണ്ണികളായ കന്പനികൾ എന്നിവയെയും ഒഴിവാക്കിയില്ല.
ഉപരോധം നേരിടുന്ന കപ്പലുകളിൽ പലതും ഇന്ത്യയിലേക്കും ചൈനയിലേക്കും എണ്ണ കടത്തുന്നവയാണ്. ചില കപ്പലുകൾ ഇറാനിൽനിന്നുള്ള എണ്ണയും കടത്തുന്നുണ്ട്. റഷ്യയിൽനിന്നുള്ള എണ്ണയൊഴുക്കു നിലയ്ക്കുന്നത് ഇന്ത്യയിലും ചൈനയിലും പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
ഉപരോധങ്ങൾ മൂലം ആഗോളവിപണിയിൽ എണ്ണക്ഷാമം ഉണ്ടാകില്ലെന്നാണ് അമേരിക്കയുടെ അഭിപ്രായം. റഷ്യൻ എണ്ണയുടെ അഭാവം നികത്താൻ ഗൾഫ് രാജ്യങ്ങൾക്കു കഴിയുമെന്ന് അമേരിക്കയിലെ ഊർജവിഭവ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ജഫ്രി പ്യാറ്റ് പറഞ്ഞു.
ഉപരോധങ്ങൾ നേരിടുന്ന സ്ഥാപനങ്ങൾക്ക് നിലവിലുള്ള കരാറുകൾ പൂർത്തിയാക്കാൻ മാർച്ച് 12 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ആഗോളവിപണിയിൽ എണ്ണവില മൂന്നു ശതമാനത്തിലധികം ഉയർന്നു.
ബ്രിട്ടനും സമാന ഉപരോധങ്ങൾ റഷ്യയ്ക്കുമേൽ ചുമത്തിയിട്ടുണ്ട്. ഉപരോധങ്ങൾ നിയമവിരുദ്ധമാണെന്ന് ഗാസ്പ്രോം നെഫ്റ്റ് പ്രതികരിച്ചു. റഷ്യയുടെ എണ്ണ വരുമാനം എത്ര കുറയുന്നുവോ അത്രവേഗം സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
അമേരിക്കയിൽ അധികാരത്തിലേറാൻ പോകുന്ന ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ സമാധാനചർച്ചകൾ തുടങ്ങിയാൽ യുക്രെയ്നു മേൽക്കൈ ലഭിക്കണം എന്നുദ്ദേശിച്ചുകൂടിയാണ് ബൈഡന്റെ നീക്കം. 20ന് അമേരിക്കൻ പ്രസിഡന്റായി അധികാരമേറുന്ന ഡോണൾഡ് ട്രംപിന് ഉപരോധങ്ങൾ റദ്ദാക്കണമെങ്കിൽ കോൺഗ്രസിന്റെ വേണം.
പട്ടികയിൽ രണ്ട് ഇന്ത്യൻ കന്പനികൾ
മോസ്കോ: റഷ്യക്കെതിരേ അമേരിക്കയും ബ്രിട്ടനും ചുമത്തിയ ഉപരോധങ്ങൾ രണ്ട് ഇന്ത്യൻ കന്പനികൾക്കും ബാധകം. സ്കൈഹാർട്ട് മാനേജ്മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, എവിഷൻ ഷിപ്പിംഗ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണവ.
റഷ്യയുടെ ആർട്ടിക് എൽഎൻജി-2 പദ്ധതിയുമായി ഈ കന്പനികൾ സഹകരിക്കുന്നുണ്ടെന്നാണ് ആരോപണം. കന്പനികളുമായി ബന്ധപ്പെട്ട രണ്ടു കപ്പലുകളും ഉപരോധം നേരിടും.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇന്ത്യൻ കന്പനികളായ ഗോഥിക്, പ്ലിയോ എനർജി എന്നിവയ്ക്കും അമേരിക്ക ഉപരോധം ചുമത്തിയിരുന്നു. ഈ കന്പനികൾക്കും റഷ്യയുടെ ആർട്ടിക് പ്രോജക്ടുമായി ബന്ധമുണ്ടെന്നാണ് ആരോപണം.
പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാൻ റഷ്യ ഇന്ത്യക്കും ചൈനയ്ക്കും വിലകുറച്ച് എണ്ണ നല്കുന്നതായി പറയുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയിറക്കുമതി ഗണ്യമായി ഉയർന്നിട്ടുണ്ട്.