ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരേ വിമർശനവുമായി എലോൺ മസ്ക്
Friday, January 10, 2025 2:45 AM IST
ലണ്ടൻ: ബ്രിട്ടീഷ് പെൺകുട്ടികളെ 1990കൾ മുതൽ പീഡിപ്പിച്ചുപോരുന്ന വിവിധ കുടിയേറ്റസംഘങ്ങൾക്കെതിരേ അന്നു പ്രൊസിക്യൂട്ടർ ജനറലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി നടപടിയെടുത്തില്ല എന്നാരോപിച്ച് സമൂഹമാധ്യമമായ എക്സിന്റെ ഉടമയും ശതകോടീശ്വരനുമായ എലോൺ മസ്ക് രംഗത്ത്.
പീഡകരായ പാക്കിസ്ഥാനി കുടിയേറ്റ കുടുംബങ്ങളിലെ യുവാക്കളെ തൊടാതിരുന്ന ഭരണകൂടത്തിനും പോലീസിനുമെതിരേ കഴിഞ്ഞ കുറേ ദിവസങ്ങളായി മസ്ക് എക്സിലൂടെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.
ബ്രിട്ടീഷ് മാധ്യമങ്ങളിൽ കത്തിപ്പടരുന്ന ഈ തർക്കം പ്രധാനമന്ത്രി കെയിർ സ്റ്റാർമറിന്റെ കസേര തെറിപ്പിക്കുമെന്ന ആശങ്കയും നിലവിലുണ്ട്. മസ്കിന്റെ ആരോപണങ്ങളെ സ്റ്റാർമർ തള്ളിക്കളഞ്ഞെങ്കിലും പോലീസിന്റെ ദീർഘകാലത്തെ നിഷ്ക്രിയത്വം രണ്ടുലക്ഷത്തോളം ബ്രിട്ടീഷ് പെൺകുട്ടികളെ ലൈംഗികാതിക്രത്തിന്റെ ഇരകളാക്കിത്തീർത്തു എന്നാണ് ആരോപണം.
കുറ്റവാളികളായ പാക്കിസ്ഥാനികളെ പിടികൂടുന്നത് വംശീയവിദ്വേഷമായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ഭയമാണു നടപടികൾ എടുക്കുന്നതിൽനിന്നു പോലീസിനെ പിന്തിരിപ്പിച്ചതത്രെ!
1997 മുതൽ നടന്നുവന്ന പീഡനപരന്പരയെക്കുറിച്ച് ടൈംസ് ഓഫ് ലണ്ടൻ 2011ൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതോടെയാണ് പുറംലോകം ഇക്കാര്യമറിയുന്നത്.
1997 മുതൽ 2013 വരെ റോതർഹാമിൽ മാത്രം 11 വയസ് മുതലുള്ള 1400ലേറെ വെള്ളക്കാരി പെൺകുട്ടികളെ മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിച്ചതിന്റെ കണക്കുകൾ പുറത്തുവന്നു. ഇങ്ങനെ നിരവധി പട്ടണങ്ങളിൽ ആവർത്തിച്ച പീഡനങ്ങൾ ഒരേ മാതൃകയാണു തുടർന്നത്: സ്നേഹപ്രകടനത്തിലൂടെ വശത്താക്കുക, ലഹരിക്ക് അടിമയാക്കി ലൈംഗികചൂഷണത്തിനു വിധേയമാക്കുക, "സ്നേഹ'ത്തിന്റെ അടയാളമായി മറ്റു പുരുഷന്മാരുമായി ബന്ധപ്പെടാൻ നിർബന്ധിക്കുക. വിവരങ്ങൾ പുറത്തായതോടെ സജീവമായ പോലീസ് നിരവധി പാക്കിസ്ഥാനി, ബംഗ്ലാദേശി, അഫ്ഗാൻ കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്തിട്ടുണ്ട്.
അതിക്രൂരവും മൃഗീയവുമായ പീഡനത്തിന് ഇരയായതായി ആയിരക്കണക്കിനു പെൺകുട്ടികളാണു വെളിപ്പെടുത്തിയത്. പരാതി പറയാനെത്തിയ കുട്ടികളെയും രക്ഷിതാക്കളെയും കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന പോലീസിന് രാഷ്ട്രീയ നേതാക്കളുടെ സംരക്ഷണമുണ്ടായിരുന്നു.
2000-2010 കാലയളവിൽ ഓൾഡ്ഹാം പട്ടണത്തിൽ നടന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ആവശ്യം തിരസ്കരിച്ചതിനെത്തുടർന്നാണ് മസ്ക് വിമർശനം ആരംഭിച്ചത്.
വോട്ടിനുവേണ്ടി ഇരകൾക്കു നീതി നിഷേധിച്ചു എന്നാരോപിക്കപ്പെടുന്ന സ്റ്റാർമർ, വിവാദം പൊതുജനമധ്യത്തിലെത്തിയ 2008-2013 വർഷങ്ങളിൽ ചീഫ് പ്രോസിക്യൂട്ടറായിരുന്നു.