കാട്ടുതീ ശമിക്കുന്നില്ല; ഹോളിവുഡിലേക്ക് പടരുന്നു
Friday, January 10, 2025 12:22 AM IST
ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരത്തിൽ പടരുന്ന കാട്ടുതീക്കു ശമനമില്ല. അമേരിക്കൻ സിനിമാ വ്യവസായത്തിന്റെ കേന്ദ്രമായ ഹോളിവുഡിലേക്കും തീ വ്യാപിക്കുന്നതായാണു റിപ്പോർട്ട്.
ചൊവ്വാഴ്ച മുതൽ ആറു കാട്ടുതീയാണ് ലോസ് ആഞ്ചലസ് കൗണ്ടിയുടെ പല ഭാഗങ്ങളിലായി ആരംഭിച്ചത്. അഞ്ചു പേർ മരിക്കുകയും വീടുകളടക്കം നൂറുകണക്കിനു കെട്ടിടങ്ങൾ ചാന്പലാവുകയും ചെയ്തു. ഒരു ലക്ഷത്തിലധികം പേരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു.
വരണ്ട കാലാവസ്ഥയും കൊടുങ്കാറ്റിനു സമാനമായ കാറ്റും മൂലം കാട്ടുതീ അണയ്ക്കാൻ കഴിന്നില്ലെന്ന് അഗ്നിശമനസേന അറിയിച്ചു.
ലോസ് ആഞ്ചലസിന്റെ കേന്ദ്രഭാഗത്തുള്ള ഹോളിവുഡ് ഹിൽസിൽ ആരംഭിച്ച കാട്ടുതീ അത്ര വലുതല്ലെന്നാണു റിപ്പോർട്ട്. എന്നാൽ, ഹോളിവുഡ് ഹിൽസിനു തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സിനിമാവ്യവസായ കേന്ദ്രമായ ഹോളിവുഡിലുള്ളവരോട് മുൻകരുതലെന്ന നിലയിൽ ഒഴിഞ്ഞുപോകാൻ നിർദേശം നല്കി.
ഓസ്കർ അവാർഡുകൾ നല്കുന്ന ഡോൾബി തിയറ്റർ അടക്കം സ്ഥിതി ചെയ്യുന്നത് ഹോളിവുഡിലാണ്. ഹോളിവുഡ് ഹിൽസിലും സിനിമാതാരങ്ങൾക്കു വസതികളുണ്ട്.
ഇതിനിടെ, ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറുഭാഗത്ത് പടരുന്ന കാട്ടുതീ 15,832 ഏക്കർ ഭൂമി ചാന്പലായി. ഹോളിവുഡ് അഭിനേതാക്കളായ ലെയ്റ്റൻ മീസ്റ്റർ, ആഡം ബ്രോഡി എന്നിവരുടെ വീടുകളും ചാന്പലായി. കാട്ടുതീ മൂലം 5000 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണു പ്രാഥമിക അനുമാനം.