ഗ്രീൻലാൻഡ്, പാനമ കനാൽ: സൈനിക നടപടി ഒഴിവാക്കുമെന്ന ഉറപ്പു നല്കാതെ ട്രംപ്
Thursday, January 9, 2025 2:34 AM IST
മയാമി: പാനമ കനാലും ഗ്രീൻലാൻഡും അമേരിക്കയോടു കൂട്ടിച്ചേർക്കാൻ സൈനിക നടപടിയോ സാന്പത്തിക സമ്മർദമോ പ്രയോഗിച്ചേക്കുമെന്ന സൂചന നല്കി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സൈനിക, സാന്പത്തിക നടപടികൾ ഉപയോഗിക്കില്ല എന്ന ഉറപ്പു നല്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നല്കുകയായിരുന്നു ട്രംപ്. അത്തരം ഉറപ്പു നല്കാനാവില്ലെന്നും അമേരിക്കയുടെ ദേശീയ, സാന്പത്തിക സുരക്ഷയ്ക്ക് ഗ്രീൻലാൻഡും പാനമ കനാലും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രീൻലാൻഡിന്റെ കാര്യത്തിൽ തന്റെ വാഗ്ദാനം നിരസിക്കപ്പെട്ടാൽ ഡെന്മാർക്കിനുമേൽ ചുങ്കം ചുമത്തും. കാനഡയെ സഹായിക്കുന്നതുകൊണ്ട് അമേരിക്കയ്ക്കു പ്രയോജനമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ജനുവരി 20ന് അധികാരത്തിലേറുന്ന ട്രംപ്, ഡെന്മാർക്കിന്റെ ഭാഗവും ഉത്തരധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപുമായ ഗ്രീൻലാൻഡ് പണം കൊടുത്തു വാങ്ങാൻ അമേരിക്ക തയാറാണെന്നു നേരത്തേ പറഞ്ഞിരുന്നു. പാനമ കനാലിന്റെ നിയന്ത്രണം അമേരിക്ക വീണ്ടും ഏറ്റെടുക്കണമെന്നും കാനഡയെ അമേരിക്കൻ സംസ്ഥാനമാക്കാൻ തയാറാണെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
ഗ്രീൻലാൻഡ് വില്പനയ്ക്കില്ലെന്നാണു ഡെന്മാർക്ക് പ്രതികരിച്ചിട്ടുള്ളത്. ഇതിനിടെ, ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂണിയർ ഡെന്മാർക്കിലെത്തിയിട്ടുണ്ട്.
ട്രംപിന്റെ ഭീഷണിക്കു മുന്നിൽ പതറില്ലെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളി പ്രതികരിച്ചു. പാനമ കനാലിന്റെ നിയന്ത്രണം പാനമയ്ക്കുതന്നെ ആയിരിക്കുമെന്ന് അവിടത്തെ വിദേശകാര്യമന്ത്രി ഹാവിയർ മാർട്ടിനസും പറഞ്ഞു.
തന്ത്രപ്രധാന പ്രദേശമായി പരിഗണിക്കുന്ന ഗ്രീൻലാൻഡിൽ പതിറ്റാണ്ടുകളായി അമേരിക്കയുടെ റഡാർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ട്. ചൈനീസ്, റഷ്യൻ കപ്പലുകളെ നിരീക്ഷിക്കുന്നതിൽ ഗ്രീൻലാൻഡിനു പ്രാധാന്യമുണ്ടെന്നാണു ട്രംപിന്റെ നിലപാട്.
ട്രംപിനെതിരേ ഫ്രാൻസ്, ജർമനി
പാരീസ്: യൂറോപ്യൻ യൂണിയന്റെ അതിർത്തിയിൽ കടന്നുകയറാൻ മറ്റു രാജ്യങ്ങളെ അനുവദിക്കരുതെന്നു ഫ്രാൻസ്. ട്രംപിന്റെ ഭീഷണിയിൽ യൂറോപ്യൻ യൂണിയൻ ഭയപ്പെടരുതെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി ഷോൺ നോയൽ ബാരറ്റ് പ്രതികരിച്ചു. ബലപ്രയോഗത്തിലൂടെ അതിർത്തി മാറ്റാനാവില്ലെന്ന് ജർമൻ ചാൻസലർ ഷോൾസും പറഞ്ഞു.