രാജിയില്ലെന്ന് യൂൺ; ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുമെന്ന് ഭരണകക്ഷി
Friday, December 13, 2024 12:55 AM IST
സീയൂൾ: പട്ടാളനിയമം പ്രഖ്യാപിച്ചതിന്റെ പേരിൽ രാജിവയ്ക്കില്ലെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൾ.
ഇംപീച്ച്മെന്റാണെങ്കിലും അന്വേഷണമാണെങ്കിലും അവസാനം വരെ പോരാടും. ഏപ്രിലിലെ പൊതുതെരഞ്ഞെടുപ്പിൽ ഉത്തരകൊറിയ ദക്ഷിണകൊറിയയിലെ ഇലക്ഷൻ കമ്മീഷനെ ഹാക്ക് ചെയ്തെന്നും അതിനാലാണ് തന്റെ പാർട്ടിക്കു ഭൂരിപക്ഷം നഷ്ടമായതെന്നും ഇന്നലെ ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത യൂൺ ആരോപിച്ചു.
ബുധനാഴ്ച വൈകുന്നേരം പ്രതിപക്ഷ എംപിമാർ യൂണിനെതിരേ വീണ്ടും ഇംപീച്ചമെന്റ് പ്രമേയം അവതരിപ്പിച്ചു. ശനിയാഴ്ച വോട്ടെടുപ്പ് ഉണ്ടായേക്കും. ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുമെന്ന സൂചന യൂണിന്റെ പീപ്പിൾസ് പവർ പാർട്ടി (പിപിപി) നല്കി. പിപിയിലെ എട്ട് അംഗങ്ങൾ പിന്തുണച്ചിരുന്നെങ്കിൽ ഇംപീച്ച്മെന്റ് പാസായേനെ.
യൂണിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന ആദ്യ ഇംപീച്ചമെന്റ് പ്രമേയം പിപിപി എംപിമാരുടെ നിസഹകരണത്താൽ പരാജയപ്പെടുകയായിരുന്നു. ഇത്തവണ പിപിപിയിലെ ഏഴ് എംപിമാർ ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുമെന്നു വ്യക്തമായതായി റിപ്പോർട്ടുകളിൽ പറയുന്നു.
നിയമമന്ത്രിയെയും പോലീസ് മേധാവിയെയും ഇംപീച്ച് ചെയ്തു
പ്രസിഡന്റ് യൂൺ സുക് ഇയോൾ പ്രഖ്യാപിച്ച പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ച നിയമമന്ത്രി പാർക്ക് സുംഗ് ജെയി, പോലീസ് മേധാവി ചോ ജി ഹോ എന്നിവരെ ദക്ഷിണകൊറിയൻ പാർലമെന്റ് ഇന്നലെ ഇംപീച്ച് ചെയ്തു.