വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല: കേന്ദ്രം
Friday, November 15, 2024 2:15 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജ്യത്തെയാകെ നടുക്കിയ വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്നു കേന്ദ്രസർക്കാർ. മാനദണ്ഡങ്ങൾ പ്രകാരം വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നു കേന്ദ്രം വ്യക്തമാക്കി.
കേരളത്തിന്റെ ദുരന്തനിവാരണ നിധിയിലേക്ക് അർഹമായ വിഹിതം നൽകിയിട്ടുണ്ടെന്നും അതിനാൽ പ്രത്യേക കേന്ദ്രസഹായം ഉണ്ടായേക്കില്ലെന്ന സൂചനയും കേന്ദ്രം നൽകിയ കത്തിലുണ്ട്.
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം മേഖലകളിലുണ്ടായ വൻ ഉരുൾപൊട്ടലുകൾ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടു ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രഫ. കെ.വി. തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിന്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്. പ്രളയവും ഉരുൾപൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ നിധികളുടെ മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ലെന്ന് മന്ത്രി റായ് അറിയിച്ചു.
എന്നാൽ, വലിയ നാശനഷ്ടമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുണ്ടാകുന്പോൾ ദേശീയ ദുരന്തനിവാരണ നിധിയിൽ (നാഷണൽ ഡിസാസ്റ്റർ റസ്പോണ്സ് ഫണ്ട് -എൻഡിആർഎഫ്)നിന്ന് അധിക സാന്പത്തികസഹായം അനുവദിക്കാമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രിതല കേന്ദ്രസംഘം നേരിട്ടു സന്ദർശിച്ച് നഷ്ടം വിലയിരുത്തുന്നത് അടക്കമുള്ള നടപടിക്രമങ്ങൾ അനുസരിച്ചാണ് എൻഡിആർഎഫിൽനിന്നു ഫണ്ട് നൽകുക. എൻഡിആർഎഫിൽനിന്നും സംസ്ഥാന ദുരന്തനിവാരണ നിധിയായ എസ്ഡിആർഎഫിൽനിന്നും നൽകുന്ന തുക ദുരിതാശ്വാസമാണെന്നും നഷ്ടപരിഹാരമല്ലെന്നും കേന്ദ്രം വിശദീകരിച്ചു.
കഴിഞ്ഞ ജൂലൈയിൽ വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായതിനു പിന്നാലെ സംസ്ഥാന ഗവർണറെയും മുഖ്യമന്ത്രിയെയും കൂട്ടി പ്രധാനമന്ത്രി നേരിട്ട് ദുരന്തമേഖലകളിൽ ആകാശനിരീക്ഷണം നടത്തിയ ശേഷം ദുരന്തമേഖലകളിൽ നേരിട്ടെത്തിയിരുന്നു. പിന്നീട് വയനാട് കളക്ടറേറ്റിൽ സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തിയതാണെന്ന് മന്ത്രി റായിയുടെ കത്തിൽ ചൂണ്ടിക്കാട്ടി.
ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) ഡയറക്ടർ ജനറലും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. എൻഡിആർഎഫിന്റെ നാല് സംഘങ്ങളും തീരസംരക്ഷണ സേനയുടെ (ഐസിജി) മൂന്നു സംഘങ്ങളും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
കരസേനയും വ്യോമസേനയും നാവികസേനയും ഹെലികോപ്റ്ററുകൾ അടക്കമുള്ള സംവിധാനങ്ങളോടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 30 പേരെ ജീവനോടെ രക്ഷിക്കാൻ എൻഡിആർഎഫിനായി. 520 പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. 112 മൃതദേഹങ്ങൾ വീണ്ടെടുത്തുവെന്നും മന്ത്രി അറിയിച്ചു.
ദുരന്തത്തിന്റെ നഷ്ടവും വ്യാപ്തിയും വിലയിരുത്തുന്നതിനായി കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് മന്ത്രിതല കേന്ദ്രസംഘം (ഐഎംസിടി) രൂപീകരിച്ചതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ അപേക്ഷയില്ലാതെയാണിത്.
ഓഗസ്റ്റ് എട്ടുമുതൽ കേന്ദ്രസംഘം വയനാട്ടിലെ ദുരന്തബാധിതപ്രദേശം സന്ദർശിച്ചിരുന്നു. കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നടപടിയെടുത്തുവെന്നും മന്ത്രി റായ് കത്തിൽ പറയുന്നു.
എന്നാൽ ഈ നടപടിയെന്താണെന്നോ, കൂടുതൽ ഫണ്ട് അനുവദിക്കുന്നതിനെക്കുറിച്ചോ കത്തിൽ മൗനം പാലിച്ചു. പക്ഷേ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് കഴിയാവുന്ന എല്ലാ സഹായവും തുടർന്നും നൽകുമെന്ന പതിവ് ആശ്വാസവാക്കോടെയാണു മന്ത്രി നിത്യാനന്ദ് റായ് കത്ത് അവസാനിപ്പിക്കുന്നത്.
ദുരിതാശ്വാസ നിധിയിൽ 394.99 കോടി ബാക്കി
കേരളത്തിന് ഈ സാന്പത്തികവർഷം സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 388 കോടി രൂപ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. ഇതിൽ 291.20 കോടി കേന്ദ്രവിഹിതവും 96.80 കോടി സംസ്ഥാന വിഹിതവുമാണ്.
ജൂലൈ 31ന് ആദ്യം 145.60 കോടിയും കഴിഞ്ഞ ഒന്നിന് രണ്ടാം ഗഡുവായി 145.60 രൂപയുമാണു കേന്ദ്രം അഡ്വാൻസായി നൽകിയത്.
കഴിഞ്ഞ ഏപ്രിൽ ഒന്നിലെ കണക്കനുസരിച്ച് എസ്ഡിആർഎഫിൽ 394.99 കോടി രൂപ ബാക്കിയുണ്ടെന്ന് അക്കൗണ്ട് ജനറലും അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു മതിയായ ഫണ്ട് കേരളത്തിന്റെ പക്കലുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.