സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും
Wednesday, November 13, 2024 2:00 AM IST
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ ചലച്ചിത്ര താരം സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത ആഴ്ചത്തേക്കു മാറ്റിയതാണ് കാരണം.
മുൻകൂർ ജാമ്യാപേക്ഷയിൽ വാദം ആരംഭിച്ചെങ്കിലും സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി തന്റെ തൊണ്ട അസ്വസ്ഥമാണെന്ന് കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് കേസ് മാറ്റിവയ്ക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ജസ്റ്റിസ്മാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിനെ സംസ്ഥാന സർക്കാർ അറിയിച്ചു.
ചോദ്യം ചെയ്യലിൽ സിദ്ദിഖ് ചോദ്യങ്ങൾക്ക് മറുപടി നൽകാറില്ലെന്നും ഒഴിഞ്ഞുമാറുകയാണെന്നും സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ കോടതിയിൽ അറിയിച്ചു.