മാസപ്പടി കേസ്: രേഖകൾ കൈമാറാൻ കഴിയില്ലെന്നു സിഎംആർഎൽ
Wednesday, November 13, 2024 2:00 AM IST
ന്യൂഡൽഹി: മാസപ്പടി കേസിൽ നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും രേഖകൾ കൈമാറാൻ കഴിയില്ലെന്നും സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സിഎംആർഎൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് അന്വേഷണ ഏജൻസികൾക്കു രേഖകൾ കൈമാറാൻ കഴിയില്ലെന്നു സിഎംആർഎൽ അറിയിച്ചത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും സിഎംആർഎൽ ആവശ്യപ്പെട്ടു.
അതേസമയം ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനു (എസ്എഫ്ഐഒ) കോടതി പത്തുദിവസം സമയം അനുവദിച്ചു. അന്വേഷണം റദ്ദാക്കണമെന്ന ഹർജി കോടതി ഡിസംബർ നാലിന് പരിഗണിക്കാനായി മാറ്റി.
കേസിൽ തീർപ്പുണ്ടാകുന്നത് വരെ എസ്എഫ്ഐഒയെ റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കരുതെന്നു സിഎംആർഎൽ കോടതിയിൽ ആവശ്യപ്പെട്ടു.