സ്വിറ്റസര്‍ലൻഡില്‍ അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ സംസ്കാരം 15ന്
Friday, October 10, 2025 10:20 AM IST
വിയന്ന: സ്വിറ്റസര്‍ലൻഡില്‍ അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ സംസ്കാരശുശ്രൂഷകള്‍ വിയന്നയിലെ 23-ാമത്തെ ജില്ലയിലുള്ള പൊള്ളാക്ക്ഗാസെ 3ല്‍ (Pollakgasse 3, 1230 Wien) ഈ മാസം 15-ന് നടക്കും.
വിയന്നയിലെ കര്‍മങ്ങള്‍ക്ക് മുമ്പായി സ്വിറ്റസര്‍ലൻഡിലെ ബേര്‍ണില്‍ ബിന്ദുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ബേര്ണിലുള്ള മുര്ട്ടന്സ്ട്രാസെ 51-ല്‍ (Murtenstrasse 51, 3008 Bern, Switzerland) ആയിരിക്കും പൊതുദര്‍ശനം.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്ന് മുതല്‍ വൈകുന്നേരം അഞ്ച് വരെയും ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയും സ്വിസ് മലയാളി സമൂഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സമയം ഉണ്ടാകും.
തുടര്‍ന്ന് വിയന്നയില്‍ 15-ന് രാവിലെ 10ന് സംസ്കാര ശുശ്രുഷകള്‍ ആരംഭിക്കും. ബിന്ദുവിന് അന്ത്യയാത്രാമൊഴി നല്‍കാനുള്ള അവസരം മലയാള സമൂഹത്തിന് അന്ന് തന്നെ ഉണ്ടായിരിക്കും.
വിയന്ന മലയാളിയായ ബിന്ദു കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ആവശ്യങ്ങള്‍ക്കായി സൂറിച്ചിലായിരുന്നു. ഈ മാസം ഒന്നിന് ജോലിക്ക് പോകുന്ന വഴിയില്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ബിന്ദു അന്തരിച്ചത്.
സ്വിറ്റ്സര്‍ലന്‍ഡിലെ സെന്റ് ഉര്‍ബനില്‍ പെഡസ്ട്രിയന്‍ ക്രോസ്സില്‍ അമിത വേഗതയിലെത്തിയ വാഹനം ബിന്ദുവിനെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് ബേണിലെ മറ്റൊരു ആശുപത്രിയിലേക്ക് തീവ്രപരിചരണത്തിനായി മാറ്റുകയും ചെയ്തു. ചികിത്സയില്‍ കഴിയുന്നതിനിടെ ഈ മാസം അഞ്ചിന് മരണപ്പെടുകയായിരുന്നു.
ബിഎസ്സി നഴ്സിംഗ് പഠനശേഷം 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്ട്രിയയില്‍ എത്തിയ ബിന്ദു നഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. പിന്നീട് രണ്ട് വര്‍ഷം മുമ്പ് സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു.
തൃശൂര്‍ വെളയനാട് പരേതരായ കാഞ്ഞിരപ്പറമ്പില്‍ അന്തോണി റോസി ദമ്പതികളുടെ ഇളയ മകളാണ് ബിന്ദു. വിയന്ന മലയാളിയായ തൃശൂര്‍ എലിഞ്ഞിപ്ര സ്വദേശി ബിജു മാളിയേക്കലിന്റെ ഭാര്യയാണ് ബിന്ദു. മക്കള്‍: ബ്രൈറ്റ്സണ്‍, ബെര്‍ട്ടീന.
സഹോദരങ്ങള്‍: മേഴ്സി തട്ടില്‍ നടക്കലാന് (ഓസ്ട്രിയ), ഡാലി പോള്‍ (കേരളം), ലിയോ കാഞ്ഞിരപ്പറമ്പില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ജോണ്‍ഷീന്‍ (കേരളം).