ജര്‍മനിയില്‍ ഒക്ടോബർ ഫെസ്റ്റിന് കൊടിയിറങ്ങി
ജോസ് കുമ്പിളുവേലില്‍
Monday, October 6, 2025 5:50 PM IST
ബര്‍ലിന്‍: ജര്‍മനിയിലെ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നായ ബിയര്‍ ഫെസ്റ്റ് എന്നറിയപ്പെടുന്ന മ്യൂണിക്കിലെ ഒക്ടോബർ ഫെസ്റ്റ് സമാപിച്ചു. ഫെസ്റ്റിനിടയിലുണ്ടായ ഗുരുതരമായ സംഭവങ്ങൾ പരിപാടിയുടെ ശോഭ കെടുത്തി.
റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറച്ച് മദ്യമാണ് ആളുകള്‍ കുടിച്ചത്. 6.5 ദശലക്ഷം സന്ദര്‍ശകര്‍ ഫെസ്റ്റിൽ പങ്കെടുത്തു. 6.5 ദശലക്ഷം ലിറ്റര്‍ (1.7 ദശലക്ഷം ഗാലണ്‍) ബിയര്‍ കുടിച്ചുവെന്ന് മ്യൂണിക്ക് അധികൃതര്‍ പറഞ്ഞു.
2024നെ അപേക്ഷിച്ച് ഈ സംഖ്യ അല്പം കുറഞ്ഞിട്ടുണ്ട്. പോയവര്‍ഷം ഏകദേശം 6.7 ദശലക്ഷം ആളുകള്‍ ഏകദേശം ഏഴ് ദശലക്ഷം ലിറ്റര്‍ കഴിച്ചു.
തിരക്ക് കാരണം രണ്ട് ദിവസങ്ങളില്‍ ഫെസ്റ്റ് ഗ്രൗണ്ട് താത്കാലികമായി അടച്ചിടേണ്ടി വന്നതും ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫെസ്റ്റ് ഏതാണ്ട് ഒരു ദിവസം മുഴുവന്‍ നഷ്ടപ്പെട്ടതും ഫെസ്റ്റിന് തിരിച്ചടിയായി.
ഫെസ്റ്റിൽ പങ്കെടുക്കുന്നവരില്‍ ഏകദേശം 21 ശതമാനം പേര് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇതിൽ കൂടുതലും യുഎസ്, ഇറ്റലി, യുകെ, ഓസ്ട്രിയ, പോളണ്ട്, സ്പെയിന്, ഫ്രാന്‍സ്, ഇന്ത്യ, സ്വീഡന് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.
അതേസമയം, മൊത്തം 784 ക്രിമിനല്‍ കുറ്റകൃത്യങ്ങളും ഭരണപരമായ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.