ഹാന്നോവറില്‍ സീറോമലബാര്‍ ഇടവകയും ഇടയനും യാഥാര്‍ഥ്യമായി
ജോസ് കുമ്പിളുവേലില്‍
Sunday, October 5, 2025 12:31 PM IST
ഹാന്നോവര്‍: ജര്‍മനിയിലെ ഹില്‍ഡേഴ്സ്ഹൈം രൂപതയിലെ സീറോമലബാര്‍ കത്തോലിക്കാ വിശ്വാസികളുടെ (ഇന്ത്യന്‍ കത്തോലിക്കാ സമൂഹം) പാസ്റ്ററല്‍ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഹാന്നോവര്‍ ബുര്‍ഗ്ഡോര്‍ഫിലെ സെന്റ് നിക്കോളാസ് പള്ളിയില്‍ നടന്നു.
സീറോമലബാര്‍ ക്രമത്തിലുള്ള പ്രദക്ഷിണത്തോടെ ആരംഭിച്ച ചടങ്ങില്‍ ഹില്ഡേഴ്ഹൈം രൂപതയുടെ എപ്പിസ്കോപ്പല്‍ ജനറല്‍ വികാരിയേറ്റ് പാസ്റററല്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോം കാപ്പിറ്റലാര് പ്രിലേറ്റ് ഡോ. ക്രിസ്റ്റ്യാന്‍ ഹെന്നെക്കെ, ഫാ. സിറിയക് ചന്ദ്രന്‍കുന്നേല്‍ എംഎസ്ടിയെ സമൂഹത്തിന്റെ വികാരിയായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തി അധികാരപത്രം കൈമാറി.
തുടര്‍ന്ന് യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് ഡോ. സ്റ്റീ ഫന് ചിറപ്പണത്ത് മുഖ്യകാര്‍മികനായി സീറോമലബാര്‍ ആരാധനാ ക്രമത്തില്‍ വി.കുര്‍ബാന അര്‍പ്പിച്ചു. ഫാ. സിറിയക് ചന്ദ്രന്‍കുന്നേല്‍, പ്രിലേറ്റ് ഡോ. ക്രിസ്റ്റ്യാന്‍ ഹെന്നെക്കെ, ഹാനോവര്‍ സെന്റ് മാര്ട്ടിന് പള്ളി വികാരി ഫാ. ഫ്രാന്‍സ് കുര്‍ത്ത്, ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.ജോസഫ് മാത്യു എംഎസ്ടി, ഫാ.തോമസ് തണ്ണിപ്പാറ എന്നിവര്‍ സഹകാര്‍മികരായി.

ഗായകസംഘത്തിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തിനിര്‍ഭരമാക്കി. ദിവ്യബലിയിലെ വായനകളും പ്രാര്‍ഥനകളും മലയാളത്തിലും ജര്‍മന്‍ ഭാഷയിലും നടത്തിയത് ജര്‍മന്‍ കത്തോലിക്കാ സഭയോടുള്ള ഐക്യത്തെ സൂചിപ്പിയ്ക്കുന്നതായിരുന്നു.
തുടര്‍ന്നു നടന്ന അനുമോദന യോഗത്തില്‍ ബിഷപ് ഡോ. സ്റ്റീഫന്‍ ചിറപ്പണത്ത്, പ്രിലേറ്റ് ഡോ. ക്രിസ്റ്റ്യാന്‍ ഹെന്നെക്കെ, ഫാ. ഫ്രാന്‍സ് കുര്‍ത്ത്, സീറോമലബാര്‍ റീത്ത് ജര്‍മനിയുടെ ദേശീയ കോഓര്‍ഡിനേറ്റര്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.ജോസഫ് മാത്യു, ഹില്‍ഡേഴ്സ്ഹൈം പാസ്റ്ററൽ ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി നാദിന്‍ വില്‍ക്കെ, ഇടവക കൗണ്‍സില്‍ ചെയര്മാന് നോര്‍ബേര്‍ട്ട് ഹെഗെ, ഗൗരവ് ഗാര്‍ഗ്, ഉര്‍സുല മില്ലര്‍, ലോക കേരള സഭ അംഗം ജോസ് കുമ്പിളുവേലില്‍ (കൊളോണ്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഗ്യോട്ടിംഗനില് നിന്നുള്ള കുട്ടികളുടെ ഗാനാലാപനം, ആക്ഷന്‍ സോംഗ്, വി. സ്നാപകയോഹന്നാനെക്കുറിച്ചുള്ള സ്കെച്ച് തുടങ്ങിയ പരിപാടികളും നടന്നു. ഹില്‍ഡേഴ്സ്ഹൈം രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സീറോമലബാര്‍ വിശ്വാസികളായ ഏതാണ്ട് നാനൂറോളം പേര് പരിപാടികളില്‍ പങ്കെടുത്തു.
ഇടവകയുടെ പ്രവര്‍ത്തനം രൂപതാതലത്തില്‍ വിപുലീകരിച്ച് ജര്‍മന്‍ സഭയോടൊപ്പം സീറോമലബാര്‍ വിശ്വാസികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ചുമതലയേറ്റ ശേഷം ഫാ. സിറിയക് ചന്ദ്രന്‍കുന്നേല്‍ അറിയിച്ചു.
ഫാ. സിറിയക് ചന്ദ്രന്‍കുന്നേല്‍ സ്വാഗതവും അജീഷ് നന്ദിയും പറഞ്ഞു. മര്‍ഫി പരിപാടികള്‍ മോഡറേറ്റ് ചെയ്തു. അഗാപ്പെയോടെ പരിപാടികള്‍ സമാപിച്ചു.