ജര്‍മനിയില്‍ യൂറോപ്പ മല്ലൂസിന്റെ ഓണാഘോഷം ഗംഭീരമായി
ജോസ് കുമ്പിളുവേലിൽ
Sunday, October 5, 2025 12:46 PM IST
ബര്‍ലിന്‍: ജര്‍മനിയിലെ ബാഡന്‍ വ്യുര്‍ട്ടെംബര്‍ഗ് സംസ്ഥാനത്തിലെ ലോറാ നഗരത്തിലെ നവ മലയാളി കൂട്ടായ്മയായ യൂറോപ്പ മല്ലൂസിന്റെ ആഭിമുഖ്യത്തില്‍ തിരുവോണാഘോഷം "ആരവം 2025' സംഘടിപ്പിച്ചു.
ഷോപ്ഫെയിം ഇവൻജലിക്കല് ദേവാലയ ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികള്‍ നടന്നത്. നാട്ടില്‍ നിന്നും മക്കളെ സന്ദര്‍ശിക്കാനെത്തിയ മാതാപിതാക്കളായ ജെയിംസ് തോമസ് - സോഫി ജെയിംസ്(കോട്ടയം), മരിയ ജോര്‍ജ് കുളങ്ങര, ഉഷാദേവി (പാലക്കാട്), ബേബി ചെറിയാന് കോലാട്ടുകുടി, ഷീല ബേബി എന്നിവര്‍ ചേര്‍ന്ന് ദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
തിരുവാതിരകളി, സിനിമാറ്റിക് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, ട്രെന്‍ഡ് ഡാന്‍സുകള്‍, കപ്പിള്‍ ഡാന്‍സ്, കുട്ടികളുടെ ഓണക്കളികള്‍, കപ്പിള്‍ ഗെയിംസ്, വടംവലി തുടങ്ങിയവ അരങ്ങേറി. സലീബ് ഫിലിപ്പ് മാവേലിയായി വേഷമിട്ടു.


മഞ്ജുഷ പ്രേമദാസ്, ജയസരിത ഗോപന് എന്നിവര്‍ പരിപാടികളുടെ അവതാരകരായി. ടേസ്റ്റ് ഓഫ് കേരളയാണ് ഓണസദ്യ ഒരുക്കിയത്. ടോംസണ് സെബാസ്റ്റ്യന്‍, സോനു ശേഖര്‍, ബിബിന്‍ ആന്റണി എന്നിവര്‍ പരിപാടികളുടെ കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.
യൂറോപ്പ മല്ലൂസിന്റെ ഏഴാമത്തെ ഓണാഘോഷത്തില്‍ ഇത്തവണ കൂടുതല്‍ മലയാളി പ്രാതിനിധ്യം ഉണ്ടായതായി സംഘാടകർ അഭിപ്രായപ്പെട്ടു.