ട്യൂബിംഗന്‍ മല്ലൂസിന്റെ ഓണാഘോഷം ഗംഭീരമായി
ജോസ് കുമ്പിളുവേലിൽ
Sunday, October 5, 2025 5:16 PM IST
ബര്‍ലിന്‍: യൂറോപ്പിലെ പ്രശസ്തമായ മലയാളം ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥിതിചെയ്യുന്ന ട്യൂബിംഗന്‍ നഗരത്തിലെ മലയാളി മല്ലൂസിന്റെ ഓണാഘോഷം ഗംഭീരമായി. ജര്‍മന്‍ മല്ലൂസും ഇന്തോ ജര്‍മന്‍ കള്‍ച്ചറല്‍ സൊസൈറ്റിയും സംയുക്തമായി "മാവേലി വെയ്റ്റിംഗ് ഇൻ ട്യൂബിംഗൻ 2025' ആഘോഷിച്ചു. നഗരമധ്യത്തിലെ ഷ്ളാട്ടര്ഹൗസില് രാവിലെ 8.30ന് രജിസ്ട്രേഷനോടുകൂടി പരിപാടികള്‍ക്ക് തുടക്കമായി.
രാജേഷ് പിള്ളയുടെ(DIKG) സ്വാഗത പ്രസംഗത്തെ തുടര്‍ന്ന് ഫാ.ടിജോ പറത്താനത്ത്, ജോളി തടത്തില്‍ (ചെയര്മാന്, ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ), മേഴ്സി തടത്തില്‍ (ഡബ്ല്യുഎംസി ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍), ജോളി എം പടയാട്ടില്‍ (പ്രസിഡന്റ്, ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ), ജോസ് കുമ്പിളുവേലില്‍ (ലോക കേരള സഭ അംഗം), ചിന്നു പടയാട്ടില്‍ (സെക്രട്ടറി, ഡബ്ല്യുഎംസി ജര്‍മന്‍ പ്രോവിന്‍സ്), ജോണ്‍സ് (മാവേലി), രാജേഷ് പിള്ള, ധനേഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
തിരുവാതിരകളി, ക്ലാസിക്കല്‍, സിനിമാറ്റിക് നൃത്തങ്ങള്‍, ശ്രുതിമധുരമായ സോളോ, കരോക്കെ ഗാനങ്ങള്‍, ഫ്യൂഷന്‍ ഡാന്‍സ്, തുടങ്ങിയ പരിപാടികള്‍ക്ക് പുറമെ വയലിന് വാദ്യസംഗീതവും അരങ്ങേറി. മാവേലിയായി ജോണ്‍സ് വേഷമിട്ടു.

സമൃദ്ധി, സന്തോഷം, സമത്വം തുടങ്ങിയ കാര്യങ്ങളെപ്പറ്റി വിശദീകരിച്ചത് ഓണത്തിന്റെ ഓര്‍മകള്‍ അയവിറക്കാന്‍ സഹായകമായെന്നു മാത്രമല്ല സദസിനെ ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബാഡന്‍ വുര്‍ട്ടംബര്‍ഗ് പ്രൊവിന്‍സിന്റെ ഉദ്ഘാടനം ഓണാഘോഷത്തിന്റെ ചരിത്ര നാഴികക്കല്ല് കൂടിയായി. ആഘോഷത്തില്‍ വിശിഷ്ടാതിഥികളായ ജോളി തടത്തില്‍, ജോളി എം. പടയാട്ടില്‍, മേഴ്സി തടത്തില്‍, ഫാ. ടിജോ പറത്താനത്ത്, ജോസ് കുമ്പിളുവേലില്‍, ചിന്നു പടയാട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആന്‍സു, സ്റ്റെഫി എന്നിവര്‍ പരിപാടികളുടെ അവതാരകരായി.
സ്റ്റുട്ട്ഗാര്‍ട്ടിലെ ഫുഡീസ കാറ്ററിംഗ് & ഇവന്റ്സ് ഒരുക്കിയ ഓണസദ്യ ആഘോഷത്തിന്റെ ഹൈലൈറ്റായി.പരമ്പരാഗത കേരള വിരുന്ന് ആസ്വദിക്കാന്‍ 300 ഓളം പേര് എത്തിയത് മറുനാട്ടില്‍ തിരുവോണത്തിന്റെ ഗൃഹാതുരത്വ പ്രതിധ്വനിയായി.
ഉച്ചകഴിഞ്ഞ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള ഗെയിമുകളും തുടർന്ന് വടംവലിയും ആം റെസ്ലിംഗ് മത്സരങ്ങളും നടന്നു. മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും നല്കി ആദരിച്ചു. തെക്കിനി ബാന്‍ഡിന്റെ ലൈവ് മ്യൂസിക്കും ഡിജെ ടിബിന്‍ അവതരിപ്പിച്ച ഡിജെ പാര്‍ട്ടിയും പങ്കെടുത്തവര്‍ക്ക് നൃത്തവേദിയായി.

പോള്‍ വര്‍ഗീസ്, ടിബിന്‍, ആന്‍സണ്‍ ജോസ്, ഹരി പ്രസാദ്, ധനേഷ് കൃഷ്ണ, ജോഷ്വ, ജസ്റ്റിന്, അലോക്, റീത്തു, രാജേഷ് പിള്ള എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഏകോപനം ആഘോഷത്തെ ഗംഭീര വിജയമാക്കി.
പരിപാടികള്‍ സുഗമമാക്കാന്‍ സഹായിച്ച സ്പോണ്‍സര്‍മാര്‍, കലാകാരന്മാര്, സന്നദ്ധപ്രവര്‍ത്തകര്‍, പങ്കാളികള്‍ എന്നിവരെ പ്രത്യേകം അനുമോദിച്ചുകൊണ്ടാണ് ധനേഷ് കൃഷ്ണ നന്ദി അറിയിച്ചത്.