ജര്‍മനിയുടെ 35-ാം ഐക്യ ദിനം ആഘോഷിച്ചു
ജോസ് കുമ്പിളുവേലില്‍
Monday, October 6, 2025 3:35 PM IST
ഒക്ടോബര്‍ മൂന്നിന് ജര്‍മനിയുടെ 35ാം ഐക്യ ദിനം ആഘോഷിച്ചു. 1990 ഒക്ടോബർ മൂന്നിന് കിഴക്കൻ ജർമനിയും പടിഞ്ഞാറൻ ജർമനിയും ഒന്നിച്ചതിന്റെ 35-ാം വാർഷികമാണ് രാജ്യം "ജർമൻ ഐക്യ ദിനമായി' ആഘോഷിച്ചത്.
40 വർഷത്തെ വിഭജനത്തിനു ശേഷം ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനിയും ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കുമായി ജർമനി വേർപിരിഞ്ഞിരുന്നു. ഈ ദിവസം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതു അവധി ദിനമാണ്. ഐക്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് രാജ്യത്തെ ജനാധിപത്യം ഭീഷണിയിലാണെന്ന മുന്നറിയിപ്പ് നൽകി.
"നമ്മുടെ ലിബറൽ ജീവിതരീതി പുറത്തുനിന്നും അകത്തുനിന്നും ആക്രമണത്തിന് വിധേയമാകുന്നു' അദ്ദേഹം പറഞ്ഞു. ഐക്യ ദിനത്തിന്റെ പ്രധാന ആഘോഷങ്ങൾക്ക് ഈ വർഷം ആതിഥേയത്വം വഹിച്ചത് സാർബ്രൂക്കൻ നഗരമാണ്. ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ വിശിഷ്ടാതിഥിയായി പങ്കെടുത്തു.