ജർമനിയിൽ ബഥനി മിശിഹാ അനുകരണ സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷം ഭക്തിനിര്‍ഭരമായി
ജോസ് കുമ്പിളുവേലില്‍
Monday, October 6, 2025 12:58 PM IST
ബര്‍ലിന്‍: സീറോമലങ്കര സഭയുടെ ധന്യനായ മാര്‍ ഇവാനിയോസിന്റെ നേതൃത്വത്തില്‍ 1925ല്‍ കേരളത്തില്‍ ആരംഭിച്ച ബഥനി മിശിഹാ അനുകരണ സന്യാസിനി സമൂഹം സ്ഥാപിതമായിട്ട് നൂറു വര്‍ഷം പൂര്‍ത്തിയാക്കി.
ജര്‍മനിയില്‍ ശുശ്രൂഷ ചെയ്യുന്ന ബഥനി സിസ്റ്റേഴ്സ്, ശതാബ്ദി ആഘോഷങ്ങള്‍ ഇക്കഴിഞ്ഞ ജൂലൈ 21ന് ഫ്റൈബുര്ഗ് രൂപതയിലെ മാന്‍ഹൈം ജെസ്യൂട്ട് പള്ളിയില്‍ ആഘോഷിച്ചു. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഡല്‍ഹി - ഗുര്‍ഗാവണ്‍ രൂപത അദ്ധ്യക്ഷന്‍ തോമസ് മാര്‍ അന്തോണിയോസ് പിതാവ് മുഖ്യകാര്‍മികത്വം വഹിച്ചു.
ജര്‍മ്മനിയിലും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും ശുശ്രൂഷ ചെയ്യുന്ന മലങ്കര റീത്തിലുള്ള നിരവധി വൈദികര്‍ സഹകാര്‍മികരായി. അറുപതോളം വൈദികര്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്തു. വിവിധ സന്യാസ-സന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികള്‍, ബഥനി സിസ്റ്റേഴ്സ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള ഡയറക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, അനുഭാവികള്‍ എന്നിവര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.

Herr Dekan Kal Jung വിശുദ്ധ കുര്‍ബാനമധ്യേ വചനസന്ദേശം നല്കി. ദിവ്യബലിക്കു ശേഷം പാരീഷ്ഹാളില്‍ അന്തോണിയോസ് പിതാവ് പരിപാടികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നടത്തി ആശംസകളും നേര്‍ന്നു.
ഫ്റൈബുര്ഗ് അതിരൂപതയിലെ Domkapitular Herr Dr. Peter Kohl ആശംസകള്‍ നേര്‍ന്ന്, ബഥനി സിസ്റ്റേഴ്സിന്റെ സമര്‍പ്പിത ശുശ്രൂഷകള്‍ക്ക് നന്ദിയും അറിയിച്ചു. സാംസ്കാരിക പരിപാടികള്‍ക്കൊപ്പം ജൂബിലി കേക്ക് മുറിച്ച് മധുരം പങ്കുവച്ചും സ്നേഹവിരുന്നും ഒരുക്കിയും സൗഹൃദം പുതുക്കി.
ജൂബിലി ആഘോഷത്തിനായുള്ള ക്രമീകരണങ്ങള്‍ നടത്തിയ മാന്‍ഹൈം കാരിത്താസ് അധികാരികളെയും Herr Dekan Kal Jung അച്ചനും കൂടാതെ മലങ്കര കമ്മ്യൂണിറ്റിയിലെ വൈദികര്‍ക്കും സഹകരണം നല്കി പങ്കുചേര്‍ന്ന എല്ലാവര്ക്കും ബഥനി സമൂഹം നന്ദി അറിയിച്ചു.