യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള 11ന്
അനിൽ ഹരി
Monday, October 6, 2025 10:50 AM IST
ലണ്ടൻ: വിഗൻ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന യുക്മ - റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയൺ കലാമേള ഈ മാസം 11ന് വിഗണിൽ വച്ച് നടക്കും. ഡീൻ ട്രസ്റ്റ് വിഗൻ അങ്കണത്തിലെ വിവിധ വേദികളിലായി പരിപാടികൾ അരേങ്ങറും.
ഒരാൾക്ക് മൂന്ന് വ്യക്തിഗത ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ്. മത്സരാർഥികളെ പ്രായം അനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അതനുസരിച്ച് കിഡ്സ്, സബ് ജൂണിയർ, ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
കലാമേളയ്ക്ക് പിന്തുണയുമായി നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുള്ള നേതാക്കളായ യുക്മ നാഷനൽ ട്രഷറർ ഷീജോ വർഗീസ്, പിആർഒ കുര്യൻ ജോർജ്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ്, സാംസ്കാരിക വേദി ജോയിന്റ് കൺവീനർ ജാക്സൺ തോമസ്, നാഷണൽ എക്സിക്യുട്ടീവ് ബിജു പീറ്റർ എന്നിവർ റീജിയണൽ കമ്മിറ്റിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നതായി യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഷാജി വരാകുടി, ജനറൽ സെക്രട്ടറി സനോജ് വർഗീസ്, ആർട്സ് കോഓർഡിനേറ്റർ രാജീവ്, ട്രഷറർ ഷാരോൺ എന്നിവർ അറിയിച്ചു.
റീജിയണൽ കലാമേളയിൽ മത്സരിച്ച് വ്യക്തിഗത ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്കും ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കും നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് യുക്മ നോർത്ത് വെസ്റ്റ് റീജനൽ ഭാരവാഹികളെ സമീപിക്കുക: രാജീവ് - +44 757 222752, സനോജ് വർഗീസ് - +44 7411 300076, ഷാജി വാരകുടി - +44 7727 604242.