സ്വിറ്റ്സര്‍ലൻഡിലെ സീറോമലബാര്‍ സമൂഹം തീര്‍ഥാടനം നടത്തി
ജോസ് കുമ്പിളുവേലില്‍
Monday, October 6, 2025 4:39 PM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡ് സീറോമലബാര്‍ സമൂഹത്തിന്റെ വാര്‍ഷിക ആത്മീയ തീര്‍ഥാടനം സെപ്റ്റംബര്‍ 28ന് ഐന്സിഡെല്ന് ബെനഡിക്ടിന് ആശ്രമത്തില്‍ ഭക്തിനിര്‍ഭരമായി നടത്തി. വിശ്വാസത്തിന്റെ തീക്ഷ്ണതയും കുടുംബസൗഹൃദത്തിന്റെ ഊഷ്മളതയും കൈകോര്‍ത്ത ദിനത്തിനാണ് സ്വിറ്റ്സര്‍ലന്‍ഡിലെ സീറോമലബാര്‍ കത്തോലിക്കാ സമൂഹം സാക്ഷ്യം വഹിച്ചത്.
യൂറോപ്പിലെ സീറോമലബാര്‍ സഭയുടെ അപ്പസ്തോലിക വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് തീര്‍ഥാടനത്തിന് മുഖ്യകാര്‍മികത്വം വഹിച്ചു. നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ഡോ. സെബാസ്റ്റ്യന്‍ തയില്‍, പാസ്റ്ററല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പ്ളാപ്പിള്ളി എംഎസ്ടി, എന്നിവരെ കൂടാതെ സ്വിറ്റ്സര്‍ലന്‍ഡിലെ വിവിധ കേന്ദ്രങ്ങളില്‍ സേവനം ചെയ്യുന്ന സീറോമലബാര്‍ പുരോഹിതരും സഹകാര്‍മികരായി.
സന്യാസിനികളും വിശ്വാസികളും ഉള്‍പ്പെടെ, രാജ്യത്തുടനീളമുള്ള 12 സീറോമലബാര്‍ കേന്ദ്രങ്ങളില്‍ നിന്നുമുള്ള പങ്കാളികള്‍ ഒത്തുചേര്‍ന്നു. ഓരോ കേന്ദ്രത്തെയും പ്രതിനിധീകരിച്ച് 12 വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ അര്പ്പണവസ്തുക്കള് ബലിപീഠത്തില്‍ സമര്‍പ്പിച്ചു.
വിശുദ്ധ കുര്‍ബാന മധ്യേ മാര്‍ ചിറപ്പണത്ത് വചന സന്ദേശം നല്കി. ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറ പ്രത്യാശയാണ് എന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. അന്നേ ദിവസം ആഘോഷിച്ച "കുരുക്കുകള്‍ അഴിക്കുന്ന മാതാവിന്റെ തിരുനാള്‍' ചൂണ്ടിക്കാട്ടി, ജീവിതത്തിലെ ഏത് വെല്ലുവിളികളെയും മാതാവിന്റെ മാധ്യസ്ഥത്തിലൂടെ ധൈര്യത്തോടെ നേരിടണം എന്നും പറഞ്ഞു.
മറിയത്തിന്റെ ജീവിതം വിശ്വാസത്തിന്റെയും സഹനത്തിന്റെയും പ്രത്യാശയുടെയും ഉദാത്ത മാതൃകയാണ് എന്നും പിതാവ് പറഞ്ഞു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന കുടുംബസൗഹൃദ സംഗമം ശ്രദ്ധേയമായി.
വിശ്വാസികളും ബിഷപ്പും വൈദികരും നേരില്‍ കണ്ടു ആശീര്‍വാദം തേടാനും സൗഹൃദ സംഭാഷണത്തില്‍ പങ്കെടുക്കാനും കഴിഞ്ഞു. സഭയെ വലിയൊരു കുടുംബമായി അനുഭവിക്കാനായ നിമിഷങ്ങളിലൂടെ സൗഹൃദത്തിന്റെയും ആത്മീയ പുതുക്കലിന്റെയും പുതിയ ഉണര്‍വ്വ് നല്‍കിയത് സ്വിറ്റ്സര്‍ലന്‍ഡ് സീറോമലബാര്‍ സമൂഹത്തിന് വിശ്വാസത്തില്‍ ആഴപ്പെടാനും പ്രത്യാശയില്‍ വളരാനും പ്രചോദനമാവും.