മാർ ഔസേപ്പ് അജപാലന ഭവനം: ബ്രിസ്റ്റോൾ-കാർഡിഫ് റീജിയണിൽ കൃതജ്ഞതാ ബലി അർപ്പിച്ച് മാർ ജോസഫ് സ്രാമ്പിക്കൽ
ജഗി
Monday, October 6, 2025 5:10 PM IST
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അജപാലന ഭവനം സ്വന്തമാക്കിയതിൽ നന്ദി പ്രകടിപ്പിക്കാനായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ബ്രിസ്റ്റോൾ-കാർഡിഫ് റീജിയണിൽ കൃതജ്ഞതാ ബലി അർപ്പിച്ചു.
റീജിയണിലെ മുഴുവൻ വൈദികരും ഒക്ടോബർ രണ്ടിന് ഗ്ലോസ്റ്റർ സെന്റ് അഗസ്റ്റിൻ ചർച്ചിൽ നടന്ന വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. ബർമിംഗ്ഹാമിലെ മേരി വെയിലിലാണ് ‘മാർ ഔസേപ്പ് അജപാലന ഭവനം’ 2024 ജൂലൈ 25ന് വാങ്ങിയത്.
തുടർന്ന് നടന്ന യോഗത്തിൽ ബ്രിസ്റ്റോൾ-കാർഡിഫ് റീജിയൺ ഡയറക്ടർ ഫാ. ജിബിൻ പോൾ വാമറ്റത്തിൽ സ്വാഗതം ആശംസിച്ചു. ഫാ. പോൾ ഓലിക്കൽ (ബ്രിസ്റ്റോൾ), മാത്യു പാലരകരോട്ട് (ന്യൂപോർട്ട്), പ്രജിൽ പണ്ടാരപറമ്പിൽ (കാർഡിഫ്), ക്രിസ്റ്റോൾ എരിപറമ്പിൽ (സ്വാൻസി), ജെയ്ൻ പുളിക്കൽ (സ്വിൻഡൻ) എന്നിവരടക്കം റീജിയണിലെ വൈദികരും എല്ലാ മാസ് സെന്ററുകളിലെ പ്രതിനിധികളും പങ്കെടുത്തു.